|    Apr 25 Wed, 2018 4:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പാര്‍ലമെന്റിനകത്തേക്കുള്ള സുരക്ഷാ നടപടി ഫേസ്ബുക്കില്‍

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റിനകത്തേക്ക് സുരക്ഷാ സംവിധാനങ്ങളിലൂടെയുള്ള പ്രവേശനം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ട ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ത് മാനെതിരേ പാര്‍ലമെന്റിന്റെ ഇരു സഭകളിലും രൂക്ഷ പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് ലോക്‌സഭയും രാജ്യസഭയും ഭരണപക്ഷം സ്തംഭിപ്പിച്ചു.
ബഹളത്തിനിടെ ഭഗവന്ത് മാനെ സ്പീക്കര്‍ വിളിച്ച് വിവരങ്ങളാരാഞ്ഞിരുന്നു. അതിനിടെ താന്‍ അറിവില്ലാതെ ചെയ്ത കാര്യമാണെന്നു വ്യക്തമാക്കി സംഭവത്തില്‍ ഭഗവന്ത് മാന്‍ മാപ്പ് പറഞ്ഞു. സ്പീക്കര്‍ക്കു നല്‍കിയ കത്തിലാണ് നിരുപാധികം മാപ്പപേക്ഷിച്ചത്. സഭയില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും അന്വേഷണത്തെ നേരിടാമെന്നും വ്യക്തമാക്കി. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച എംപിക്കെതിരേ കര്‍ശന നപടിയെടുക്കുമെന്ന് ഇന്നലെ ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി. എംപിക്കെതിരേ ഡല്‍ഹി പോലിസും കേസെടുത്തിട്ടുണ്ട്.
മാപ്പുകൊണ്ടു മാത്രം കാര്യമില്ലെന്നും എല്ലാ പാര്‍ട്ടിയംഗങ്ങളും വിഷയത്തില്‍ അസ്വസ്ഥരാണെന്നും അന്വേഷണത്തിനു പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും സുമിത്ര മഹാജന്‍ പറഞ്ഞു. ആം ആദ്മി എംപി പതിവായി പാര്‍ലമെന്റില്‍ മദ്യപിച്ചാണ് വരുന്നതെന്ന പരാതിയിലും അന്വേഷണം നടത്തുമെന്നും സുമിത്ര മഹാജന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കൊടുമ്പിരി കൊണ്ടിരിക്കുന്ന പഞ്ചാബില്‍ നിന്നുള്ള ആം ആദ്മി എംപിയാണ് ഭഗവന്ത് മാന്‍. ദലിത് വിഷയങ്ങളില്‍ പ്രതിപക്ഷം തുടര്‍ച്ചയായി ആഞ്ഞടിക്കുന്നതിനിടെ ഭരണപക്ഷത്തിന് വീണു കിട്ടിയ പിടിവള്ളിയായി ഭഗവന്ത് മാന്റെ വീഡിയോ വിഷയം. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ മരുമകളും കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഭഗവന്ത് മനെതിരേ കര്‍ശന നടപടി വേണമെന്ന് ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായി ആവശ്യപ്പെട്ടു. ലോക്‌സഭ ഇന്നലെ ചേര്‍ന്ന ഉടന്‍ തന്നെ വിഷയം ഉന്നയിച്ച് ഭരണകക്ഷി പ്രതിഷേധം ആരംഭിച്ചു. ബിജെപി അംഗങ്ങളായ കിരിത് സോമയ്യയും മഹേഷ് ഗിരിയും ഭഗവന്ത് മാനെതിരേ അച്ചടക്ക ലംഘനത്തിനു നോട്ടീസ് നല്‍കിയിരുന്നു.
എംപിക്കെതിരേ നടപടിയാവശ്യപ്പെട്ടു ബിജെപി, ശിരോമണി അകാലിദള്‍ എംപിമാര്‍ സഭയില്‍ എഴുന്നേറ്റു നിന്നു. ഇതിനിടെ ആര്‍ജെഡി, ജെഡിയു, സമാജ് വാദി പാര്‍ട്ടി എംപിമാര്‍ മനെതിരേ നപടിയാവശ്യപ്പെട്ടു നടുത്തളത്തിലിറങ്ങി. ഇതോടെ സ്പീക്കര്‍ 12 മണിവരെ സഭ പിരിച്ചു വിട്ടു. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ഭരണപക്ഷം ശക്തമായ പ്രതിഷേധവുമായി നിലകൊണ്ടു. ഇതോടെ എംപിയുടെ പ്രവൃത്തി അതീവ ഗുരുതരമാണെന്നും തന്റെ പരിഗണനയിലാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
തനിക്കെതിരേ സഭ ഒന്നടങ്കം പ്രതിഷേധം ഉയര്‍ത്തുമ്പോഴും മറുപടി പറയാന്‍ ശ്രമിച്ച് ഭഗവന്ത് മാന്‍ ഇരിപ്പടത്തില്‍ നിന്നെഴുന്നേറ്റു നില്‍ക്കുകയായിരുന്നു. ഫേസ്ബുക്കിലിട്ട 12 മിനിറ്റ് ദൈ ര്‍ഘ്യമുള്ള വീഡിയോയില്‍ എംപി തന്റെ വസതിയില്‍ നിന്നു പുറപ്പെടുന്നതു മുതല്‍ പാര്‍ലമെന്റിനകത്തു കയറുന്നതു വരെയുള്ള ദൃശ്യങ്ങളാണുള്ളത്. ശൂന്യവേളയില്‍ ഉന്നയിക്കുന്നതിനുള്ള ചോദ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയയും മാന്‍ ചിത്രീകരിച്ചിരുന്നു. നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാര്യം കാണിച്ചു തരാം എന്ന കമന്ററിയോടെയാണു മാന്‍ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ഇനിയും ഇതുപോലെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുമെന്ന മാന്റെ പ്രതികരണം പ്രതിഷേധം കൂടുതല്‍ ആളിക്കത്തിച്ചു. തന്നെ വോട്ടു ചെയ്തു ജയിപ്പിച്ച പഞ്ചാബിലെ ജനങ്ങളെ പാര്‍ലമെന്റ് പ്രവര്‍ത്തന രീതികള്‍ കാണിച്ചു കൊടുക്കാനാണു വീഡിയോ ചിത്രീകരിച്ചു ഫേസ്ബുക്കിലിട്ടതെന്നായിരുന്നു മാന്റെ വിശദീകരണം.
125 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നവരുടെ സുരക്ഷ സംബന്ധിച്ചുള്ളതാണ് ഇതെന്നും നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. എഐഎഡിഎംകെയും എംപിക്കെതിരേ നപടിയാവശ്യപ്പെട്ടു. ഇതിനിടെ ആര്‍ജെഡിയും സമാജ് വാദി പാര്‍ട്ടിയും പ്ലക്കാര്‍ഡുകളുമായി വീണ്ടും നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കര്‍ സഭ ഇന്നലത്തേക്കു പിരിച്ചു വിട്ടു.
ബിജെപി രാജ്യസഭയിലും വന്‍ പ്രതിഷേധമുയര്‍ത്തി.ഉചിതമായ നടപടിയെടുക്കാമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ ഉറപ്പു നല്‍കി. അതിനിടെ, ഭഗവന്ത് മാനെതിരേ എന്തു നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഭഗവന്ത് മാന്റെ പ്രവൃത്തിയെ അപലപിച്ചു കൊണ്ടു കോണ്‍ഗ്രസും സിപിഎം അടക്കമുള്ള കക്ഷികളും ആവശ്യപ്പെട്ടു. ബിജെപിക്ക് വന്‍ ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ എംപിക്കെതിരേ നടപടിയെടുക്കാന്‍ വൈകുന്നതിനെ ഇരു പാര്‍ട്ടികളും അപലപിച്ചു.
എംപിക്കെതിരേ ദേശീയ സുരക്ഷാ നിയമം അനുസരിച്ചു കര്‍ശന നപടിയെടുക്കുകയാണു വേണ്ടതെന്നു പാര്‍ലമെന്ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും പറഞ്ഞു. അതിനിടെ ലോക്‌സഭയില്‍ മേല്‍ക്കൈ ഉണ്ടായിട്ടും സര്‍ക്കാര്‍ എന്താണു നപടിയെടുക്കാത്തതെന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരി ചോദ്യമുന്നയിച്ചു.ബഹളത്തില്‍ രണ്ടുവട്ടം പിരിഞ്ഞ സഭ ഉച്ചയ്ക്കു ശേഷം ചേര്‍ന്നപ്പോഴും ഭരണപക്ഷം ബഹളം തുടര്‍ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss