|    Feb 20 Tue, 2018 1:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പാര്‍ട്ടി നിലപാടില്‍ ആശങ്ക: ലോ അക്കാദമി വിഷയത്തില്‍ വെട്ടിലായി എസ്എഫ്‌ഐ

Published : 30th January 2017 | Posted By: fsq

 

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ചൂടുപിടിക്കുമ്പോള്‍ പ്രതിരോധത്തിലായി എസ്എഫ്‌ഐ. പാര്‍ട്ടി തീരുമാനങ്ങള്‍ക്കതീതമായി നിലപാട് കടുപ്പിക്കാന്‍ സാധ്യമാവാതെ എസ്എഫ്‌ഐ നേതൃത്വം കുഴങ്ങുന്നു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് പ്രത്യക്ഷത്തില്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സിപിഎം നിലപാട് കടുപ്പിച്ചാല്‍ എന്താവുമെന്ന ആശങ്ക എസ്എഫ്‌ഐ നേതൃത്വത്തിനുണ്ട്. സിപിഎമ്മിനോട് വളരെ അടുത്തുനില്‍ക്കുന്ന സ്ഥാപനമായതിനാല്‍ മാനേജ്‌മെന്റ് താല്‍പര്യം പരിഗണിച്ച് രാജിയാവശ്യം മയപ്പെടുത്തിക്കൊണ്ടുള്ള തീരുമാനമാവും പാര്‍ട്ടിനേതൃത്വം എടുക്കുകയെന്നാണ് അറിയുന്നത്. പ്രത്യേകിച്ച് രാജിവയ്ക്കില്ലെന്ന് ലക്ഷ്മി നായരും മാനേജ്‌മെന്റും വാശിപിടിക്കുമ്പോള്‍. വിദ്യാര്‍ഥിസമരം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്‍മാറണമെന്ന് സിപിഎം ജില്ലാനേതൃത്വം എസ്എഫ്‌ഐയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇത് വാര്‍ത്തയായതോടെ രാജിയാവശ്യത്തില്‍ ഉറച്ചുനിന്ന് സമരം ശക്തമാക്കാന്‍ എസ്എഫ്‌ഐ നിര്‍ബന്ധിതമായി.  ഇന്നലെ നടന്ന സമവായ ചര്‍ച്ച പരാജയപ്പെട്ടത് എസ്എഫ്‌ഐയുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ശക്തമായി ആവശ്യപ്പെട്ടാല്‍ മാനേജ്‌മെന്റ് നിലപാട് മയപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, രാജിയില്‍ കുറഞ്ഞുള്ള സമവായം മാത്രമേ സാധ്യമാവൂ എന്ന് അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരും മകന്‍ നാഗരാജും ചര്‍ച്ചയ്ക്കുശേഷം വ്യക്തമാക്കി. മാനേജ്‌മെന്റിനെതിരേ കടുത്ത തീരുമാനമെടുക്കാന്‍ പാര്‍ട്ടിനേതൃത്വവും മുതിരില്ല. ഈ സാഹചര്യത്തില്‍ എസ്എഫ്‌ഐയും നിലപാട് മാറ്റേണ്ടിവരും. ഇക്കാര്യത്തില്‍ ലോ അക്കാദമിയിലെ എസ്എഫ്‌ഐ യൂനിറ്റിന് എതിരഭിപ്രായമുണ്ട്. എഐഎസ്എഫ് ഉള്‍പ്പെടെയുള്ളവര്‍ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് എസ്എഫ്‌ഐ പൊടുന്നനെ സമരത്തിലേക്കു കടന്നത്. കോളജ് പ്രവര്‍ത്തിക്കാതിരുന്ന ഞായറാഴ്ചയാണ് അക്രമം അഴിച്ചുവിട്ട് മാര്‍ച്ച് നടത്തി എസ്എഫ്‌ഐ രംഗത്തെത്തിയത്. നിലവില്‍ എസ്എഫ്‌ഐ ഒരുഭാഗത്തും കെഎസ്‌യു, എഐഎസ്എഫ്, എംഎസ്എഫ് തുടങ്ങിയ മറ്റു സംഘടനകള്‍ ഒരുമിച്ച് മറുഭാഗത്തുമായാണ് സമരം ചെയ്യുന്നത്. സമരം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ശ്രമിക്കുന്നുവെന്ന് എഐഎസ്എഫ് തന്നെ ആരോപിച്ചിരുന്നു. ലോ അക്കാദമി വിഷയത്തില്‍ നേരത്തേ തന്നെ സിപിഐയും സിപിഎമ്മും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറനീക്കിയിരുന്നു. വിദ്യാര്‍ഥി-യുവജന സംഘടനകളിലും അതു നിലനില്‍ക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss