|    Apr 22 Sun, 2018 2:26 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

പാര്‍ട്ടി കൊന്നുകളഞ്ഞ കമ്മ്യൂണിസം

Published : 3rd February 2016 | Posted By: SMR

ആദി

തിരഞ്ഞെടുപ്പ് രാഷ്ട്രീയവും തിരഞ്ഞെടുപ്പിതര രാഷ്ട്രീയവും തമ്മിലെ വ്യത്യാസംപോലും തിരിച്ചറിയാന്‍ കഴിയാത്തൊരു കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. വിപ്ലവപ്രസ്ഥാനങ്ങളുടെ ഉദ്ഭവം മുതല്‍ക്കിങ്ങോട്ട് നടന്ന ജനകീയ പ്രതിഷേധങ്ങളും ചെറുത്തുനില്‍പ്പുകളും അടിസ്ഥാനപരമായി പരാജയങ്ങളായിരുന്നുവെന്ന് മനസ്സിലാവുന്ന ഇത്തരമൊരു ഘട്ടങ്ങളിലൊന്നില്‍ നാം എവിടെയാണു ചേരേണ്ടത്? ആഗോളവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ സമ്പദ്‌വ്യവസ്ഥയുടെ കാലത്ത്, നമ്മുടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കര്‍മപദ്ധതികളും നയരേഖകളും എന്തായിരിക്കുമെന്ന പര്യാലോചന ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചേക്കുക ഒരുപക്ഷേ, കമ്മ്യൂണിസ്റ്റ് സ്‌നേഹികളെ തന്നെയായിരിക്കും. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍, മൂല്യങ്ങള്‍, തത്ത്വങ്ങള്‍ എന്നിവ ഹനിക്കപ്പെടുന്ന ഘട്ടങ്ങളില്‍ ഞങ്ങള്‍ ജനങ്ങളെ ശാക്തീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് ഒരു വന്‍ വിപ്ലവ ജനകീയപ്രസ്ഥാനത്തിന് ഇനിയും മാറിനില്‍ക്കാനാവില്ല.
ഒരുകാലത്ത് സാമൂഹിക-രാഷ്ട്രീയ വ്യവഹാരങ്ങളില്‍ സാധാരണ ജനങ്ങളുടെ ജീവനാഡിയായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. പക്ഷേ, ഇന്ന് സാധാരണ ജീവിതാവസ്ഥകളെയോ അതിന്റെ വിശദാംശങ്ങളെയോ അഭിസംബോധന ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. സാമ്പ്രദായിക ഭൂവുടമകളുടെ പതനത്തിന്റെയും പിന്നീട് അധികാരത്തിലെത്തിയ പാര്‍ട്ടിയുടെ ഉയര്‍ച്ചയുടെയും ബൃഹദ് ആഖ്യാന ഘോഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ജനങ്ങളെ മറന്നു. പാര്‍ട്ടിയെ പാര്‍ട്ടിയാക്കിയവരുടെ ചങ്കിലെ നോവ് മറന്നു. ഇവിടെ നഗ്നത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കല്ല. കമ്മ്യൂണിസ്റ്റ് നൊസ്റ്റാള്‍ജിയ പേറുന്ന നമുക്കുതന്നെയാണ്. ഈ ഐറണി സമകാല ചരിത്രത്തെ ഒട്ടൊക്കെ ഭീതിജനകമാക്കുന്നുണ്ട്. ആശയമനോഭാവം മാറുന്നതിന്റെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പുതിയ മാനങ്ങള്‍ തേടുന്നതിന്റെയുമൊക്കെ സാഹചര്യത്തില്‍ പ്രത്യേകിച്ചും. വ്യത്യസ്ത രൂപങ്ങളില്‍ ഫാഷിസം കടന്നാക്രമിക്കുമ്പോഴെല്ലാം ഇതുവരെ സാധാരണ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലായിരുന്നു. പക്ഷേ, ജനാധിപത്യത്തിന്റെ വലിയ സ്വാതന്ത്ര്യങ്ങളെ ഭയപ്പെടുന്ന എസ്റ്റാബ്ലിഷ്‌മെന്റ് ആയി ഇന്ന് അവ മാറി. കോര്‍പറേറ്റുകളുടെ ഫലഭൂയിഷ്ടമായ മണ്ണാണ് ഇന്ന് പാര്‍ട്ടി.
കേരളത്തിലിന്ന് ശക്തമായ മുതലാളിത്തവല്‍ക്കരണമാണു നടന്നുകൊണ്ടിരിക്കുന്നത്. വര്‍ഗസമരം ആശയരംഗത്തു മാത്രമേയുള്ളൂ. ഭൂപ്രശ്‌നം ഇന്നും സജീവമാണ്. ഭൂപരിഷ്‌കരണം നടപ്പായെങ്കിലും എല്ലാവര്‍ക്കും ഭൂമിയും വീടും ലഭ്യമായിട്ടില്ല. മൂന്നു ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് ഒരുതുണ്ടു ഭൂമിപോലുമില്ല. വാചകമടികൊണ്ട് നേരം കളഞ്ഞും വസ്തുതകള്‍ വെറുതെ നിരത്തി കളംനിറച്ചുമാണ് പാവങ്ങളുടെ പാര്‍ട്ടി ഇന്ന് പാര്‍ലമെന്ററി മോഹവുമായി നിലനിന്നു പോവുന്നത്. മനുഷ്യന്‍ എന്ന നിലയില്‍ ആന്തരിക സമാധാനത്തിനുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന പ്രത്യയശാസ്ത്രം എന്ന ഏംഗല്‍സിന്റെ സ്വപ്‌നവുമായി പാര്‍ട്ടിക്ക് പുലബന്ധംപോലുമില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന് ഈ അപചയം സംഭവിച്ചിട്ട് വര്‍ഷങ്ങളായി. 80കളില്‍ പാര്‍ട്ടിയിലെ കേന്ദ്രീകൃത ജനാധിപത്യം സ്വേച്ഛാധിപത്യമായി വഴിമാറിയതോടെയാണ് അതിന്റെ തുടക്കം. ഇതിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കരടുരേഖ സഖാവ് ഇഎംഎസ് അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ അരങ്ങേറ്റമായിരുന്നു അത്. പാര്‍ട്ടിയില്‍ സ്വേച്ഛാധിപത്യം കൊടികുത്തിവാഴാന്‍ തുടങ്ങിയപ്പോഴാണ് ആ ജീര്‍ണത തകര്‍ക്കാന്‍ ബൂര്‍ഷ്വാ ജനാധിപത്യത്തെ പരീക്ഷിച്ചുനോക്കിയത്. പരീക്ഷണം പരാജയപ്പെട്ടെന്നു മാത്രമല്ല, പാര്‍ട്ടിയുടെ ജൈവസ്വഭാവം തിരിച്ചുപിടിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനം പാര്‍ട്ടിയെ തന്നെ വിഴുങ്ങി. ഇന്ന് ബൂര്‍ഷ്വാസിയുടെ കൈയിലെ ആയുധം പാര്‍ട്ടി കാഡര്‍ സംവിധാനങ്ങളിലുള്ള ഈ തകര്‍ച്ചയാണ്. പ്രായോഗിക രാഷ്ട്രീയത്തിന്റെ ചാണക്യ തന്ത്രങ്ങളില്‍ ശൈഥില്യം സംഭവിച്ചത് അത്യുദാത്തമായൊരു സിദ്ധാന്തത്തിനും ആ മൂല്യങ്ങളില്‍ അടിപതറാതെ നിന്ന ഒരു ജനതയുടെ പ്രതീക്ഷകള്‍ക്കുമാണ്.
ദ പോസ്റ്റ്‌മോഡേണ്‍ കണ്ടീഷന്‍: എ റിപോര്‍ട്ട് ഓണ്‍ നോളജ് എന്ന കൃതിയില്‍ ജീന്‍ ഫ്രാങ്കോ ലോത്യാര്‍ പറയുന്നതുപോലെ, ”മനുഷ്യവിമോചനത്തിനായുള്ള ബൃഹദ് സമരങ്ങളുടെ കാലം കഴിഞ്ഞു. ചുവപ്പുനിറം കണ്ടു മാത്രം ഇടതുപക്ഷമെന്ന് വിലയിരുത്താമെന്ന വ്യാമോഹം ഇനി വേണ്ട. ആ കനലുകള്‍ ചില ഹൃദയങ്ങളില്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇനിയങ്ങോട്ടുള്ള രാഷ്ട്രീയസമരങ്ങള്‍ നിശ്ചിതവും പ്രത്യേകവുമായ പ്രശ്‌നങ്ങളുന്നയിച്ച് ചെറു സംഘങ്ങള്‍ നടത്തുന്ന വെവ്വേറെ സമരങ്ങള്‍ മാത്രമായിരിക്കും.”
കേരളത്തില്‍ കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ സമരങ്ങള്‍ പ്ലാച്ചിമട, മുത്തങ്ങ, ചെങ്ങറ, മൂലമ്പിള്ളി, കാതിക്കുടം തുടങ്ങിയവയും മൂന്നാറിലെ സ്ത്രീസമരംപോലും ലോത്യാര്‍ ചൂണ്ടിക്കാണിച്ച ലഘു ആഖ്യാനങ്ങളല്ലാതെ മറ്റൊന്നുമല്ല.
”എന്റെ അഭിപ്രായങ്ങളെ എതിര്‍ക്കാനുള്ള നിന്റെ സ്വാതന്ത്ര്യത്തെ ഞാന്‍ എന്റെ ജീവന്‍ നല്‍കി സംരക്ഷിക്കു”മെന്ന വോള്‍ട്ടയറിന്റെ വാക്കുകള്‍ തിരസ്‌കരിക്കപ്പെടുന്ന ഒരു ദുരന്തകാലത്തില്‍ നാം എത്തിനില്‍ക്കുമ്പോള്‍, രാഷ്ട്രീയം തെമ്മാടികളുടെ അവസാനത്തെ അഭയകേന്ദ്രമാണെന്ന റസ്സലിന്റെ വാക്കുകള്‍ ഒരിക്കല്‍ക്കൂടി അന്വര്‍ഥമാവുകയാണ്. കാരണം, ജനാധിപത്യവും സോഷ്യലിസവും കൂടുതല്‍ സ്വീകാര്യമാവുന്നത് അതില്‍ പ്രതിരോധത്തിന്റെ സാധ്യത കൂടുതല്‍ ഉള്ളതിനാലാണല്ലോ. $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss