|    Oct 16 Tue, 2018 2:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം : തൃണമൂല്‍നേതാവ് മുകുള്‍ റോയിയെ പുറത്താക്കി

Published : 26th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ് പാര്‍ട്ടിവിട്ടു. വളരെ വേദനയോടെയും ദുഃഖത്തോടെയുമാണ് പാര്‍ട്ടിവിടുന്നതെന്നും പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ശാരദ ചിട്ടി ഫണ്ട് അഴിമതിയടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മുകുള്‍ റോയ്. അതേസമയം, പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു മുകുള്‍ റോയിയെ ആറു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി ടിഎംസി സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി. മുകുള്‍ റോയിക്കെതിരേ നടപടിയെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയോട് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നു രാജിവച്ചതായി മുകുള്‍ റോയ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചാറ്റര്‍ജിയുടെ വിശദീകരണം പുറത്തുവന്നത്. പാര്‍ട്ടിയുടെ വര്‍ക്കിങ് കമ്മിറ്റി സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കുകയാണെന്നും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നേതൃത്വത്തിനു കത്ത് നല്‍കിയിട്ടുണ്ടെന്നുമാണ് രാജ്യസഭാ എംപിയായ മുകുള്‍ റോയ് വ്യക്തമാക്കിയിരുന്നത്. മുകുള്‍ റോയിക്കെതിരായ നിരവധി അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണിക്ക് അധ്യക്ഷ മമതാ ബാനര്‍ജി തുടക്കം കുറിച്ചതിനു പിന്നാലെയാണ് രാജിപ്രഖ്യാപനമുണ്ടായത്. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടു സിബിഐ ചോദ്യം ചെയ്ത മുകുള്‍ റോയിയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നു മാറ്റിക്കൊണ്ടുള്ള അഴിച്ചുപണിയാണ് മമത നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ ഭാഗമായി ത്രിപുരയുടെ പാര്‍ട്ടി ചുമതലയില്‍ നിന്നു മുകുള്‍ റോയിയെ മാറ്റിയിരുന്നു.  അതേസമയം, മുകുള്‍ റോയ് ബിജെപിയില്‍ ചേരാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി റിപോര്‍ട്ടുണ്ട്. സിബിഐ അന്വേഷിക്കുന്ന വിവിധ അഴിമതിക്കേസുകളില്‍ നിന്നു രക്ഷപ്പെടാനായി ബിജെപിയില്‍ ചേരാനുള്ള നീക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയതായി റിപോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുകുള്‍ റോയ് ഡല്‍ഹിയിലെത്തി മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കി. അദ്ദേഹം ബിജെപിയില്‍ ചേരാന്‍ തയ്യാറാണെങ്കില്‍ ഞങ്ങള്‍ അക്കാര്യം പരിഗണിക്കുമെന്നു ഘോഷ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അഞ്ചു ദിവസത്തിനു ശേഷം എല്ലാ കാര്യങ്ങളും വ്യക്തമാക്കുമെന്നാണ് ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിനു മുകുള്‍ റോയ് പ്രതികരിച്ചത്. ഇപ്പോള്‍ ഒന്നും പറയുന്നില്ല, പൂജ ആഘോഷങ്ങള്‍ക്കു ശേഷം എല്ലാം തുറന്നുപറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. റോയ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം തങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടി അങ്ങനെ ആരെയെങ്കിലും കാണാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. ബിജെപി നേതാക്കളുമായി ബന്ധം പുലര്‍ത്തുന്നവര്‍ക്കും അവരുമായി ഉല്ലസിക്കുന്നവര്‍ക്കും തൃണമൂലുമായി സ്‌നേഹബന്ധത്തില്‍ കഴിയാന്‍ സാധിക്കില്ലെന്നും ചാറ്റര്‍ജി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss