പാര്‍ട്ടിയില്‍ എനിക്ക് ശത്രുക്കളില്ല: കാനം രാജേന്ദ്രന്
Published : 5th March 2018 | Posted By: kasim kzm
കെ പി ഒ റഹ്മത്തുല്ല
മലപ്പുറം: പാര്‍ട്ടിയിലും പൊതു സമൂഹത്തിലും വ്യക്തിപരമായും തനിക്ക് ശത്രുക്കളില്ലെന്ന് കാനം രാജേന്ദ്രന്. സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം തേജസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാടുകളും ഇടതുപക്ഷ കാഴ്ചപ്പാടുകളും പരസ്യമായി പറയുന്നതു കൊണ്ട് എന്നോട് അനിഷ്ടം തോന്നുന്നവരുണ്ടാവാം.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവരുമുണ്ടാവാം, അവരെയൊന്നും ഞാന്‍ ശത്രുക്കളായി കാണുന്നില്ല. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായതിനാല്‍ സിപിഐയില്‍ ശത്രുക്കളുണ്ടെന്ന നിലയില്‍ നിലപാടുകളെടുക്കാന്‍ കഴിയില്ല. രണ്ടാം തവണയും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഞാന്‍ വാഴ്ത്തപ്പെട്ടവനൊന്നുമല്ല. എനിക്കെതിരേ മാത്രമല്ല ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്കെതിരേയും പരാതി നല്കാന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവസരമുണ്ട്.
മൂന്നു കൊല്ലം ഫലപ്രദമായി പ്രവര്‍ത്തിച്ചതിന്റെ അംഗികാരമാണ് പാര്‍ട്ടി പ്രതിനിധികള്‍ ഐക്യകണ്ഠ്യേന എന്നെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറി ഞാനായതുകൊണ്ട് പാര്‍ട്ടിയില്‍ എതിരഭിപ്രായമോ ഭിന്ന കാഴ്ചപ്പാടുകളോ ഉണ്ടാവാന്‍ പാടില്ലെന്ന് ശഠിക്കുന്നതും ശരിയല്ല. ഞാന്‍ പരസ്യമായി പറയുന്ന അഭിപ്രായങ്ങള്‍ വ്യക്തിപരമല്ല. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന കാര്യങ്ങളാണ് ഞാന്‍ സെക്രട്ടറിയായതിനാല്‍ പറയുന്നു എന്നു മാത്രം-അദ്ദേഹം പറഞ്ഞു.
സിപിഎമ്മും സിപിഐയും രണ്ടു വ്യത്യസ്ത പാര്‍ട്ടികളാണ്. ഒരു പാര്‍ട്ടിയില്‍ തന്നെ പല അഭിപ്രായങ്ങളുണ്ടാവുമ്പോള് രണ്ടു പാര്‍ട്ടികള്‍ക്ക് രണ്ടഭിപ്രായങ്ങള്‍ പാടില്ലെന്നു പറയുന്നതു ശരിയല്ല. സിപിഎം, സിപിഐ ഐക്യം ആശയപരമാണ്.
ഏറ്റവും അടുത്തു നില്ക്കുന്ന ഇടതുപക്ഷ കക്ഷികളുമാണ്. ആരുവിചാരിച്ചാലും ഇരു പാര്‍ട്ടികളെയും ഭിന്നിപ്പിക്കാനാവില്ല. സിപിഐ മന്ത്രിമാരെ മാറ്റുന്നതിനെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചയില്ല.
ഭരണം മെച്ചപ്പെടുത്താനുള്ള നടപടികളാണ് വേണ്ടത്. പുനസ്സംഘടന പരിഹാരമല്ല. ഇടതുപക്ഷ മുന്നണി ബഹുജന അടിത്തറ വിപുലമാക്കാനാണ് ശ്രമിക്കേണ്ടത്. മാണി ആരോടൊപ്പം പോവുമെന്ന് ആര്‍ക്കാണ് ഉറപ്പിച്ചു പറയാനാവുക. എല്‍ഡിഎഫിന് ദൗര്ബല്യമൊന്നുമില്ല അതിനാല്‍ തന്നെ മുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലും ഇല്ല കാനം പറഞ്ഞു.
സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ഉത്തരവാദിത്വങ്ങള്‍ വര്‍ധിപ്പിക്കുന്നതായി ബോധ്യമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. സംഘപരിവാര രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കാന്‍ വിശാല മതേതര വേദി വേണമെന്ന സിപിഐ നിലപാടിന്റെ സാധൂകരണമാണ് ത്രിപുരയിലെ അനുഭവം ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്നത്. ചെറുത്തു നില്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്താനാണു പ്രഥമ പരിഗണന. ഫാഷിസത്തെ ചെറുത്തു തോല്പിക്കാന് എല്ലാവരെയും യോജിപ്പിക്കാന്‍ സാധിക്കണം- കാനം പറഞ്ഞു.
കണ്ട്രോള് കമ്മീഷന് റിപോര്‍ട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തീര്‍ത്തും അവാസ്ഥവമാണെന്നും കാനം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മല്‍സരിപ്പിക്കും. വിജയ പ്രതീക്ഷയുമുണ്ട്-അദ്ദേഹം പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.