|    Oct 15 Mon, 2018 6:37 pm
FLASH NEWS

പാര്‍ട്ടിഗ്രാമത്തിലെ ജനകീയ സമരം തള്ളി സിപിഎം

Published : 25th September 2017 | Posted By: fsq

 

തളിപ്പറമ്പ്: സിപിഎം പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരില്‍ വിശാലമായ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നാട്ടുകാരുടെ പ്രക്ഷോഭം ശക്തിയാര്‍ജിക്കവെ സമരത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. കീഴാറ്റൂര്‍ സമരം സിപിഎംവിരുദ്ധ സമരമായി മാറിയെന്നും പാര്‍ട്ടിവിരുദ്ധ കേന്ദ്രമായി കിഴാറ്റൂരിനെ മാറ്റാനുള്ള ശ്രമം നടക്കില്ലെന്നും ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. കീഴാറ്റൂരില്‍ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ഉള്‍പ്പെടെ നാട്ടുകാര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ കൂട്ടായ്മ രൂപീകരച്ച് നിരാഹാരം ആരംഭിക്കുകയും സമരം ജനകീയ പിന്തുണ നേടുകയും ചെയ്തതോടെയാണ് നിലപാട് വ്യക്തമാക്കാന്‍ ഏരിയാ കമ്മിറ്റി നിര്‍ബന്ധിതരായതും വിശദീകരണ യോഗം വിളിച്ചതും. വികസനത്തിന്റെ ശത്രുക്കളാണ് സമരത്തെ പിന്തുണയ്ക്കുന്നതെന്നും സിപിഎമ്മിനെ തകര്‍ക്കാന്‍ ഈ അവസരം എങ്ങനെ ഉപയോഗിക്കാമെന്നാണ് ഇവരുടെ ആലോചനയെന്നും പി ജയരാജന്‍ പറഞ്ഞു. ദേശീയപാതയ്ക്ക് വീതികൂട്ടാന്‍ കഴിയാത്തിടത്ത് ബൈപാസ് വരും. അത് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഉള്ളതാണ്. സമരവുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ ഘടകത്തിന്റെ നിലപാട് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയും വികസനത്തിന് പിന്തുണ നല്‍കുകയുമാണു വേണ്ടത്. അല്ലാത്തവര്‍ക്ക് സമരവുമായി മുന്നോട്ടുപോവാം. റെയില്‍ ആയാലും റോഡ് ആയാലും ചില സ്ഥലത്ത് വയലും ഏറ്റെടുക്കേണ്ടിവരും. നാടിന്റെ പൊതുവായ ആവശ്യത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ടി വരും. ജനങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടായാല്‍ പാര്‍ട്ടി ഇടപെടും. ആവശ്യമായ നഷ്ടപരിഹാരം പാര്‍ട്ടി തന്നെ നേടിക്കൊടുക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പാര്‍ട്ടി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 29ന് പൊതുമരാമത്ത് മന്ത്രി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുന്നുണ്ട്. സമരക്കാരെയും ഈ ചര്‍ച്ചയിലേക്ക് വിളിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നിരാഹാരം അവസാനിപ്പിക്കണം. സമരം നടത്തുന്നവരെ സന്ദര്‍ശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സമരത്തിനു പിന്തുണയുമായെത്തിയ ആര്‍എസ്എസിനെയും ബിജെപിയെയും ജമാഅത്തെ ഇസ്‌ലാമിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പി ജയരാജന്‍, ഈ നാടിന്റെ ഏതു പ്രശ്‌നത്തിലാണ് ഇവര്‍ ഇടപെട്ടിട്ടുള്ളതെന്നും ചോദിച്ചു. സമരത്തെ തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവച്ചതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. അത് തെറ്റാണ്, സമ്മേളനങ്ങള്‍ സമയബന്ധിതമായി തന്നെ നടക്കും. ജനങ്ങളെ മറന്ന് ഒരു നിലപാടും സ്വീകരിക്കാന്‍ പാര്‍ട്ടിക്കാവില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. സിപിഎമ്മിനെ നന്തിഗ്രാം ഓര്‍മിപ്പിക്കുന്നവര്‍ ഒരുകാലത്ത് പാര്‍ട്ടിയുടെ ആവേശമായിരുന്ന എം വി രാഘവന്റെയും ഗൗരിയമ്മയുടെയും അനുഭവം സമരക്കാരെ ഓര്‍മിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച സ്ഥലം എംഎല്‍എ ജെയിസ് മാത്യു പറഞ്ഞു. ഏരിയാ സെക്രട്ടറി പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss