|    Oct 17 Tue, 2017 3:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പാര്‍ട്ടിക്കാര്‍ക്കെതിരേ നടപടിയെടുത്താല്‍ തൊപ്പിതെറിക്കുന്നത് ലജ്ജാകരം

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: പോലിസിനെ തല്ലിയൊതുക്കി നിര്‍വീര്യമാക്കി പാര്‍ട്ടി സെല്ലുകളിലൂടെ ക്രമസമാധാനപാലനം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് സമ്മതിച്ചുതരാന്‍ കേരളത്തിലെ ജനങ്ങള്‍ ഒരുക്കമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഇന്നലെ ചവറയില്‍ രണ്ടു പോലിസ് ഉദ്യോഗസ്ഥരെ റോഡിലിട്ട് പട്ടിയെപ്പോലെ തല്ലിച്ചതച്ചതും സിപിഎമ്മുകാരനായ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന കാരണത്താല്‍ മംഗലപുരം എസ്‌ഐയെ സ്ഥലം മാറ്റിയതും പാര്‍ട്ടിസെല്‍ ഭരണം തിരിച്ചുകൊണ്ടുവരുന്നതിന്റെ സൂചനയാണ്. സിപിഎം അധികാരത്തി ല്‍ വന്നപ്പോഴൊക്കെ പാര്‍ട്ടി അണികള്‍ പോലിസിന്റെ മേല്‍ കുതിരകയറുകയും അവരെ നിര്‍വീര്യമാക്കാന്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്യാറുണ്ട്. തങ്ങളുടെ ഭരണത്തില്‍ പോലിസ് സംവിധാനത്തിലൂടെയല്ല പാര്‍ട്ടിസംവിധാനത്തിലൂടെയാണ് ക്രമസമാധാനപാലനം നടക്കേണ്ടതെന്നും അക്രമികള്‍ പാര്‍ട്ടിപ്രവര്‍ത്തകരാണെങ്കില്‍ നടപടിയെടുത്താല്‍ തൊപ്പിതെറിക്കുമെന്നുമുള്ള സന്ദേശമാണ് ഇത്തരം ആക്രമണങ്ങള്‍ നല്‍കുന്നത്. നീതിയുക്തമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ ശരിപ്പെടുത്തിക്കളയുമെന്ന താക്കീത് കൂടിയാണ് പോലിസിനു നേരെ നടന്ന സിപിഎം അക്രമം സൂചിപ്പിക്കുന്നത്. സിപിഎം നേതാക്കള്‍ പറയുന്നതാണ് നീതിയും നിയമവുമെന്നും അത് അനുസരിക്കേണ്ട ബാധ്യത മാത്രമേ പോലിസിനുള്ളു എന്നുമാണ് ഇത്തരം അക്രമങ്ങള്‍ സൂചിപ്പിക്കുന്നത്. പോലിസിനെ നിരന്തരം വിമര്‍ശിക്കുന്ന മുഖ്യമന്ത്രി സ്വന്തം അണികള്‍ക്ക് നല്‍കുന്ന സന്ദേശവും അതാണ്. ഇത് അതീവ ഗൗരവത്തോടെ കാണണം.
പോലിസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥസംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായാല്‍ മാത്രമേ ജനാധിപത്യസംവിധാനം നിലനില്‍ക്കൂ. ജനാധിപത്യത്തിനു പകരം പാര്‍ട്ടി ആധിപത്യം കൊണ്ടുവരാനുള്ള ശ്രമമാണെങ്കില്‍ അത് കേരളത്തില്‍ നടക്കുമെന്നു കരുതേണ്ടെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക