|    Jul 26 Wed, 2017 10:29 am
FLASH NEWS

പാര്‍ട്ടിക്കാരുടെ വീട്ടില്‍ വാര്‍ഡ് മെംബര്‍മാര്‍ അറിയാതെ പെന്‍ഷന്‍ വിതരണം

Published : 26th August 2016 | Posted By: SMR

ബാലരാമപുരം: ഗ്രാമപ്പഞ്ചായത്ത് വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകള്‍ അതതു വാര്‍ഡ് മെംബര്‍മാര്‍ അറിയാതെ ഭരണകക്ഷികള്‍ നേരിട്ടും പാര്‍ട്ടി നേതാക്കളുടെ വീടുകളിലും വിതരണം ചെയ്തതു പ്രതിസന്ധി സൃഷ്ടിച്ചു.
സര്‍ക്കാരിന്റെ പുതിയ തീരുമാന പ്രകാരം മുടങ്ങിക്കിടക്കുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍ സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് സഹകരണ ബാങ്ക് ഹാളില്‍ മുഴുവന്‍ മെംബര്‍മാരെയും ഉള്‍പ്പെടുത്തി യോഗം വിളിച്ചിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, കണ്‍വീനര്‍, ബാങ്ക് സെക്രട്ടറി, ചെയര്‍മാന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പടെ കമ്മിറ്റിയാണ് നിലവില്‍വന്നത്. ബാലരാമപുരം സഹകരണ ബാങ്കും അന്തിയൂര്‍ സഹകരണ ബാങ്കിനുമാണ് ചുമതല. ബാങ്കിലെ കലക്ഷന്‍ ഏജന്റുമാര്‍ വഴി വിതരണം ചെയ്യാനായിരുന്നു തീരുമാനം. അതതു വാര്‍ഡ് മെംബര്‍മാരുടെ സേവനം തേടാനും അറിയിച്ചിരുന്നു.
എന്നാല്‍ ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ പല വാര്‍ഡുകളിലും വാര്‍ഡ് മെംബര്‍മാര്‍ അറിയാതെയും വാര്‍ഡിലെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരുമായി ബാങ്ക് ജീവനക്കാരന്‍ വീടുകളില്‍ എത്തിയതും പാര്‍ട്ടി നേതാക്കളുടെ വീട്ടില്‍ വിളിച്ചുവരുത്തി വിതരണം ചെയ്തതോടെയുമാണു പ്രതിഷേധം ശക്തമായത്. 8, 14, 15 വാര്‍ഡുകളിലാണ് കഴിഞ്ഞദിവസം പെന്‍ഷന്‍ വിതരണം നടന്നത്. 15ാം വാര്‍ഡ് അംഗം ബാങ്കിലെത്തി ഏറെനേരം ബഹളം വച്ചതിനെ തുടര്‍ന്ന് അറിയിക്കാമെന്നു പറഞ്ഞ് അധികൃതര്‍ തലയൂരുകയായിരുന്നു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ടു വരുംദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വിന്‍സന്റ് ഡി പോള്‍, ഗ്രാമപ്പഞ്ചായത്തംഗം എ എം സുധീര്‍, ഗ്രാമപ്പഞ്ചായത്തംഗം രാജേഷ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക