|    Nov 19 Mon, 2018 8:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പാര്‍ട്ടികള്‍ക്കുള്ള കോര്‍പറേറ്റ് ഫണ്ട് 86 ശതമാനം ലഭിച്ചത് ബിജെപിക്ക്‌

Published : 8th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പാര്‍ട്ടികള്‍ക്കു പണം കണ്ടെത്തുന്നതിനു രൂപീകരിച്ച പ്രൂഡെന്റ് ഇലക്ടറല്‍ ട്രസ്റ്റ് വഴി ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് ബിജെപിക്ക്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലഭിച്ച 169 കോടി രൂപയില്‍ 144 കോടി രൂപയും എത്തിയത് ബിജെപി അക്കൗണ്ടിലേക്കാണ്.
കോണ്‍ഗ്രസ്സിനു 10 കോടിയും ഒഡീഷയിലെ ബിജു ജനതാദളിനു (ബിജെഡി) 5 കോടി രൂപയും ലഭിച്ചു. ട്രസ്റ്റ് പുറത്തിറക്കിയ ഈ വര്‍ഷത്തെ സംഭാവന റിപോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
നേരത്തേ സത്യ ഇലക്ടറല്‍ ട്രസ്റ്റ് എന്നറിയപ്പെട്ട പ്രൂഡെന്റ് ട്രസ്റ്റിന്റെ ആസ്ഥാനം ഡല്‍ഹിയാണ്. രാജ്യത്തെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫാണ് ഇക്കുറി ഏറ്റവും കൂടുതല്‍ പണം സംഭാവന നല്‍കിയത്. 52 കോടി രൂപ. ഭാരതി ഗ്രൂപ്പ് 33 കോടിയും ഷ്രോഫ്‌സ് ഗ്രൂപ്പ് 22 കോടിയും ഗുജറാത്തിലെ ടോറന്റ്് ഗ്രൂപ്പ് 20 കോടിയും നല്‍കി. ഡിസിഎം ശ്രീറാം 13, കാഡില ഗ്രൂപ്പ് 10, ഹാല്‍ഡിയ എനര്‍ജി 8 കോടിയും നല്‍കിയിട്ടുണ്ട്. ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള എബി ഇലക്ടറല്‍ ട്രസ്റ്റ് വഴിയും നേട്ടം കൊയ്തത് ബിജെപിയാണ്.
2017-18 വര്‍ഷം ആകെ ലഭിച്ച 21 കോടിയില്‍ 12.5 കോടി രൂപയും ബിജെപിക്കു ലഭിച്ചു. ഒരു കോടി കോണ്‍ഗ്രസ്സിനും 8 കോടി ബിജെഡിക്കും ലഭിച്ചു. കമ്പനി നിയമത്തിലെ 25ാം വകുപ്പനുസരിച്ചു രൂപംകൊണ്ട ലാഭരഹിത കമ്പനികളാണ് ഇലക്ടറല്‍ ട്രസ്റ്റുകള്‍. ഇന്ത്യയിലാകെ ഇത്തരത്തില്‍ 22 ട്രസ്റ്റുകളുണ്ട്. വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും പണം സ്വീകരിച്ച് നികുതിയില്ലാതെ പാര്‍ട്ടികള്‍ക്കു കൈമാറുന്നതാണു രീതി.
ജനപ്രാതിനിധ്യ നിയമത്തിലെ 29 എ വകുപ്പു പ്രകാരം തിരഞ്ഞെടുപ്പു കമ്മീഷനില്‍ റജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികള്‍ക്കു മാത്രമാണു പണം സ്വീകരിക്കാന്‍ കഴിയുക. ട്രസ്റ്റിനു സംഭാവന നല്‍കിയതിന്റെ പേരില്‍ പാര്‍ട്ടികളില്‍ നിന്നു പ്രത്യുപകാരം നേടുന്നതിനു വിലക്കുമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss