|    Aug 19 Sat, 2017 10:55 am
Home   >  Todays Paper  >  page 9  >  

പാരിസ് ഉടമ്പടി പിന്‍മാറ്റം : യുഎസിന്റെ ഔദ്യോഗിക വിജ്ഞാപനം ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ചു

Published : 6th August 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നു പിന്‍മാറുന്നതിന് ഐക്യരാഷ്ട്രസഭയ്ക്ക് യുഎസ് ഔദ്യോഗിക വിജ്ഞാപനം കൈമാറി. കരാറില്‍ നിന്നുള്ള ഔദ്യോഗിക പിന്‍മാറ്റം ഉടന്‍ തന്നെയുണ്ടാവുമെന്നും യുഎസ് വിദേശകാര്യവകുപ്പ് അറിയിച്ചു. പുതിയ സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ തടയുമെന്നും ഫോസില്‍ ഇന്ധനങ്ങള്‍ അപകടകരമല്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നതിന് മറ്റു രാജ്യങ്ങള്‍ക്കു സഹായം നല്‍കുമെന്നും യുഎസ് വിദേശകാര്യവകുപ്പ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.  ഈ വര്‍ഷം ജൂണിലായിരുന്നു കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാറെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. യുഎസിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ് കാലാവസ്ഥാ കരാറെന്നും ട്രംപ് ആരോപിച്ചിരുന്നു. പാരിസ് ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം 2020വരെ യുഎസ് തുടരേണ്ടിവരുമെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടാല്‍ പകരം വരുന്ന പ്രസിഡന്റിന് കരാറില്‍ വീണ്ടും യുഎസിനെ ഉള്‍പ്പെടുത്താന്‍ സാധിക്കും. കരാറില്‍ നിന്നുള്ള യുഎസിന്റെ പിന്‍മാറ്റം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള കാലാവസ്ഥയില്‍ 0.3 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനയുണ്ടാവാന്‍ കാരണമാവുമെന്ന് യുഎന്നിനു കീഴിലെ ലോക കാലാവസ്ഥാ സംഘടന അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക