|    Jul 21 Fri, 2017 8:07 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാരിസ് ഉടമ്പടി : ട്രംപ് നിലപാട് മാറ്റുമെന്ന് സൂചന

Published : 15th July 2017 | Posted By: fsq

പാരിസ്: പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നു പിന്‍മാറാനുള്ള തീരുമാനം പുനപ്പരിശോധിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ട്രംപ് തീരുമാനം മയെപ്പടുത്തുമെന്നു സൂചന നല്‍കിയത്. ബാസ്റ്റില്‍ ദിനാഘോഷത്തിന്റെ ഭാഗമായി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തിയതായിരുന്നു ട്രംപ്. പാരിസ് കാലാവസ്ഥാ ഉടമ്പടിയുടെ കാര്യത്തില്‍ എന്തെങ്കിലും സംഭവിക്കുമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പ്രതികരണം. ഇതു സംഭവിക്കുകയാണെങ്കില്‍ നല്ലകാര്യമാണ്. നടന്നില്ലെങ്കിലും നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാക്രോണും ട്രംപും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാരിസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിക്കുമെന്ന സൂചനയാണ് മാക്രോണും നല്‍കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറായില്ല. എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു ട്രംപിന്റെ മറുപടി. അതേസമയം, ട്രംപിന്റെ തീരുമാനത്തോട് “ബഹുമാനം’ മാത്രമേയുള്ളൂവെന്നും ഫ്രാന്‍സ് ഉടമ്പടിയുമായി മുന്നോട്ടുപോവുമെന്നും ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. പാരിസില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപും എന്‍വയേണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി മേധാവി സ്‌കോട്ട് പ്രുയിറ്റും പാരിസ് ഉടമ്പടിയിലുള്ള തീരുമാനം പുനരാലോചന നടത്താന്‍ സന്നദ്ധത  പ്രകടിപ്പിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.  ഉടമ്പടിയിലേക്ക് യുഎസിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്‍മാറിയാലും ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ജി 20യിലെ 18 അംഗരാജ്യങ്ങളും കഴിഞ്ഞ ആഴ്ച ജര്‍മനിയിലെ ഹാംബര്‍ഗില്‍ ചേര്‍ന്ന യോഗത്തില്‍ യൂറോപ്യന്‍ യൂനിയനും വ്യക്തമാക്കിയിരുന്നു. പാരിസ് ഉടമ്പടിയില്‍ നിന്നു പിന്‍മാറുമെന്ന് നേരത്തെ പറഞ്ഞിരുന്ന യുഎസ് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് അതു നല്ല കാര്യമാണെന്നും സഖ്യത്തിലെ ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളോടു തനിക്കു നല്ല ബന്ധമാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. പാരിസിലെത്തിയ ട്രംപിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക