|    Nov 24 Fri, 2017 2:13 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാരിസ് ഉടമ്പടിയില്‍നിന്നുള്ള യുഎസ് പിന്‍മാറ്റം: ആഞ്ഞടിച്ച് ലോകരാജ്യങ്ങള്‍

Published : 3rd June 2017 | Posted By: mi.ptk

പാരിസ്: പാരിസ് ഉടമ്പടിയില്‍ നിന്നു പിന്‍മാറിയ ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍. ട്രംപ് തെറ്റുചെയ്തത് പ്രപഞ്ചത്തോടാണെന്നും യുഎസ് ലോകത്തോട് മുഖംതിരിച്ചിരിക്കുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ അതിഭീകരമായ അവസ്ഥയാവും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. പാരിസ് ഉടമ്പടിയില്‍നിന്നു പിന്‍മാറാനുള്ള യുഎസ് തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്താറഷ് പ്രതികരിച്ചു. ലോകത്തിന് ഏറ്റവും ദുഃഖകരമായ ദിനമെന്നായിരുന്നു യൂറോപ്യന്‍ യൂനിയന്റെ പ്രതികരണം. ട്രംപിന്റെ തീരുമാനത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയും വിമര്‍ശിച്ചു. ഭാവിതലമുറയുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് കരാര്‍ ഉണ്ടാക്കിയത്. കരാറില്‍നിന്നുള്ള യുഎസിന്റെ പിന്‍മാറ്റം നിരാശാജനകമെന്നും തെരേസ മെയ് അഭിപ്രായപ്പെട്ടു. ട്രംപിന്റെ നടപടിയെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാന്‍ ധനമന്ത്രി താരോ അസോ, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗലാ മെര്‍ക്കല്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി പലലോ ജന്റിലോനി, യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ തുടങ്ങിയവര്‍ അപലപിച്ചു. തീരുമാനത്തെ ഡമോക്രാറ്റിക് നേതാവ് ചക് ഷൂമെര്‍ വിമര്‍ശിച്ചു. 21ാം നൂറ്റാണ്ടിലെ ഏറ്റവും മോശം തീരുമാനമെന്നായിരുന്നു ഷൂമറുടെ പ്രതികരണം.യുഎസിലെ 61 നഗരങ്ങളിലെ മേയര്‍മാര്‍ പാരിസ് ഉടമ്പടിയുമായി മുന്നോട്ടുപോവുമെന്ന് തുറന്ന കത്തിലൂടെ പ്രഖ്യാപിച്ചു. പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡിസ്‌നി ചീഫ് എക്‌സിക്യൂട്ടീവ് റോബര്‍ട്ട് ഈഗറും വ്യവസായ സംരംഭകന്‍ ഇയോണ്‍ മസ്‌കും വൈറ്റ് ഹൗസ് ഉപദേശക കൗണ്‍സിലില്‍ നിന്നു രാജിവച്ചു.അതേസമയം, റിപബ്ലിക്കന്‍ സെനറ്റര്‍ മിച്ച് മക്കോണല്‍ ട്രംപിനെ പിന്തുണച്ചു. ഒബാമാ ഭരണകൂടത്തിന്റെ തെറ്റായ നയം ട്രംപ് തിരുത്തിയെന്നാണ് മക്കോണല്‍ പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക