|    Oct 19 Fri, 2018 5:15 pm
FLASH NEWS

പാരിസ്ഥിതികാനുമതി ലഭിക്കാതെ ഖനന മേഖല

Published : 6th December 2017 | Posted By: kasim kzm

റസാഖ് മഞ്ചേരി
മലപ്പുറം: പാരിസ്ഥിതികാനുമതി ലഭിക്കാതെ ഖനന മേഖല സ്തംഭനാവസ്ഥയിലായിട്ട് ഒരുവര്‍ഷം. 2016 ജനുവരിയില്‍ പുറപ്പെടുവിച്ച കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ധാതു ഖനനം സംബന്ധിച്ച നിയമ ഭേദഗതിയാണു ചെറുകിട ക്വാറികളെയും അനുബന്ധ തൊഴില്‍ മേഖലകളെയും സ്തംഭനത്തിലാക്കിയിരിക്കുന്നത്. നിര്‍മാണമേഖലയില്‍ അമിത സാമ്പത്തിക ബാധ്യത ഉണ്ടായതോടൊപ്പം ലോറിത്തൊഴിലാളികളടക്കമുള്ള ലക്ഷങ്ങള്‍ തൊഴില്‍ പ്രതിസന്ധിയിലുമായി.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനാനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന ആയിരക്കണക്കിനു ക്വാറികള്‍ക്ക് ഇതുവരേ അനുമതി ലഭിച്ചിട്ടില്ല.വന്‍കിടക്കാര്‍ ധാതുമണലടക്കം ഊറ്റിയെടുക്കുമ്പോഴാണു ചെറുകിടക്കാരെ നിയമത്തിന്റെ ചരടില്‍ കുരുക്കി അധികൃതര്‍ വട്ടം കറക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരില്‍ മിക്ക ക്വാറികളും അനുമതി ലഭിക്കാതെ കാത്തുകിടക്കുകയാണ്. 400ല്‍ പരം ക്വാറികളുള്ള മലപ്പുറത്തു വെറും 12 ക്വാറികള്‍ക്കു മാത്രമാണു പാരിസ്ഥിതികാനുമതിയും ഇതര അനുമതികളും ലഭിച്ചിട്ടുള്ളത്.
അഞ്ച് ഹെക്ടറില്‍ താഴെ ഉള്ള ക്വാറികള്‍ക്ക് ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ തല പാരിസ്ഥിതിക ആഘാത നിര്‍ണയ അതോറിറ്റിയാണു പാരിസ്ഥിതികാനുമതി (സിഇ) നല്‍കേണ്ടത്. ഖനനം മൂലം ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ആഘാതം കുറയ്ക്കാനാണു പാരിസ്ഥിതികാഘാത നിര്‍ണയ വിജ്ഞാപനം 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയത്.
കളിമണ്ണ്, ചെങ്കല്ല്, മണല്‍ തുടങ്ങിയ എല്ലാതരം ധാതു ഖനനങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. 2016  ജനുവരി 15ലെ ഭേദഗതിയുടെ പേരിലാണു മൈനിങ് ആന്റ് ജിയളജി വകുപ്പിലെ ജീവനക്കാര്‍ നിയമം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്. 24 സെന്റ് മുതല്‍ 2.5 ഹെക്ടര്‍വരേ ഒന്നരലക്ഷം രൂപയാണ് ക്വാറി ഉടമകള്‍ അടയ്‌ക്കേണ്ടത്. പലരും രേഖകള്‍ സമര്‍പ്പിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി.
ഖനനം നടത്തുന്ന സ്ഥലങ്ങള്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന കാരണം പറഞ്ഞ് ഇതു നീട്ടിക്കൊണ്ടു പോകുകയാണ്. തന്‍മൂലം അനുമതിക്കു കാത്തു നില്‍ക്കാതെ മിക്ക ക്വാറികളും പ്രവര്‍ത്തിക്കാനും തുടങ്ങി. ഇവിടങ്ങളില്‍ നിന്നു ചരക്കുമായി പുറത്തിറങ്ങുന്ന ടിപ്പര്‍ ലോറികളടക്കമുള്ളവ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ചാകരയും. ഉത്തരവാദപ്പെട്ടവര്‍ സമയത്തിനു രേഖകള്‍ നല്‍കാത്തതുമൂലം പാസില്ലാതെ ചരക്കെടുക്കേണ്ടിവരുന്ന ലോറികള്‍ വഴിയില്‍ തടഞ്ഞു 10000 രൂപമുതല്‍ 50000 വരേ പിഴ ചുമത്തുകയാണ്.
ഉദ്യോഗസ്ഥര്‍ പിടുങ്ങുന്നതു വേറെയും. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 220 ടിപ്പറുകളാണു റവന്യൂ അധികൃതര്‍ പിടികൂടിയത്. ഇവയില്‍ പലതും ഇപ്പോഴും വിട്ടുകൊടുത്തിട്ടില്ല. 35000 ല്‍ പരം ലോറികളാണു സംസ്ഥാനത്ത്  ക്വാറികളെ ആശ്രയിച്ചു സര്‍വീസ് നടത്തുന്നത്. ലക്ഷങ്ങള്‍ മുടക്കി നിരത്തിലിറക്കുന്ന ഇവ മാസങ്ങളോളം പിടിച്ചിടുന്നതു മൂലം തുരുമ്പെടുത്തു നശിക്കുന്നു. നിര്‍മ്മാണക്കരാറുകാരും തൊഴിലാളികളും കല്ലും മണ്ണലും കിട്ടാതെ അനുഭവിക്കുന്നതും സമാനമായ പ്രതിസന്ധികള്‍ തന്നെ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss