|    Jul 19 Thu, 2018 3:28 pm
FLASH NEWS

പാരിപ്പള്ളിയിലെ തട്ടിപ്പുകേസ് : വഞ്ചിയൂര്‍ കോടതിയിലെ ബഞ്ച് ക്ലര്‍ക്ക് പിടിയില്‍

Published : 22nd September 2017 | Posted By: fsq

 

പാരിപ്പള്ളി: പ്രവാസിയെ ബ്ലാക്‌മെയില്‍ ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ബഞ്ച് ക്ലര്‍ക്ക് പിടിയില്‍. വഞ്ചിയൂര്‍ ആറ്റിപ്ര ഹൗസ് നമ്പര്‍ 16 ല്‍ യേശുദാസ് ഫര്‍ണാണ്ടസിനെ (43) പാരിപ്പള്ളി പോലിസ് പിടികൂടി. ഈ കേസിലെ ഒന്നാം പ്രതി തഴുത്തല ഇബി മന്‍സിലില്‍ ഇബി ഇബ്രാഹിം എന്ന നിയ (32), രണ്ടാം പ്രതി കിളിമാന്നൂര്‍ പാപ്പാല പുത്തന്‍ വീട്ടില്‍ ദിവ്യ (25), മൂന്നാം പ്രതി ഇടവ വെണ്‍കുളം ജി ജി മന്ദിരത്തില്‍ വിജയകുമാര്‍ (58) എന്നിവരെ നേരത്തെ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ  പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കയാണ്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യേശുദാസ് ഫര്‍ണാണ്ടസ് പിടിയിലായത്.തട്ടിപ്പിന് നിയമസഹായം ചെയ്തു കൊടുത്തത് യേശുദാസ് ഫര്‍ണാണ്ടസാണ്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്നതിനും ഇയാളാണ് സഹായം ചെയ്തത്. വഞ്ചിയൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ബഞ്ച് ക്ലര്‍ക്കായ ഇയാള്‍ മറ്റു പ്രതികള്‍ ഈ കോടതിയില്‍ കേസ് നടത്താന്‍ എത്തിയപ്പോഴാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും അടുത്ത പോസ്റ്റിങ് തിയ്യതികളും കേസ് എങ്ങനെ നടത്തണമെന്നതിന്റെ വിവരങ്ങളും ഇയാള്‍ ഇവര്‍ക്ക് പറഞ്ഞുകൊടുത്തു. കേസ് നടത്തുന്നതിനാവശ്യമായ അഭിഭാഷകരെ ഏര്‍പ്പെടുത്തി നല്‍കുന്നതും യേശുദാസനാണ്.  പാരിപ്പള്ളി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും പ്രതികള്‍ക്ക് വിലകൂടിയ രണ്ടു മൊബൈല്‍ ഫോണുകള്‍ ലഭിച്ചിരുന്നതായും അതില്‍ രണ്ടാം പ്രതിക്കു കിട്ടിയത് യേശുദാസന് നല്‍കുയിരുന്നു. ഇയാള്‍ അത് തിരുവന്തപുരം ബാറിലെ ഒരു വനിതാ അഭിഭാഷകക്ക് നല്‍കിയതായും പോലിസ് കണ്ടെത്തി.  തട്ടിപ്പിനിരയായ പാരിപ്പള്ളിയിലെ പ്രവാസിയുടെ വസ്തുവകകള്‍ കൈക്കലാക്കുകയെന്ന ഉദ്യേശ്യത്തോടുകൂടി രണ്ട് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പ്രതികള്‍ ഉണ്ടാക്കിയിരുന്നു. ഒന്നും രണ്ടും പ്രതികളുമായി ഒരേസമയം പ്രവാസി വിവാഹബന്ധം നടത്തിയിട്ടുണ്ടെന്നു കാണിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നതിന് പ്രതികള്‍ സമീപിച്ചത് യേസുദാസനെയാണ്. യേശുദാസന്‍ ഇതിനായി എറണാകുളം സ്വദേശിയായ സത്യന്‍ എന്നയാളെ സമീപിക്കുകയും സത്യന്‍ രണ്ട് വ്യാജ ലറ്റര്‍പാഡുകള്‍ ഉണ്ടാക്കി ഇയാള്‍ക്ക് മെയില്‍ ചെയ്യുകയും ചെയ്തു. യേശുദാസന്‍ ഇവയുടെ പ്രിന്റെടുത്ത് കൊട്ടിയത്തുവച്ച് ഒന്നും രണ്ടും പ്രതികള്‍ക്ക് കൈമാറി. ഇവര്‍ മൂന്നാം പ്രതി വിജയനുമായി ചേര്‍ന്ന് കൊട്ടിയത്ത് തന്നെയുള്ള ഒരു ഡിടിപി സെന്ററിലെത്തി വിവരങ്ങള്‍ ടൈപ്പുചെയ്‌തെടുത്തു. ഈ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നാം പ്രതിയുടെ വിട്ടില്‍നിന്നും പോലിസ് നേരത്തെ കണ്ടെടുത്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss