|    Jan 24 Tue, 2017 2:46 pm
FLASH NEWS

പാരാലിംപിക്‌സ്: റിയോയില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

Published : 16th September 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: അംഗപരിമിതരുടെ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും ചരിത്ര നേട്ടം. ബ്രസീലിലെ റിയോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ രണ്ടാം സ്വര്‍ണം നേടിയാണ് ഇന്ത്യ അഭിമാന നേട്ടം കൈവരിച്ചത്. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ എഫ് 46 വിഭാഗത്തില്‍ ദേവേന്ദ്ര ഝാചാര്യയാണ് റിയോയില്‍ ഇന്ത്യക്ക് രണ്ടാം സുവര്‍ണ നേട്ടം സമ്മാനിച്ചത്.
പുതിയ ലോക റെക്കോഡ് സമയം കുറിച്ചാണ് താരത്തിന്റെ സുവര്‍ണ നേട്ടം. 63.97 മീറ്ററാണ് രാജസ്ഥാനില്‍ നിന്നുള്ള ദേവേന്ദ്ര താണ്ടിയത്. തന്റെ തന്നെ പേരിലുള്ള 62.15 എന്ന റെക്കാഡാണ് താരം പഴങ്കഥയാക്കിയത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ് ദേവേന്ദ്ര. 2004ലെ ഏതന്‍സ് ഒളിംപിക്‌സിലാണ് താരം ഇതിനു മുമ്പ് ഇന്ത്യക്കുവേണ്ടി സ്വര്‍ണം കഴുത്തിലണിഞ്ഞത്. ഇടതു കൈപത്തിയില്ലാതെയാണ് ദേവേന്ദ്ര ഇന്ത്യക്കു വേണ്ടി ജാവലിന്‍ ത്രോയില്‍ സുവര്‍ണമെഡല്‍ കൊയ്തത്.
36 കാരനായ താരം ലോക റാങ്കിങില്‍ നിലവില്‍ മൂന്നാമതാണ്. എട്ടാം വയസ്സില്‍ മരത്തില്‍ കയറുമ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടിയാണ് ദേവേന്ദ്രയുടെ ഇടത്തെ കൈപത്തി നഷ്ടമാവുന്നത്. എന്നാല്‍, കൈക്കരുത്തിനെ വെല്ലുന്ന മനക്കരുത്തുമായി താരം മുന്നോട്ട് പോയപ്പോള്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ അഭിമാന താരങ്ങളുടെ പട്ടികയിലേക്ക് ദേവേന്ദ്ര എന്ന പേര് എഴുതിചേര്‍ക്കപ്പെട്ടു.
നാണംകെട്ട തോല്‍വികള്‍ക്ക് വാക്കുകള്‍കൊണ്ട് ന്യായീകരണങ്ങള്‍ പറഞ്ഞ ഇന്ത്യന്‍ ഒളിംപിക്‌സ് താരങ്ങള്‍ക്ക് പ്രകടനങ്ങളിലൂടെ മാതൃകയാവുകയാണ് ഈ താരങ്ങള്‍. രാജസ്ഥാന്‍ സ്വദേശിയായ ദേവേന്ദ്ര എന്നും അംഗപരിമിതരുടെ മല്‍സരങ്ങളിലെ ഇന്ത്യന്‍ പ്രതീക്ഷയാണ്. 2013ല്‍ ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര പാരാലിംപിക് അത്‌ലറ്റിക് ലോക ചാംപ്യന്‍ഷിപ്പിലും ദേവേന്ദ്ര ഇന്ത്യക്കു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ദേവേന്ദ്രയുടെ പ്രകടന മികവിന്  2004 ല്‍ അര്‍ജുന അവാര്‍ഡും 2012ല്‍ പത്മശ്രീയും നല്‍കിയാണ് രാജ്യം ആദരിച്ചത്. താരത്തിന്റെ നേട്ടങ്ങള്‍ക്ക് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും അഭിന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ മനക്കരുത്തിന്റെ പ്രതീകമാണ് ദേവേന്ദര്‍ എന്ന് തന്റെ അഭിനന്ദന സന്ദേശത്തിലൂടെ അറിയിച്ചു. ദേവേന്ദ്ര ഇന്ത്യയുടെ അഭിമാനം ആണെന്നും രാജ്യത്തിലെ യുവാക്കള്‍ക്ക് പ്രചോദനമാവുന്ന പ്രകടനമാണ് താരം കാഴ്ചവച്ചതെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. സുവര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായ ദേവേന്ദ്രയ്ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 75 ലക്ഷം രൂപയും താരത്തിന് ലഭിക്കും. തന്റെ ജീവിതത്തില്‍ കെനിയക്കാരനായ ജൂലിയസ് യേഗോയാണ് നിര്‍ണായക പങ്ക് വഹിച്ചതെന്നും അദ്ദേഹമാണ് സ്വര്‍ണ നേട്ടത്തിലേക്ക് വീണ്ടും കുതിക്കാന്‍ പ്രചോദനമായതെന്നും ദേവേന്ദ്ര അഭിപ്രായപ്പെട്ടു. റിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡല്‍ നേട്ടം കൂടിയാണിത്.
നേരത്തെ, ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലുവും ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയിരുന്നു. ഇതോടെ റിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി. രണ്ട് സ്വര്‍ണ മെഡല്‍ കൂടാതെ, വനിത ഷോട്ട്പുട്ടില്‍ ദീപ മാലിക് വെള്ളിയും ഹൈജംപില്‍ വരുണ്‍ സിങ് ഭാട്ടിയ വെങ്കലവും ഇന്ത്യക്ക് സമ്മാനിച്ചിരുന്നു. രണ്ടാം സ്വര്‍ണമെഡല്‍ നേട്ടത്തോടെ പട്ടികയില്‍ ഇന്ത്യ 34ാം സ്ഥാനത്തേക്ക് കയറി. നിലവിലെ ചാംപ്യന്‍മാരായ ചൈന തന്നെയാണ് മെഡല്‍ പട്ടികയില്‍ തലപ്പത്ത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 99 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക