|    Jan 21 Sat, 2017 4:23 pm
FLASH NEWS
Home   >  Sports  >  Others  >  

പാരാലിംപിക്‌സ്: പൊന്നണിഞ്ഞ് മാരിയപ്പന്‍; പുരുഷവിഭാഗം ഹൈജംപില്‍ ഇന്ത്യയുടെ മാരിയപ്പന്‍ തങ്കവേലുവിന് സ്വര്‍ണമെഡല്‍

Published : 11th September 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് ഇരട്ടിമധുരം. ബ്രസീലിലെ റിയോയില്‍ നടക്കുന്ന അംഗപരിമിതരുടെ പാരാലിംപിക്‌സില്‍ രണ്ടാംദിനം സ്വര്‍ണവും വെങ്കലവും നേടിയാണ് ഇന്ത്യ തലയുയര്‍ത്തിനിന്നത്. റിയോ ഒളിംപിക്‌സിലേറ്റ തിരിച്ചടികള്‍ക്ക് ആശ്വാസമായാണ് പാരാലിംപിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ രണ്ടാംദിനം തന്നെ രണ്ട് മെഡലുകള്‍ കരസ്ഥമാക്കിയത്.
പുരുഷന്‍മാരുടെ ഹൈ ജംപ് ടി-42 വിഭാഗത്തില്‍ മാരിയപ്പന്‍ തങ്കവേലുവാണ് ഇന്ത്യക്കു വേണ്ടി സുവര്‍ണ മെഡല്‍ കഴുത്തിലണിഞ്ഞത്. ഈയിനത്തില്‍ ഇന്ത്യയുടെ വരുണ്‍ സിങ് ഭാട്ടിയ വെങ്കലമെഡലും സ്വന്തമാക്കി. അമേരിക്കയുടെ സാം ഗ്രുവെയ്ക്കാണ് ഈയിനത്തില്‍ വെള്ളിമെഡല്‍.
പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമാണ് തമിഴ്‌നാട്കാരനായ തങ്കവേലു. 1972ല്‍ നീന്തലില്‍ മുര്‍ലികാന്ത് പെത്ക്കാറും 2004ല്‍ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയയുമാണ് ഇന്ത്യക്ക് ഇതിനു മുമ്പ് പാരാലിംപിക്‌സില്‍ സ്വര്‍ണം നേടിത്തന്നത്. കൂടാതെ, ഹൈജംപില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും 20കാരനായ തങ്കവേലു സ്വന്തമാക്കി. 1.89 മീറ്റര്‍ ചാടിക്കടന്നാണ് താരം ഇന്ത്യക്കായി റിയോയില്‍ സ്വര്‍ണം നേടിയത്.
റിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം കൂടിയായിരുന്നു ഇത്. 1.86 മീറ്റര്‍ ഉയരം താണ്ടിയാണ് വരുണ്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം കൂടിയാണിത്. പാരാലിംപിക്‌സില്‍ ആദ്യ മെഡലാണെങ്കിലും വിവിധ അത്‌ലറ്റിക് ചാപ്യന്‍ഷിപ്പുകളിലായി രണ്ട് സ്വര്‍ണ മെഡലുകള്‍ വരുണ്‍ രാജ്യത്തിനു വേണ്ടി നേടിയിട്ടുണ്ട്.
പാരാലിംപിക്‌സിലെ സുവര്‍ണ നേട്ടത്തിന് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് തങ്കവേലുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കൂടാതെ, രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനകരമായ പ്രകടനം കാഴ്ചവച്ചതിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായും അവര്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തിന്റെ പ്രൗഡി ഉണര്‍ത്തുന്ന പ്രകടനത്തിന് ഇരുവര്‍ക്കും അഭിനന്ദനം രേഖപ്പെടുത്തിയിട്ടുണ്ട്. പാരാലിംപിക്‌സിലെ മെഡല്‍ ജേതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 75 ലക്ഷം രൂപ തങ്കവേലുവിനും 35 ലക്ഷം വരുണിനും ലഭിക്കും. കായിക മന്ത്രി വിജയ് ഗോയല്‍, ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ് തുടങ്ങിയ നിരവധി താരങ്ങളും ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി എത്തി.
അഞ്ചാം വയസില്‍ ബസ് അപകടത്തില്‍ വലത്തെ കാല്‍മുട്ട് തകര്‍ന്നതിനെത്തുടര്‍ന്നാണ് തങ്കവേലുവിന് അംഗവൈകല്യം സംഭവിച്ചത്. ഈ സുവര്‍ണമെഡല്‍ നേട്ടത്തിന് പിന്നില്‍ തന്റെ അമ്മ സരോജയും കോച്ച് സത്യനാരായണനും മികച്ച പിന്തുണയാണെന്ന് തങ്കവേലു മാധ്യമങ്ങളോട് പറഞ്ഞു. കഷ്ടപ്പാടുകളില്‍ നിന്നാണ് തങ്കവേലു എന്ന സുവര്‍ണതാരം വളര്‍ന്നുവന്നത്.
ഉന്തുവണ്ടിയില്‍ കച്ചവടം നടത്തിയുള്ള വരുമാനത്തില്‍ നിന്ന് മിച്ചംപിടിച്ചാണ് താരത്തിന്റെ കായിക പ്രേമത്തിന് അമ്മപിന്തുണ നല്‍കിയിരുന്നത്. ആദ്യകാലങ്ങളില്‍ വോളിബോളായിരുന്നു തങ്കവേലുവിന്റെ ഇഷ്ട ഇനം എന്നും അമ്മ സരോജ പറഞ്ഞു.
ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ശരത് കുമാര്‍  കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലുംആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അതേസമയം, രണ്ടാംദിനവും നിലവിലെ ചാംപ്യന്‍മാരായ ചൈന കുതിപ്പ് തുടരുകയാണ്. 20 സ്വര്‍ണവും 17 വെള്ളിയും 12 വെങ്കലവുമായി 49 മെഡലുകളാണ് ഇതുവരെ ചൈന സ്വന്തമാക്കിയിരിക്കുന്നത്. നീന്തല്‍ ഇനങ്ങളിലാണ് ചൈന കൂടുതല്‍ മെഡലുകള്‍ നേടിയത്. 9 സ്വര്‍ണവും 11 വെള്ളിയും അഞ്ച് വെങ്കലുമാണ് ചൈന നീന്തല്‍ ഇനങ്ങളില്‍ മാത്രം വാരിക്കൂട്ടിയത്. രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടണ്‍ 12 സ്വര്‍ണവും ആറ് വെള്ളിയും 9 വെങ്കലവും ഉള്‍പ്പെടെ 27 മെഡലുകള്‍ നേടി. മെഡല്‍ നേട്ടത്തോടെ ഇന്ത്യ പട്ടികയില്‍ 24ാം സ്ഥാനത്തേക്ക് കയറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക