|    Jan 18 Wed, 2017 7:19 am
FLASH NEWS

പാരമ്പര്യേതര ഊര്‍ജത്തിലേക്ക് പോവാതെ നിലനില്‍പില്ല: മന്ത്രി ആര്യാടന്‍

Published : 22nd January 2016 | Posted By: SMR

കല്‍പ്പറ്റ: പാരമ്പര്യേതര ഊര്‍ജത്തിലേക്ക് പോവാതെ കേരളത്തിന് നിലനില്‍പ്പില്ലെന്ന് ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദ്. ഡാം റിസര്‍വോയറില്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ, ‘ജലത്തില്‍ പൊങ്ങിനില്‍ക്കുന്ന സൗരോര്‍ജ നിലയം’ പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളം അനുഭവിക്കുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പാരമ്പര്യേതര ഊര്‍ജമായ കാറ്റ്, ചെറുകിട ജലവൈദ്യുതി പദ്ധതികള്‍, സൗരോര്‍ജം എന്നിവയെ ആശ്രയിച്ചേ മതിയാവൂ. ഇതില്‍ ഏറ്റവും പ്രധാനം സൗരോര്‍ജമാണ്. ഇതു പരിശുദ്ധമായ, പാരിസ്ഥിതിക പ്രശ്‌നമില്ലാത്ത ഊര്‍ജമാണ്.
ഇനി കൂടുതല്‍ വന്‍കിട ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ല. ഒരു വീട്ടില്‍ ഓരോ കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനല്‍ സ്ഥാപിച്ചുകൊണ്ടുള്ള പദ്ധതി ഇപ്പോള്‍ കെഎസ്ഇബി നടപ്പാക്കിവരുന്നതായും മന്ത്രി അറിയിച്ചു. വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ മൂന്നിലൊന്ന് കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡി ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും സബ്‌സിഡിയുണ്ട്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം നടപ്പാക്കിവരികയാണ്. കാസര്‍കോട് 200 മെഗാവാട്ട് സോളാര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ 500 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. ഇനി 1,500 ഏക്കര്‍ കൂടി ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. ‘ജലത്തില്‍ പൊങ്ങിനില്‍ക്കുന്ന സൗരോര്‍ജ നിലയം’ എന്ന നൂതന ആശയം കണ്ടുപിടിച്ച യുവ എന്‍ജിനീയര്‍മാരെ മന്ത്രി അഭിനന്ദിച്ചു. നാളത്തെ തലമുറയ്ക്കു കൂടി പ്രയോജനം ചെയ്യുന്നതാണ് ഈ കണ്ടുപിടിത്തമെന്നും മന്ത്രി പറഞ്ഞു. ഡാമില്‍ 500 കിലോവാട്ട് സോളാര്‍ പ്ലാന്റിന്റെയും 400 കിലോവാട്ട് ഡാംടോപ്പ് സോളാര്‍ പ്ലാന്റിന്റെയും ഹൈഡല്‍ ടൂറിസം വികസന പദ്ധതിയുടെയും ഉദ്ഘാടവും മന്ത്രി നിര്‍വഹിച്ചു.
ഡാം റിസര്‍വോയറില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യത്തെ ജലത്തില്‍ പൊങ്ങിനില്‍ക്കുന്ന സൗരോര്‍ജ നിലയമാണ് ബാണാസുരസാഗറിലേത്. ഡാം റിസര്‍വോയറിലെ ജലനിരപ്പ് 20 മീറ്റര്‍ ഉയരുകയും താഴുകയും ചെയ്താലും ഈ വ്യതിയാനം നിലയത്തിന്റെ ദിശയോ സ്ഥാനമോ മാറ്റംവരുത്താതെ നിലനിര്‍ത്തുന്നു. ഇതിനായി ഇന്ത്യയില്‍ വികസിപ്പിച്ച സംവിധാനമാണ് ഉപയോഗിച്ചത്. കെഎസ്ഇബിയുടെ എനര്‍ജി ഇന്നവേഷന്‍ പ്രോഗ്രാമിന്റെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് വഴി തിരഞ്ഞെടുത്ത എന്‍ജിനീയറിങ് ബിരുദധാരികളായ അജയും സുബിനുമാണ് ഇതു രൂപകല്‍പന ചെയ്തത്. 15 ലക്ഷം രൂപയാണ് ചെലവ്. ഈ പദ്ധതി വഴി കെഎസ്ഇബി ഗ്രിഡിലേക്ക് പ്രതിവര്‍ഷം 15,990 യൂനിറ്റ് വൈദ്യുതി എത്തിച്ചേരും.
ചടങ്ങില്‍ എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സമ്മേളനം എം ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി റിന്യൂവബിള്‍ എനര്‍ജി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വിപിന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ എം ശിവശങ്കര്‍, ഡോ. ആര്‍ വി ജി മേനോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ്, തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍, കെ ബി നസീമ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക