|    May 27 Sun, 2018 1:44 pm
FLASH NEWS
Home   >  Sports  >  Cricket  >  

പാരമ്പര്യം നിലനിര്‍ത്തി ദക്ഷിണാഫ്രിക്ക പുറത്തേക്ക്; എട്ട് വിക്കറ്റ് ജയത്തോടെ ഇന്ത്യ സെമിയില്‍

Published : 11th June 2017 | Posted By: ev sports

 

ഇന്ത്യന്‍ ജയം എട്ട് വിക്കറ്റിന്,
ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ട്
ഇന്ത്യ 38 ഓവറില്‍ രണ്ട് വിക്കറ്റിന് 193 റണ്‍സ്
ശിഖാര്‍ ധവാനും(78) വിരാട് കോഹ്‌ലിക്കും(76) അര്‍ധ സെഞ്ച്വറി

ലണ്ടന്‍: നിര്‍ണായക മല്‍സരങ്ങളിലെ തോല്‍വി പാരമ്പര്യത്തിന്റെ ചീത്തപ്പേര്  ഡിവില്ലേഴ്‌സ് പടയും നിലനിര്‍ത്തിയപ്പോള്‍ ഐസി ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാപ്രിക്ക സെമി ഫൈനല്‍ കാണാതെ പുറത്ത്്. ജീവന്‍മരണ പോരാട്ടത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 191 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടി ബാറ്റിങില്‍ 38 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കി. അര്‍ധ സെഞ്ച്വറി നേടിയ ശിഖാര്‍ ധവാനും(78) വിരാട് കോഹ്‌ലിയുമാണ്(76*) ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. നേരത്തെ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയുമാണ് ദക്ഷിണാഫ്രിക്കയെ 191 റണ്‍സെന്ന ചെറിയ സ്‌കോറിലൊതുക്കിയത്.
ജയം ഇരുകൂട്ടര്‍ക്കും നിര്‍ണായകമായ മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കോഹ്‌ലിയുടെ തീരുമാനം തെറ്റാണെന്ന് തോന്നിച്ച് ഹാഷിം അംലയും(35) ക്വിന്റന്‍ ഡികോക്കും(53) ചേര്‍ന്ന് സ്വപ്‌ന തുല്യമായ തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ചത്. കരുതലോടെ ഇരുവരും ബാറ്റുവീശിയപ്പോള്‍ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക് പോവുമെന്ന് തോന്നിച്ചു. പതിയെ തുടങ്ങിയ അംല  ആക്രമണ ബാറ്റിങിലേക്ക് ഗിയര്‍മാറ്റിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡിന് വേഗതയേറി. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇതുവരെ പുറത്തെടുക്കാത്ത വജ്രായുധം രവിചന്ദ്ര അശ്വിന്‍ ഇന്ത്യയുടെ രക്ഷക്കെത്തി. 54 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും സഹിതം 35 റണ്‍സെടുത്ത അംലയെ അശ്വിന്റെ തന്ത്രപരമായ പന്തില്‍ എംഎസ് ധോണി ക്യാച്ചിലൂടെ പുറത്താക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ബോര്‍ഡ് 17.3 ഓവറില്‍ ഒരു വിക്കറ്റിന് 76 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. നേരത്തെ അംലയുടെ റിട്ടേണ്‍ ക്യാച്ച് ഹര്‍ദിക് പാണ്ഡ്യ പാഴാക്കിയിരുന്നു.
രണ്ടാമനായി ക്രീസിലെത്തിയ ഫഫ് ഡുപ്ലെസിയും മികച്ച രീതിയില്‍ ബാറ്റുവീശിയതോടെ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ സ്വപ്‌നം കണ്ടു. പക്ഷേ ഇന്ത്യയുടെ സ്പിന്‍ബൗളര്‍മാര്‍ കരുതിവെച്ച വാരിക്കുഴി ദക്ഷിണാഫ്രിക്കയുടെ മോഹങ്ങളെ കുഴിച്ച് മൂടി. 72 പന്തില്‍ നാല് ബൗണ്ടറികള്‍ സഹിതം അര്‍ധ സെഞ്ച്വറി നേടിയ ഡികോക്കിനെ രവീന്ദ്ര ജഡേജ ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ ദക്ഷിണാഫ്രിക്കയുടെ ദുര്‍വിധി തുടങ്ങി. മധ്യനിര ബാറ്റ്‌സ്മാന്‍മാരായ എബി ഡിവില്ലിയേഴ്‌സും ഡേവിഡ് മില്ലറും റണ്ണൗട്ടായതോടുകൂടി മികച്ച് നിലയില്‍ നിന്ന ദക്ഷിണാഫ്രിക്ക സ്‌കോര്‍ബോര്‍ഡ് 29.1 ഓവറില്‍ നാല് വിക്കറ്റിന് 142 റണ്‍െസന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടക്കം മുതലേ ആക്രമണ ശൈലിയില്‍ ബാറ്റുവീശിയ ഡിവില്ലിയേഴ്‌സ് ഇന്ത്യയ്ക്ക് അപകടം സൃഷ്ടിക്കുമെന്ന് തോന്നിക്കവെ റണ്ണൗട്ടായി. ഡുപ്ലെസിയുടെ അനാവശ്യ റണ്‍ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഡിവില്ലിയേഴ്‌സിന് 12 പന്തില്‍ 16 റണ്‍സുമായി മടങ്ങേണ്ടി വന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറിനേയും(1)ഡുപ്ലെസിയുടെ അനാവശ്യ റണ്‍ ശ്രമമാണ് പുറത്താക്കിയത്.
മധ്യനിരയില്‍ ജെപി ഡുമിനി(20*) ഒരുവശത്ത് പുറത്താവാതെ നിന്നെങ്കിലും  മറുവശത്ത് വിക്കറ്റുകള്‍ പൊലിഞ്ഞുകൊണ്ടേയിരുന്നു. കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച ക്രിസ് മോറിസ്(4) ഭുവനേശ്വര്‍ കുമാറിന്റെ കൈകളില്‍ അവസാനിച്ചു. ആന്‍ഡിലി ഫെലുക്വായോ(4), കഗിസോ റബദ(5), മോണി മോര്‍ക്കല്‍(0), ഇമ്രാന്‍ താഹിര്‍(1) എന്നിവരും ചെറിയ സ്‌കോറിന് മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ബോര്‍ഡ് 44.3 ഓവറില്‍ 191 റണ്‍സിന് അവസാനിച്ചു.രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
192 റണ്‍സ് വിജയത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തന്നെ രോഹിത് ശര്‍മയെ (12) നഷ്ടമായെങ്കിലും  ശിഖാര്‍ ധവാനും വിരാട് കോഹ്‌ലിയും കരുത്തോടെ ബാറ്റുവീശിയപ്പോള്‍ 72 പന്തുകള്‍ ബാക്കിനിര്‍ത്തി ഇന്ത്യ വിജയം കണ്ടു. ധവാന്‍ 83 പന്തില്‍ 12 ഫോറും ഒരു സിക്‌സറും സഹിതം 78 റണ്‍സെടുത്ത് പുറത്തായെങ്കിലും യുവരാജ് സിങിനെ(23) കൂട്ടുപിടിച്ച് കോഹ്‌ലി ഇന്ത്യ വിജയത്തിലേക്കെത്തിച്ചു. 101 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും സഹിതം 76 റണ്‍സുമായി കോഹ്‌ലി പുറത്താവാതെ നിന്നു.  സെമി ഫൈനലില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss