|    Nov 22 Thu, 2018 1:47 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാരഡൈസ് രേഖ : കേന്ദ്രമന്ത്രിക്കും ബിജെപി നേതാക്കള്‍ക്കും കള്ളപ്പണ നിക്ഷേപം

Published : 7th November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികദിനമായ ബുധനാഴ്ച കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും ഉള്‍പ്പെടെ 741 ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച തെളിവുകള്‍ പുറത്തായി. കോടികളുടെ നികുതി വെട്ടിച്ചുള്ള കള്ളപ്പണ നിക്ഷേപത്തിന്റെ കോടിയിലേറെ  രഹസ്യരേഖകളാണ് പുറത്തുവന്നിട്ടുള്ളത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ ആര്‍ കെ സിന്‍ഹ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്യ തുടങ്ങിയവരും നിരവധി കോര്‍പറേറ്റ് വ്യവസായികളും നിക്ഷേപകരുടെ പട്ടികയിലുണ്ട്. നികുതിയിളവുകളും ഇടപാടുകള്‍ക്ക് സ്വകാര്യതയുമുള്ള വിദേശരാജ്യങ്ങളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചതിന്റെ വിശദാംശങ്ങളാണ് പാരഡൈസ് രേഖകള്‍ എന്ന പേരില്‍ പുറത്തായത്. ബര്‍മുഡയിലെ ആപ്പിള്‍ബൈ, സിംഗപ്പൂരിലെ ഏഷ്യാസിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് നികുതിയില്ലാതെ നിക്ഷേപം നടത്താവുന്ന 19 രാജ്യങ്ങളില്‍ പണം പൂഴ്ത്തിവച്ചിരിക്കുന്നത്. മൊത്തം 13.4 ദശലക്ഷം രേഖകളാണ് ഇത്തരത്തില്‍ ലഭിച്ചത്. ജര്‍മന്‍ പത്രമായ സെദോഷ് സയ്‌തോങിന് ലഭിച്ച ഈ രേഖകള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയായ ഇന്‍ര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സിന്റെ സഹായത്തോടെ, ലോകത്താകമാനമുള്ള 96 മാധ്യമ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് അന്വേഷിച്ചു പുറത്തുകൊണ്ടുവന്നത്. മൊത്തം 180 രാജ്യക്കാരാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ 19ാം സ്ഥാനത്താണ് ഇന്ത്യ. മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയുടെ പേരും രേഖകളിലുണ്ട്. ഏറ്റവും വലിയ കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ കമ്പനിയായ സണ്‍ ഗ്രൂപ്പാണ് രണ്ടാംസ്ഥാനത്ത്. ആപ്പിള്‍ബൈയുടെ കണക്കുപ്രകാരം, വിവിധ രാജ്യങ്ങളിലായി 118 വിദേശ വ്യാജകമ്പനികള്‍ സ്ഥാപിച്ചാണ് സണ്‍ ഗ്രൂപ്പ് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത്. സണ്‍ ഗ്രൂപ്പിനെ കൂടാതെ അഴിമതിക്കേസുകളില്‍ ആരോപണവിധേയരായ നിരവധി കമ്പനികളുടെ പേരുകളും പാരഡൈസ് രേഖകളിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണമുയര്‍ന്ന എസ്എന്‍സി ലാവ്‌ലിന്‍, എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട സണ്‍ ടിവി കമ്പനി, 2ജി അഴിമതിക്കേസില്‍ ഉള്‍പ്പെട്ട എസ്സാര്‍ ലൂപ്, കോണ്‍ഗ്രസ് നേതാക്കളായ സചിന്‍ പൈലറ്റ്, പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി എന്നിവരുള്‍പ്പെട്ട രാജസ്ഥാനിലെ ആംബുലന്‍സ് കേസിലെ സികിസ്റ്റ് ഹെല്‍ത്ത് കെയര്‍ എന്നിവയാണ് മറ്റു പ്രധാന കമ്പനികള്‍. ജിന്‍ഡാല്‍ സ്റ്റീല്‍സ്, അപ്പോളോ ടയേഴ്‌സ്, ഹാവെല്‍സ്, ഹിന്ദുജാസ്, എമാര്‍, എംജിഎഫ്, വീഡിയോകോണ്‍, ഹിര നന്ദാനി ഗ്രൂപ്പ്, ഡി എസ് കണ്‍സ്ട്രക്ഷന്‍ എന്നിവയാണ് മറ്റു കമ്പനികള്‍. അതേസമയം, സംഭവത്തെക്കുറിച്ച് മള്‍ട്ടി ഏജന്‍സി ഗ്രൂപ്പ് (എംഎജി) അന്വേഷിക്കും. ഒന്നര വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ നികുതിവെട്ടിപ്പ് പരസ്യമാക്കിയ പനാമ രേഖകള്‍ അന്വേഷിക്കുന്നതും എംഎജിയാണ്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് , ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയതാണ് എംഎജി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss