|    Aug 20 Sun, 2017 9:44 am
Home   >  Pravasi  >  Gulf  >  

പായ്ക്കപ്പല്‍ മേളയ്ക്ക് നാളെ തുടക്കം

Published : 14th November 2016 | Posted By: SMR

ദോഹ: ആറാമത് പരമ്പരാഗത പായ്ക്കപ്പല്‍ മേളയ്ക്ക് നാളെ തുടക്കം. കത്താറ തീരത്ത് നടക്കുന്ന തനത് സാംസ്‌കാരിക മേള 19ന് സമാപിക്കും. ഉരു ഉല്‍സവത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെയും പായ്ക്കപ്പല്‍ മേളകള്‍ വന്‍ വിജയമായതായും ഇത്തവണ കൂടുതല്‍ പങ്കാളിത്തം ഉണ്ടാകുമെന്നും കത്താറ അധികൃതര്‍ വ്യക്തമാക്കി. ഏഴു പരമ്പരാഗത ടൂര്‍ണമെന്റുകളാണ് നടക്കുന്നത്. വീവിങ്, ഡൈവിങ്, അല്‍ലുഫാഹ്, വള്ളംകളി, റോവിങ്, സെയ്‌ലിങ്, അല്‍നമാഹ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഫെസ്റ്റിവല്‍. ജിസിസി രാജ്യങ്ങളില്‍നിന്ന്‌നൂറിലധികം പായ്ക്കപ്പലുകള്‍ മേളയ്‌ക്കെത്തും. ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള പ്രദര്‍ശനവും പരിപാടികളും കാണാന്‍ രാവിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കും. എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് 3 മുതല്‍ രാത്രി 9 വരെ പേളില്‍നിന്ന് കത്താറ ബീച്ചിലേക്ക് കടല്‍ സഞ്ചാരത്തിന് അവസരമുണ്ടാകും. മുന്‍ വര്‍ഷങ്ങളില്‍ നടന്ന പരിപാടികള്‍ക്കു പുറമേ ഈ വര്‍ഷം പുതിയ ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്‍പ്പെടെ നൂറിലധികം പായ്ക്കപ്പലുകളാണ് മല്‍സരത്തിനെത്തുന്നത്. പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ വിപണിയും കത്താറയില്‍ തുറക്കും. വദാജ്, അല്‍തവാശ്, അജ്‌യാല്‍, അല്‍യസാഫ്, ലശ്കര്‍, അല്‍സറാഫ, അല്‍ഹദ്‌റാ, അല്‍ഖലാഫ, ഫലഖ് തുടങ്ങി രാജ്യത്തെയും അറബ് മേഖലയിലെയും പരമ്പരാഗത കരകൗശല വസ്തുക്കള്‍ മേളയില്‍ ലഭ്യമാകും. പരമ്പരാഗത കോഫി ഷോപ്പുകളും ഭക്ഷ്യശാലകളും പ്രവര്‍ത്തിക്കും. പുരാതന കാലത്ത് ഖത്തരി ജനത നടത്തിയിരുന്ന കടല്‍ സഞ്ചാരത്തിന്റെ ഓര്‍മകള്‍ പുതുക്കുകയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മുന്‍ ഫെസ്റ്റിവലുകളെപ്പോലെ ആറാം എഡിഷനും വേറിട്ട അനുഭവമാക്കുമെന്ന് സുലൈത്തി പറഞ്ഞു. ഫെസ്റ്റ് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക്  പായ്ക്കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ശില്‍പ്പശാലകളിലും  സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. കഴിഞ്ഞ ഫെസ്റ്റുമായി ബന്ധപ്പെട്ട് സ്വര്‍ണവും മുത്തും ഉരുവും വില്‍പ്പന നടത്തുന്ന വിപണിയും കത്താറയിലുണ്ടായിരുന്നു. ഇന്ത്യയിലേക്ക് പോയ രണ്ടാമത് ഫത്ഹുല്‍ ഖൈര്‍ സംഘത്തിന്റെ യാത്രയോടനുബന്ധിച്ചായിരുന്നു ഫെസ്റ്റിന്റെ അഞ്ചാം എഡിഷന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക