|    May 24 Wed, 2017 7:15 pm
FLASH NEWS

പാമോലിന്‍ കേസ്: പി ജെ തോമസിന്റെ വിടുതല്‍ ഹരജി തള്ളി

Published : 28th August 2016 | Posted By: SMR

തിരുവനന്തപുരം: പാമോലിന്‍ കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറി പി ജെ തോമസ് നല്‍കിയ വിടുതല്‍ ഹരജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. വിജിലന്‍സ് ജില്ലാ ജഡ്ജി എ ബദറുദ്ദീനാണു ഹരജി തള്ളിയത്. നിരപരാധിയാണെന്നും ഇടപാടില്‍ നേരിട്ട് പങ്കില്ലെന്നും പി ജെ തോമസ് ഹരജിയില്‍ അറിയിച്ചു. മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തത്.
മുന്‍ചീഫ് സെക്രട്ടറിയായിരുന്ന എസ് പത്മകുമാര്‍, അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയാ മാത്യു എന്നിവരുടെ വിടുതല്‍ ഹരജി അനുവദിച്ച കോടതി തന്റെയും വിടുതല്‍ ഹരജി അനുവദിക്കണം. താന്‍ അഴിമതി നടത്തിയെന്ന് അന്വേഷണത്തില്‍ എവിടെയും കണ്ടെത്തിയിട്ടില്ല. തന്റെ പേരില്‍ ഗൂഢാലോചന കുറ്റം മാത്രമേ ചുമത്തിയിട്ടുള്ളൂവെന്നും തോമസ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രഥമദൃഷ്ട്യാ തോമസിനെതിരേ കേസ് നിലനില്‍ക്കുന്നതായി പ്രോസിക്യൂഷന്‍ വാദിച്ചു.
കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വിടുതല്‍ ഹരജി ഹൈക്കോടതി തള്ളിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.  തോമസ് ചട്ടങ്ങള്‍ പാലിക്കാതെയാണ് പാമോലിന്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതെന്ന് കോടതി നിരീക്ഷിച്ചു. മന്ത്രിമാര്‍ക്ക് ശരിയായ റിപോര്‍ട്ട് കൊടുക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ട്. അത് പാലിക്കാതിരുന്നതിനാല്‍ തോമസിനെതിരേ കേസ് നിലനില്‍ക്കും. അതിനാല്‍,  കേസില്‍ വിചാരണ നേരിടണം -കോടതി വ്യക്തമാക്കി. കേസിലെ എട്ടാം പ്രതിയാണ് പി ജെ തോമസ്. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍മന്ത്രി ടി എച്ച് മുസ്തഫ, പി ജെ തോമസ് എന്നിവരും പാമോലിന്‍ ഇറക്കുമതി ചെയ്ത കമ്പനിയുടെ രണ്ട് പ്രതിനിധികളും അടക്കം അഞ്ചുപേരാണ് നിലവില്‍ കേസിലെ പ്രതികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day