|    Sep 26 Tue, 2017 7:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പാമൊലിന്‍ കേസ് പരിഗണിക്കുന്നത് അടുത്തമാസം 12ലേക്ക് മാറ്റി

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച അഴിമതിക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി അടുത്തമാസം 12ലേക്ക് മാറ്റി. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി കേസ് പരിഗണിച്ചത്.
വിചാരണ വേളയില്‍ കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാംപ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയുമായ ടി എച്ച് മുസ്തഫയും അഞ്ചാംപ്രതി സദാശിവനും കോടതിയില്‍ അപേക്ഷ നല്‍കി. ഈ അപേക്ഷകളും കോടതി 12ന് പരിഗണിക്കും. കേസില്‍ വിചാരണാ നടപടികള്‍ എത്രയുംവേഗം തുടങ്ങണമെന്നു മുമ്പ് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മെയ് 31ന് തൃശൂര്‍ വിജിലന്‍സ് കോടതി പ്രതികളോട് നേരിട്ട് ഹാജരാവാനും വിചാരണാ നടപടികള്‍ വൈകിപ്പിക്കാനാവില്ലെന്നും വ്യക്തമാക്കി.
എന്നാല്‍, ജൂണ്‍ 17ന് ഹൈക്കോടതി കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതിക്ക് കൈമാറി. കേസിലെ പ്രതിയായ പി ജെ തോമസ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു ഇത്.
കേസില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പി ജെ തോമസ് എന്നിവര്‍ നല്‍കിയ ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലേഷ്യയില്‍നിന്ന് പാമൊലിന്‍ ഇറക്കുമതി ചെയ്തതിലൂടെ 2.32 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കിയെന്നാണ് കേസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേസില്‍ 23ാം സാക്ഷിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക