|    Oct 24 Tue, 2017 12:47 am
FLASH NEWS

പാപ്പി ബോട്ട് സര്‍വീസ് പുനരാരംഭിച്ചു; യാത്രക്കാര്‍ ആശ്വാസത്തില്‍

Published : 13th October 2016 | Posted By: Abbasali tf

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ കരകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാപ്പി ബോട്ടിന്റെ സര്‍വീസ് പുനരാരംഭിച്ചു. പൂജാ അവധി കാലത്ത് ബോട്ട് മുടങ്ങിയത് ഏറെ പ്രതിഷേധത്തിന് ഇട നല്‍കിയിരുന്നു. സ്‌കൂളുകള്‍ നീണ്ട അവധിക്ക് അടച്ചതോടെ പൈതൃക ടൂറിസം കേന്ദ്രമായ ഫോര്‍ട്ടുകൊച്ചിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു അനുഭവപ്പെട്ടത്. എന്നാല്‍ അഴിമുഖത്തിനു കുറുകെ സര്‍വീസ് നടത്തുന്ന പാപ്പി ബോട്ടിന്റെ അഭാവം സഞ്ചാരികള്‍ക്കും വിനയായിരുന്നു. ബോട്ട് സര്‍വീസ് നിലച്ചതോടെ ജങ്കാറില്‍ തിരക്കേറി. ആയിര കണക്കിന് യാത്രക്കാര്‍ ദൈനംദിനം ആശ്രയിക്കുന്ന സര്‍വീസ് നിലച്ചതോടെ ഏറെ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. പ്രതിഷേധമുയര്‍ത്തി വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. ഏതായാലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ അധികാരികള്‍ ഇടപെട്ടു. നഗരസഭ യഥാസമയം കരാര്‍ തുക നല്‍കാതിരുന്നതാണ് ബോട്ട് പിന്‍വലിക്കാന്‍ ഇടയായതെന്നാണ് പറയപെടുന്നത്. ബോട്ട് സര്‍വീസ് പുനരാരംഭിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. സ്‌കൂള്‍ തുറക്കും മുമ്പ് സര്‍വീസ് പുനരാരംഭിച്ചത് രക്ഷിതാക്കള്‍ക്കും ആശ്വാസമായി. നൂറു കണക്കിന് വിദ്യാര്‍ഥികളാണ് ബോട്ട് സര്‍വീസ് ആശ്രയിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക