|    Nov 14 Wed, 2018 6:36 am
FLASH NEWS

പാപ്പിനിശ്ശേരി-പിലാത്തറ റോഡ്: 86 ലക്ഷത്തിന്റെ കാമറ സ്ഥാപിക്കും

Published : 9th August 2018 | Posted By: kasim kzm

കണ്ണൂര്‍: പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡ് സപ്തംബര്‍ രണ്ടാംവാരം ഉദ്ഘാടനം ചെയ്യാന്‍ കഴിയുംവിധം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ടി വി രാജേഷ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സപ്തംബര്‍ അഞ്ചിനകം റോഡ് മാര്‍ക്കിങ് ഒഴികെയുള്ള എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കെഎസ്ടിപി അധികൃതര്‍ അറിയിച്ചു.
റോഡില്‍ ആധുനിക സാങ്കേതിക സംവിധാനത്തോടെയുള്ള സുരക്ഷാ ്രകമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. റോഡപകടങ്ങള്‍ തടയാന്‍ നാറ്റ്പാക് സംഘം ശുപാര്‍ശ ചെയ്ത നടപടികള്‍ കൈക്കൊള്ളാന്‍ ധാരണയായി. മേഖലയിലെ വര്‍ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നാറ്റ്പാക് സംഘം സര്‍വേയും പഠനവും നടത്തിയിരുന്നു. പ്രധാന സ്ഥലങ്ങളെയെല്ലാം ഉള്‍പ്പെടുത്തി നിരീക്ഷണ കാമറ സംവിധാനം ഏര്‍പ്പെടുത്തുകയെന്നതാണ് സംഘത്തിന്റെ ശുപാര്‍ശയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇതിനു 86 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ഫണ്ട് ലഭ്യമാക്കാന്‍ റോഡ് സേഫ്റ്റി കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. അമിതവേഗതയില്‍ പോവുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് റീഡര്‍ കാമറ, ചുവന്ന ലൈറ്റ് അവഗണിച്ച് പോവുന്ന വാഹനങ്ങളെ കണ്ടെത്താനുള്ള കാമറ, ഹെല്‍മെറ്റില്ലാതെ പോകുന്ന ഇരുചക്ര വാഹനയാത്രക്കാരെ കണ്ടെത്തുന്ന കാമറ എന്നിങ്ങനെ മൂന്ന് വിധത്തിലായിരിക്കും നിരീക്ഷണ സംവിധാനം.
പിലാത്തറ, പഴയങ്ങാടി പാലം, കണ്ണപുരം പോലിസ് സ്റ്റേഷന്‍, പാപ്പിനിശ്ശേരി ജങ്ഷന്‍ എന്നിവിടങ്ങളിലാണ് നമ്പര്‍ പ്ലേറ്റ് റീഡര്‍ കാമറ ശുപാര്‍ശ ചെയ്തിട്ടുള്ളത്. സിഗ്നല്‍ സംവിധാനമുള്ള ജങ്ഷനുകളിലാണ് ചുവന്ന ലൈറ്റ് അവഗണിച്ച് പോവുന്ന വാഹനങ്ങളെ കണ്ടെത്താനുള്ള കാമറ സ്ഥാപിക്കുക. മറ്റു 26 കേന്ദ്രങ്ങളില്‍ പൊതുവായ നിരീക്ഷണ കാമറ സ്ഥാപിക്കാനും നാറ്റ്പാക് പഠനസംഘം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ടൗണുകളിലും പ്രധാന ജങ്ഷനുകളിലും ഓടകള്‍ കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടണമെന്ന് ടി വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. വേഗ നിയന്ത്രണത്തിനും മറ്റ് അപകട സൂചനകള്‍ നല്‍കാനുമുള്ള ബോര്‍ഡുകള്‍, സിഗ്നലുകള്‍, റോഡിലെ അടയാളങ്ങള്‍ എന്നിവ ശാസ്ത്രീയമായി സ്ഥാപിക്കും. മഴ കഴിയുന്നതോടെ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് കെഎസ്ടിപി അറിയിച്ചു. ആവശ്യമായ ഇടങ്ങളില്‍ സ്ഥല ലഭ്യതയ്ക്കനുസരിച്ച് ബസ് സ്റ്റോപ്പുകളും നിര്‍മിക്കും. കഴിയാവുന്ന സ്ഥലങ്ങളില്‍ കാല്‍നട യാത്ര സുരക്ഷിതമാക്കാന്‍ നടപ്പാതയ്ക്കു സുരക്ഷാ വേലി നിര്‍മിക്കാനും നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി രാമകൃഷ്ണന്‍, പി കെ ഹസന്‍ കുഞ്ഞി, കെ നാരായണന്‍, എ സുഹ്‌റാബി, ഇ പി ഓമന, നാറ്റ്പാക്ക് പ്രൊജക്റ്റ് എന്‍ജിനീയര്‍ കെ ഷിജില്‍, സയന്റിസ്റ്റ് അനീഷ്, കെഎസ്ടിപി, ആര്‍ടിഒ, പോലിസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss