|    Nov 20 Tue, 2018 1:06 am
FLASH NEWS

പാപ്പാനെ കുത്തിക്കൊല്ലാനിടയാക്കിയ സാഹചര്യം സൃഷ്ടിച്ചത് ദേവസ്വമെന്ന്

Published : 11th December 2017 | Posted By: kasim kzm

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശീവേലിക്കിടെ രണ്ടാം പാപ്പാന്‍ മരിക്കാനിടയാക്കിയത് ഗുരുവായൂര്‍ ദേവസ്വം ഭരണാധികാരികളുടേയും ചില ഉദ്യോഗസ്ഥ പ്രമുഖരുടേയും അനാസ്ഥ മൂലം. ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കുറുമ്പനായ ആന ശ്രീകൃഷ്ണനേ എഴുന്നെള്ളിപ്പിന് കൊണ്ടുവന്നതാണ് രണ്ടാം പാപ്പാന്റെ മരണത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഒരുവിഭാഗം ജീവനക്കാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ഇന്നലെ രാവിലത്തെ ശീവേലിക്കിടെയായിരുന്നു ദാരുണമായ സംഭവമുണ്ടായത്.
സ്ഥിരം പ്രശന്ക്കാരനായ ഗുരുവായൂര്‍ ദേവസ്വം കുട്ടികൊമ്പന്‍ ശ്രീകൃഷ്ണനെ തിരക്കുള്ള ദിവസം തന്നെ കൊണ്ടുവന്ന് ഇത്ര വലിയ അപകടം വരുത്തിവച്ചത് ഗുരുവായൂര്‍ ദേവസ്വം ഭരണാധികാരികളുടേയും ജീവനക്കാരായ ഉദ്യോഗസ്ഥരുടെയും വീഴ്ചയാണെന്നാണ് ക്ഷേത്രത്തിലെ ഒരുവിഭാഗം ജീവനക്കാരും ആരോപിക്കുന്നത്. ആനയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ രണ്ടാംപാപ്പാന്‍ കോതച്ചിറ വെളുത്തേടത്ത് രാമന്‍നായരുടെ മകന്‍ സുഭാഷാണ് (30) ഇന്നലെ അമല ആശുപത്രിയില്‍ ദാരുണമായി മരണപ്പെട്ടത്.
സുഭാഷിനെ ഉടന്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആനയോട്ട മല്‍സരത്തില്‍ പങ്കെടുപ്പിച്ച് ക്ഷേത്രത്തിനകത്ത് വെച്ച് തിരിഞ്ഞോടി ഗുരുവായൂര്‍ സ്വദേശിയും പഞ്ചാബ്ബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന ജയറാമിനെ കുത്തിയത് ഇതേ ആനയായിരുന്നു. ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് ജയറാം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മാസങ്ങളുടെ ആശുപത്രി വാസത്തിനു ശേഷമാണ് ജയറാം നടന്ന് തുടങ്ങിയതുതന്നെ. അന്ന് ആനയോട്ട മല്‍സരത്തില്‍ പങ്കെടുത്ത ആള്‍കൂട്ടത്തിലേക്ക് ആന ഓടികയറിയതുമൂലം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഒരിക്കല്‍ എരുമപ്പെട്ടിയില്‍ ക്ഷേത്രോല്‍സവത്തിന് എഴുന്നള്ളിപ്പിന് കൊണ്ടുപോയപ്പോഴും ആന ഇടഞ്ഞ് കാട്ടില്‍ കയറി നിന്നു. രാത്രി നേരമായതിനാല്‍ നേരം പുലര്‍ന്നാണ് അന്ന് ആനയെ കണ്ടെത്തി ലോറിയില്‍ കയറ്റി ഗുരുവായൂരിലെത്തിച്ചത്.
ഇത്രയൊക്കെ മോശം റെക്കോര്‍ഡ് ഉള്ള ശ്രീകൃഷ്ണനെന്ന കുട്ടികൊമ്പനെ ശബരിമല സീസണ്‍ കാലത്തെ തിരക്കുള്ള ഞായറ്‌ഴ്ച ദിവസമായ ഇന്നലെതന്നെ എഴുന്നള്ളിപ്പിന് അയച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ആനപ്രേമികളും ക്ഷേത്രവിശ്വാസികളുടേയും ഇടയില്‍ നിന്നുയരുന്ന ശക്തമായ ആവശ്യം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആന പരിപാലന കേന്ദ്രത്തില്‍ ആനകളെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും ആനയുടെ പ്രകോപനത്തിന് വഴിവെച്ചത് അതാണെന്നും ആനക്കോട്ടയിലെ ഫോട്ടോഗ്രഫിക്കുള്ള നിരോധനം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇന്നലെ ആനയിടഞ്ഞതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇടഞ്ഞോടിയ ആന കലവറയിലെക്ക് ഓടികയറി കലവറയില്‍ ഉണ്ടായിരുന്ന പച്ചകറികളും പലചരക്ക് സാധനങ്ങളും നശിപ്പിച്ചു. ശ്രീകൃഷ്ണന്‍ ഇടഞ്ഞോടിയത് കണ്ടാണ്— തിടമ്പേറ്റിയ മറ്റാനകളായ ഗോപീകണ്ണനും കൂട്ടാനയായ രവികൃഷ്ണനും പരിഭ്രമിച്ചോടിയത്. തിടമ്പ് പിടിച്ചിരുന്ന ശാന്തിയേറ്റ കീഴ്ശാന്തി മേലേടത്ത് ഹരിനമ്പൂതിരി ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ച് ആനപുറത്ത് നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
ഗോപീകണ്ണന്‍ എന്ന ആന ഭഗവതി ക്ഷേത്രം വലംവെച്ച് ഭഗവതി കെട്ടിലെ ചെറിയ വാതില്‍മാടം വഴി പുറത്തേക്ക് ഓടി. കിഴക്കെനടയിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപം വെച്ച് ഗോപീ കണ്ണനെ തളച്ചു. ആനകള്‍ വരുന്നത് കണ്ട് ജനം പരക്കം പാഞ്ഞ് ക്ഷേത്രകുളത്തിലേക്ക് എടുത്തുചാടുകയും ചെയ്തു.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനപരിപാലന കേന്ദ്രത്തില്‍ ആനകളെ ക്രൂരമായി പീഡിപ്പിക്കുന്നത് പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്നാണ് ഫോട്ടോഗ്രഫിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ആനകള്‍ പ്രകോപനം സൃഷ്ടിക്കുന്നുവെന്ന മുടന്തന്‍ ന്യായമാണ് അതിന് ബലമായി ദേവസ്വം ഉയര്‍ത്തിയത്. പ്രകോപനം സൃഷ്ടിക്കാന്‍ സാധ്യതയുള്ള കൊമ്പനെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പിനയക്കാന്‍ തീരുമാനിച്ച് ഒരു മനുഷ്യജീവന്റെ ഉയിരെടുക്കാന്‍ കാരണമായതിന് ന്യായം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണിപ്പോഴത്തെ ഭരണസമിതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss