|    Apr 21 Sat, 2018 10:01 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പാപ്പാത്തിച്ചോലയില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ ; വിലക്കുമായി രാഷ്ട്രീയ നേതൃത്വം

Published : 30th March 2017 | Posted By: fsq

സി എ സജീവന്‍

തൊടുപുഴ: ചിന്നക്കനാല്‍ വില്ലേജിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കൈയേറി കുരിശുകള്‍ സ്ഥാപിച്ചത് പൊളിച്ചുമാറ്റുന്നതു വിലക്കി രാഷ്ട്രീയ നേതൃത്വം. കഴിഞ്ഞ 15ന് ഇതു പൊളിച്ചുനീക്കാനെത്തിയ അഡീഷനല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള ഭൂസംരക്ഷണസേനയെ കൈയേറ്റക്കാരനും കൂട്ടരും ചേര്‍ന്നു തടഞ്ഞത് വാര്‍ത്തയായിരുന്നു. എന്നാല്‍, സിപിഎമ്മിന്റെ ഉന്നത നേതാവും വൈദ്യുതി മന്ത്രിയുമായ എം എം മണി ഇടപെട്ട് സംഘത്തെ തിരിച്ചയക്കുകയായിരുന്നു. നിങ്ങള്‍ നിലവിലെ സ്ഥിതി റിപോര്‍ട്ട് ചെയ്താല്‍ മതി. അവധിയിലായ ജില്ലാ കലക്ടര്‍ 27ന് എത്തിയ ശേഷം അദ്ദേഹം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നായിരുന്നു തഹസില്‍ദാര്‍ക്ക് മന്ത്രി നല്‍കിയ നിര്‍ദേശം. ഇതനുസരിച്ചു മടങ്ങിപ്പോയ അഡീഷനല്‍ തഹസില്‍ദാര്‍ ശാന്തന്‍പാറ പോലിസില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനു കൈയേറ്റക്കാര്‍ക്കെതിരേ പരാതിയും നല്‍കി. എന്നാല്‍, ഈ പരാതിയിലും കാര്യമായ അന്വേഷണമുണ്ടായില്ല. ജില്ലാ കലക്ടര്‍ എത്തിയിട്ടും ഈ വന്‍ ഭൂമികൈയേറ്റത്തിനെതിരേ നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടില്ല. ഏതാണ്ട് 30 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഇതിന്റെ പേരില്‍ കൈയടക്കിയിരിക്കുന്നത്. സിപിഎം ചിന്നക്കനാല്‍ ഏരിയാ കമ്മിറ്റി അംഗം വി എക്‌സ് ആല്‍ബിന്‍, സിപിഐ നേതാവ് രാമയ്യന്‍, യേശു തുടങ്ങിയവര്‍ക്കെതിരേയാണ് റവന്യൂ സംഘം പോലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ രാഷ്ട്രീയക്കാരെ വിലയ്ക്കു വാങ്ങിയാണ് ഒരു പ്രദേശം മുഴുവന്‍ കുരിശുകള്‍ പണിതുയര്‍ത്തിയത്.  കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവിന്റെ മകനാണ് ഇതിനു പിന്നില്‍. ചിന്നക്കനാലിലെ ഭൂമിയുടെ നല്ലൊരു ഭാഗം അനധികൃതമായി കൈയടക്കിവച്ചിരിക്കുന്ന ഈ കുപ്രസിദ്ധ കുടുംബത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന നിരവധി അന്വേഷണ റിപോര്‍ട്ടുകള്‍ സര്‍ക്കാരിനു മുമ്പിലുണ്ട്. എന്നാല്‍, ഒരു നടപടിയും ഈ കുടുംബത്തിനെതിരേ ഉണ്ടായിട്ടില്ല. സിപിഎം നേതാവ് വി എക്‌സ് ആല്‍ബിനാണ് ഇവിടത്തെ പ്രധാന ഇടനിലക്കാരന്‍. ഇയാള്‍ക്കെതിരേയും നിരവധി അന്വേഷണ റിപോര്‍ട്ടുകള്‍ സര്‍ക്കാരിനു മുമ്പിലുണ്ട്. പാപ്പാത്തിമലയിലെ കൈയേറ്റത്തിനു ക്രിസ്ത്യന്‍ പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഭക്തിയുടെ മറവില്‍ സര്‍ക്കാര്‍ഭൂമി അന്യാധീനപ്പെടുത്താനുള്ള തന്ത്രമാണിത്. 15 അടി ഉയരത്തിലുള്ള കൂറ്റന്‍ കുരിശുകളാണ് മല നിറയെ സ്ഥാപിച്ചിരിക്കുന്നത്. ഭക്തിയുടെ മേമ്പൊടിയുണ്ടായാല്‍ ഭരണകര്‍ത്താക്കളെ അകറ്റാമെന്ന തന്ത്രമാണ് ഇതിനു പിന്നില്‍. ചിന്നക്കനാലിലും പരിസരത്തുമുള്ള റിസോര്‍ട്ടുകളില്‍ എത്തുന്ന വിദേശികള്‍ അടക്കമുള്ള ആളുകളെ തന്ത്രപരമായി കുരിശുമലയില്‍ എത്തിച്ചാണ് ഇവിടെ ഭക്തി ടൂറിസം വളര്‍ത്തുന്നത്. കുരിശിന്റെ വഴികളിലൂടെ അലങ്കാരച്ചെടികളും മറ്റും നട്ടുപിടിപ്പിച്ച് ആകര്‍ഷകമാക്കിയിട്ടുമുണ്ട്. ഇതിന്റെ തുടക്കഭാഗത്ത് പള്ളിനിര്‍മാണവും നടക്കുന്നുണ്ട്. താല്‍ക്കാലിക ഷെഡെന്നു പറഞ്ഞാണ് ഇത് നിര്‍മിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss