|    Mar 23 Thu, 2017 4:06 pm
FLASH NEWS

പാപ്പനംകോട്ട് ഉപതിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണല്‍ നാളെ

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: വീറും വാശിയുമേറിയ പ്രചാരണത്തിനു ശേഷം പാപ്പനംകോട് വാര്‍ഡില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ 7ന് ആരംഭിച്ച് വൈകീട്ട് 5ന് അവസാനിക്കും. ഇതോടൊപ്പം വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കരവിള, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പും ഇന്നു നടക്കും. പാപ്പനംകോട് വാര്‍ഡിലെ വോട്ടെണ്ണല്‍ സ്വാതിതിരുനാള്‍ സംഗീത കോളജിലും തൊളിക്കോട് വാര്‍ഡിലേത് വര്‍ക്കല വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വെട്ടൂര്‍ വാര്‍ഡിലേത് വര്‍ക്കല എസ്എന്‍ കോളജിലും നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും.
പാപ്പനംകോട് വാര്‍ഡിലെ കൈമനം വിമന്‍സ് പോളിടെക്‌നിക്കില്‍ രണ്ടും നീറമണ്‍കര എന്‍എസ്എസ് വിമന്‍സ് കോളജില്‍ രണ്ടും പാപ്പനംകോട് കെഎസ്ആര്‍ടിസി എന്‍ജിനീയറിങ് കോളജില്‍ ഒന്നും കരുമം യുപി സ്‌കൂളില്‍ രണ്ടും പോളിങ് സ്‌റ്റേഷനുകളാണുള്ളത്. വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് അക്കരവിള വാര്‍ഡിലെ വെട്ടൂര്‍ ജിഎച്ച്എസ്എസില്‍ രണ്ടും തൊളിക്കോട് തോട്ടുമുക്ക് വാര്‍ഡിലെ വി വി ദായിനി ഗവ. യുപി സ്‌കൂളിലും മണലയം അഗ്രോ ക്ലിനിക് സെന്ററിലും ഓരോ പോളിങ് സ്‌റ്റേഷനുകളുണ്ട്.
ബിജെപി കൗണ്‍സിലര്‍ കെ ചന്ദ്രന്‍ ഷോക്കേറ്റ് മരിച്ചതോടെയാണ് പട്ടികജാതി വാര്‍ഡായ പാപ്പനംകോട് ഉപതിരഞ്ഞെടുപ്പിനു വേദിയായത്. മൂന്നു സ്ഥാനാര്‍ഥികള്‍ മാത്രമുണ്ടായിരുന്ന കഴിഞ്ഞ മത്സത്തില്‍ 505 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎമ്മിന്റെ ആര്‍ ഉണ്ണികൃഷ്ണനെയാണ് ചന്ദ്രന്‍ തോല്‍പിച്ചത്. ചന്ദ്രന്‍ 2519 വോട്ട് നേടിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ 2024 വോട്ടിലൊതുങ്ങി. യുഡിഎഫിന്റെ രവീന്ദ്രന് 866 വോട്ട് ലഭിച്ചു. ഇപ്പോള്‍ 8696 വോട്ടര്‍മാരാണുള്ളത്. ബിജെപിയുടെയും ഇടതുമുന്നണിയുടെയും അപരന്മാരടക്കം ആറു പേരാണ് മത്സരരംഗത്തുള്ളത്.
ചന്ദ്രന്റെ അനന്തരവള്‍ ജി എസ് ആശാനാഥാണ് സീറ്റ് നിലനിര്‍ത്താന്‍ രംഗത്തുള്ളത്. സിഐടിയു പ്രവര്‍ത്തകന്‍ കെ മോഹനന്‍ ഇടതുമുന്നണിക്കായി മത്സരിക്കുന്നു. സി കെ അരുണ്‍ വിഷ്ണുവാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വോട്ടുറപ്പിക്കാന്‍ ആശാനാഥ് ഇന്നലെയും വീടുകള്‍ കയറിയിറങ്ങി.
അഞ്ഞൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് ആശ അവകാശപ്പെട്ടു. സിപിഎം സ്ഥാനാര്‍ഥി കെ മോഹനനും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു. ആറു റൗണ്ടോളം നീണ്ട പ്രചാരണത്തിനിടെ വിട്ടുപോയവരെ കാണാനായിരുന്നു വീടുകയറിയുള്ള വോട്ടഭ്യര്‍ഥന. ഏഴ് ബൂത്തുപ്രദേശത്തും ഓടിയെത്തിയതായി കെ മോഹനന്‍ പറഞ്ഞു. ജയം ഉറപ്പാണെന്ന് മോഹനന്‍ അവകാശപ്പെട്ടു. അതിനിടെ, സെന്റ് മേരീസ് സ്‌കൂളിനടുത്തുള്ള ഇടതുമുന്നണിയുടെ ബൂത്ത് ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. മിനിഞ്ഞാന്ന് രാത്രിയിലാണ് ബൂത്ത് കത്തിച്ചത്. കസേരകളും പോസ്റ്ററും കത്തി. പരാജയഭീതിയിലായ ബിജെപിയാണ് ഇതിനു പിന്നിലെന്ന് ഇടതുമുന്നണി നേതാക്കള്‍ ആരോപിച്ചു.
വോട്ട് തട്ടാന്‍ സിപിഎമ്മുകാര്‍ തന്നെയാണ് കത്തിച്ചതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇത്തവണ ഒന്നാമതെത്താന്‍ പടവെട്ടുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ വിഷ്ണു. കഴിഞ്ഞ തവണത്തെ പോരായ്മകള്‍ നികത്തിയുള്ള പ്രചാരണമായിരുന്നു ഇക്കുറിയെന്നും ജയം തനിക്കായിരിക്കുമെന്നും അരുണ്‍ പറഞ്ഞു.

(Visited 100 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക