|    Oct 23 Tue, 2018 6:34 am
FLASH NEWS

പാന്‍മസാല മൊത്ത വില്‍പന: മൂന്നുപേര്‍ പിടിയില്‍

Published : 9th January 2017 | Posted By: fsq

 

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ പാന്‍മസാല മൊത്ത വിതരണം നടത്തിയിരുന്ന സംഘം കൊട്ടിയം പോലിസിന്റെ പിടിയില്‍. കിളിമാനൂര്‍ പുതിയകാവ് പുത്തന്‍മംഗലത്ത് വീട്ടില്‍ മാരിയപ്പന്‍ (38), കിളിമാനൂര്‍ ചുണ്ട രാജി ഭവനില്‍ രതീഷ് (30), കൊട്ടിയം ഇണ്ടക്കുമുക്ക് എം കെ ഹൗസില്‍ ഷാഹുല്‍ ഹമീദ് (58) എന്നിവരാണു പിടിയിലായത്. ഇവരില്‍ നിന്നും 10000ത്തിലധികം വരുന്ന പാന്‍മസാല പാക്കറ്റുകള്‍ കണ്ടെടുത്തു. പിടികൂടിയ പാന്‍മസാലക്ക് അഞ്ചുലക്ഷത്തിലധികം രൂപ വിലവരും. സ്‌കൂള്‍, കോളജ് പരിസരങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകള്‍ എന്നിവിടങ്ങളില്‍ വിതരണത്തിനായി കൊണ്ടുവരവെ ഒരു സ്‌കൂളിന്റെ പരിസരത്തു നിന്നാണ് ഇവര്‍ പിടിയിലായത്. സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ വില്‍പ്പന നടത്തുന്ന സംഘമായതിനാല്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരേ പോലിസ് ചുമത്തുന്ന കോട്പാ ആക്റ്റിനൊപ്പം ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരവുമാണ് ഇവര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുള്ളത്. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നു പച്ചക്കറി കയറ്റിവരുന്ന ലോറികളിലും കാറിലുമായാണ് ഇവര്‍ പാന്‍മസാല കേരളത്തില്‍ എത്തിച്ചിരുന്നത്. തെങ്കാശിയില്‍ നിന്നു കിളിമാനൂരിലുള്ള ഒരു ഗോഡൗണില്‍ പാന്‍ മസാല സൂക്ഷിച്ച ശേഷം കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ള കടകളിലേക്ക് വിതരണം ചെയ്യുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. പിടിയിലായ പ്രതികളുമായി കൊട്ടിയം പോലിസ് കിളിമാനൂരിലെ ഗോഡൗണില്‍ പരിശോധന നടത്തിയെങ്കിലും ഒന്നുംതന്നെ കണ്ടെത്താനായില്ല. പോലിസ് റെയ്ഡിനെത്തുന്ന വിവരമറിഞ്ഞ് പാന്‍മസാല ഗോഡൗണില്‍ നിന്നു മാറ്റിയിരുന്നു. മാരിയപ്പനും രതീഷും ചേര്‍ന്നാണ് പാന്‍മസാലക്ക് കടകളില്‍ നിന്ന് ഓര്‍ഡര്‍ ശേഖരിച്ചിരുന്നത്. കൂള്‍ ലിപ്പ്, ശംഭു, ഹാന്‍സ് തുടങ്ങി പത്തോളം ഇനത്തില്‍പ്പെട്ട പാന്‍ മസാലകളുടെ പാക്കറ്റുകളാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ അഞ്ചു രൂപയില്‍ താഴെ വിലയുള്ള പാന്‍മസാല ഇവര്‍ കടത്തിക്കൊണ്ടു വന്ന് 30 മുതല്‍ 50 രൂപ വിലയ്ക്കാണ് വിറ്റിരുന്നത്. കിളിമാനൂരില്‍ നിന്നും കൊട്ടിയത്തെ സ്‌കൂള്‍ പരിസരങ്ങളില്‍ ഓട്ടോയില്‍ പാന്‍ മസാല കൊണ്ടുവന്ന് മൊത്ത വിതരണം നടത്തുന്നതായി ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം സി ഐ അജയ്‌നാഥ്, കൊട്ടിയം എസ്‌ഐ ആര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം പിടിയിലായ സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. കടകള്‍ക്കു സമീപം മഫ്തിയിലുള്ള പോലിസിന്റെ സാന്നിധ്യം മണത്തറിഞ്ഞ സംഘം കുറേദിവസം കൊട്ടിയത്തേക്കു പാന്‍മസാലയുമായി എത്തിയിരുന്നില്ല. പോലിസ് ഓപറേഷന്നില്‍ നിന്നും പിന്‍മാറിയെന്നു കരുതി ഇന്നലെ എത്തിയപ്പോഴാണ് കൊട്ടിയം എസ്‌ഐ ആര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. എഎസ്‌ഐമാരായ സുന്ദരേശന്‍, അശ്‌റഫ്, ജാനസ് ബേബി, സിപിഒമാരായ ഷൂജ, ഗോപന്‍, രാജേഷ്, ജോസ്പ്രകാശ് എന്നിവരടങ്ങിയ സംഘമാണു പാന്‍മസാല വില്‍പനസംഘത്തെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss