|    Sep 23 Sun, 2018 11:21 pm
FLASH NEWS
Home   >  Kerala   >  

പാന്‍കാര്‍ഡ് ലഭിക്കാന്‍ കാലതാമസം;ഇടപാടുകാര്‍ നെട്ടോട്ടത്തില്‍

Published : 12th January 2017 | Posted By: mi.ptk

pan-card-01

ലിജോ  കാഞ്ഞിരത്തിങ്കല്‍

ചാലക്കുടി: ബാങ്കുകളില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ പാന്‍കാര്‍ഡിനായി ഇടപാടുകാര്‍ നെട്ടോട്ടമോടുന്നു. ഫെബ്രുവരി 28നകം എല്ലാ ബാങ്കുകളിലും ബാങ്ക് അക്കൗണ്ടുമായി പാന്‍കാര്‍ഡ് ലിങ്ക് ചെയ്യണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമാണു ചെറുകിട നിക്ഷേപകര്‍ക്കും വിനയായത്. മാര്‍ച്ച് മാസത്തിനു മുമ്പായി ആദായനികുതി അടയ്‌ക്കേണ്ട ഇടത്തരം ജീവനക്കാര്‍ക്കുപോലും കാര്‍ഡില്ലെങ്കില്‍ തുകയുടെ ഇരട്ടി കൊടുക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമായിരുന്ന പാന്‍കാര്‍ഡിന് ഇപ്പോള്‍ രണ്ടു മാസത്തിലധികം കാത്തിരിക്കേണ്ട ഗതികേടാണ്. ഓഫിസുകളില്‍ അധിക ജീവനക്കാരില്ലാത്തതും പുതിയ സംവിധാനം ഏ ര്‍പ്പെടുത്താത്തതുമാണ് കാര്‍ഡ് വിതരണത്തിന് കാലതാമസം വരുത്തുന്നത്. നവംബര്‍ 20ന് ശേഷം അപേക്ഷിച്ചിട്ടുള്ള ആര്‍ക്കും ഇതുവരെയും കാര്‍ഡ് ലഭിച്ചിട്ടില്ല. ഇനി എന്നു ലഭ്യമാവും എന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. 1961ലാണ് സ്വതന്ത്ര ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് ആക്റ്റ് നിലവില്‍ വന്നത്. 1976 എപ്രില്‍ 1ന് ആദായനികുതി സമര്‍പ്പിക്കാന്‍ ആവശ്യമായ അപേക്ഷാ ഫോമും നിലവില്‍ വന്നു. ഇതേത്തുടര്‍ന്ന് 1995 ജൂലൈ 1നാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ എന്ന പാന്‍കാര്‍ഡ് നിയമവിധേയമായത്. നിലവില്‍ ആദായനികുതി വകുപ്പിന്റെ കീഴില്‍ പാന്‍കാര്‍ഡ് ലഭിക്കുന്നതിന് ഇന്ത്യക്കകത്ത് 107രൂപയും വിദേശ ഇന്ത്യക്കാര്‍ക്ക് 994രൂപയുമാണ് ഫീസായി നല്‍കേണ്ടത്. പാന്‍കാര്‍ഡ് അപേക്ഷ സ്വീകരിക്കുന്നതിന് രജിസ്‌ട്രേഡ് ഏജന്‍സികളെയാണു ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവര്‍  150രൂപയാണ് അപേക്ഷകരില്‍ നിന്ന് ഈടാക്കുന്നത്. ഈ ഏജന്‍സികള്‍ അവരുടെ കീഴില്‍ സബ് ഏജന്‍സികളെ ഇക്കാര്യത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. സബ് ഏജന്‍സികളില്‍ നിന്ന് കാര്‍ഡ് എടുക്കുന്നവര്‍ക്ക് 170മുതല്‍ 200രൂപ വരെ ഫീസായി നല്‍കണം. പാന്‍കാര്‍ഡിനായുള്ള അപേക്ഷകള്‍ കൊച്ചിയിലെ ആദായനികുതി ഓഫിസിലാണ് ആദ്യമായി എത്തുന്നത്. ഇവിടെ നിന്ന് അപേക്ഷകന്റെ പ്രാഥമിക വിവരം അന്വേഷിച്ച് ചെന്നൈയിലുള്ള ആദായ നികുതി ഓഫിസിന് കൈമാറും. ചെന്നൈ ഓഫിസില്‍ നിന്നും അക്കത്തിലും അക്ഷരത്തിലുമുള്ള 10 അക്കങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആധാര്‍ നമ്പര്‍ നല്‍കി മുംബൈയിലെ ആദായനികുതി ഓഫിസിലേക്ക് അയക്കും. അവിടെനിന്നാണ് പാന്‍കാര്‍ഡ് ലഭ്യമാവുന്നത്. ഇത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണു രണ്ടാഴ്ചയ്ക്കുള്ളില്‍ കാ ര്‍ഡ് അപേക്ഷകന് നല്‍കുന്നത്. എന്നാല്‍ മുഴുവന്‍ അക്കൗണ്ടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ആര്‍ബിഐയുടെ നിര്‍ദേശം കര്‍ശനമായതോടെ പാന്‍കാര്‍ഡിനായുള്ള അപേക്ഷകരുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിച്ചു. ഇതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം. എന്നാല്‍ ആദായനികുതി ഓഫിസുകളില്‍ അധിക ജീവനക്കാരെ നിയമിക്കാത്തതിനാല്‍ വിതരണം അവതാളത്തിലായിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss