|    Jun 24 Sun, 2018 8:25 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അംഗപരിമിതനും അധ്യാപകനുമുള്‍പ്പെടെ പീഡനം സഹിച്ചത് ഒമ്പതു വര്‍ഷം

Published : 26th November 2015 | Posted By: SMR

പാനായിക്കുളം കേസ്; യുവാക്കള്‍ അറസ്റ്റിലാവുന്നത് രണ്ടുവര്‍ഷത്തിനു ശേഷം: അംഗപരിമിതനും അധ്യാപകനുമുള്‍പ്പെടെ പീഡനം സഹിച്ചത് ഒമ്പതു വര്‍ഷം

കോട്ടയം: 2006 ആഗസ്ത് 15ന് പാനായിക്കുളത്തു നടന്ന സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ വികലാംഗനും അധ്യാപകനുമുള്‍പ്പെടെ 11 പേര്‍ പീഡനം സഹിക്കേണ്ടിവന്നത് ഒമ്പതു വ ര്‍ഷത്തിലധികം. എറണാകുളം ജില്ലയിലെ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടന്ന ‘സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകളുടെ പങ്ക്’ എന്ന സെമിനാറാണ് ദേശീയതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിമി തീവ്രവാദ ക്യാംപായി അറിയപ്പെട്ടത്. സെമിനാര്‍ നടന്ന അന്നുതന്നെ നിരോധിക്കപ്പെട്ട സിമിയുടെ പരിപാടിയാണെന്ന പരാതിയില്‍ 18 പേരെ കസ്റ്റഡിയിലെടുക്കുകയും അഞ്ചു പേരെ റിമാന്‍ഡ് ചെയ്യുകയും 13 പേരെ നിരപരാധികളാണെന്നു കണ്ടു വിട്ടയക്കുകയുമായിരുന്നു.
അന്നു റിമാന്‍ഡിലായ അഞ്ചു പേരെ രണ്ടു മാസത്തിലധികം തടവില്‍ പാര്‍പ്പിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലിസിനു സാധിക്കാത്തതിനാലായിരുന്നു ഹൈക്കോടതി മോചിപ്പിച്ചത്. എന്നാല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ പാനായിക്കുളം കേസ് പുനരന്വേഷണത്തിന് തിരുവനന്തപുരം എപി ബറ്റാലിയന്‍ ഡിഐജിയായിരുന്ന ടി കെ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചു. തുടര്‍ന്ന് നിരപരാധികളെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ട യുവാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്തു. അങ്ങനെ റിമാന്‍ഡിലായവരില്‍ തൃശൂര്‍ ഏറിയാട് സ്വദേശിയും വികലാംഗനുമായ ഷെമീര്‍, എറിയാട് കടകത്തകത്ത് വീട്ടില്‍ അബ്ദുല്‍ ഹക്കീം, ഉടുമ്പന്‍ചോല പൂപ്പാറ മുണ്ടികുന്നേല്‍ നിസാര്‍, കോതമംഗലം പല്ലാരിമംഗലം ഉള്ളിയാട്ട് വീട്ടില്‍ മുഹ്‌യുദ്ദീന്‍കുട്ടി എന്ന താഹ, പറവൂര്‍ വയലക്കാട് കാട്ടിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, എറിയാട് ഇല്ലംതുരുത്തി വീട്ടില്‍ അഷ്‌കര്‍, എറിയാട് എട്ടുതെങ്ങിന്‍ പറമ്പില്‍ നിസാ ര്‍ എന്ന മുഹമ്മദ് നിസാര്‍, പാനായിക്കുളം മാടത്തില്‍ വീട്ടില്‍ ഹാഷിം, തൃക്കാരിയൂര്‍ ചിറ്റേത്തുകുടിയില്‍ റിയാസ്, പെരുമ്പാവൂര്‍ മുടിക്കല്‍ കൊല്ലംകുടിയില്‍ മുഹമ്മദ് നൈസാം, ഉളിയന്നൂര്‍ സ്വദേശി നിസാര്‍ എന്നിവരെയാണു വെറുതെവിട്ടത്.
അധ്യാപകനായിരുന്ന താഹയെ കേസിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2008ല്‍ പല തവണയായി അറസ്റ്റിലായ യുവാക്കള്‍ ആഴ്ചകളോളം റിമാന്‍ഡില്‍ കഴിഞ്ഞു. യുവാക്കളെ അറസ്റ്റ് ചെയ്ത് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പു നടത്തിയും എറണാകുളം പോലിസ് ക്ലബ്ബിലും മറ്റുമായി ദേശീയ മാധ്യമങ്ങളുള്‍പ്പെടെ വന്‍ മാധ്യമപ്പടയ്ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചും നടത്തിയ വേട്ടകള്‍ നിയമസംവിധാനത്തെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. അഭ്യസ്തവിദ്യരായ യുവാക്കളുടെ ഭാവിയാണ് കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ നിയമപോരാട്ടത്തിനിടയില്‍ ഹോമിക്കപ്പെട്ടത്.കേസിന്റെ പുനരന്വേഷണത്തോടെ പലരുടെയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പലരെയും ജോലിചെയ്ത സ്ഥാപനങ്ങളില്‍ നിന്നു പിരിച്ചുവിട്ടു.
2010ല്‍ കേസ് എന്‍ഐഎ ഏറ്റെടുത്തെങ്കിലും പോലിസ്, ൈക്രംബ്രാഞ്ച് കണ്ടെത്തലിനപ്പുറം ഒരടി പോലും മുന്നോട്ടുപോവാന്‍ അവര്‍ക്കായില്ല. നിരപരാധികളായ യുവാക്കള്‍ക്കെതിരേ വ്യാജരേഖ ചമച്ചു, കൃത്രിമ തെളിവുകള്‍ ഹാജരാക്കി തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദം ശരിവയ്ക്കുന്നതായി കോടതി വിധി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss