|    Sep 23 Sun, 2018 12:13 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

പാത വരുമ്പോള്‍ എന്തു പരിസ്ഥിതി?

Published : 28th January 2017 | Posted By: fsq

ഗ്രീന്‍ നോട്ട്്‌സ്

ജി എ ജി അജയമോഹന്‍

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന പദ്ധതിയെന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച അങ്കമാലി-ശബരി റെയില്‍പാതയുടെ കാര്യത്തിലെ ആകസ്മിക ട്വിസ്റ്റില്‍ അമ്പരന്നിരിക്കുകയാണ് കേരളീയര്‍. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാന്‍ ശ്രമം നടക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ റെയില്‍വേ ഉപദേശകസ്ഥാനം വഹിക്കുന്ന ഇ ശ്രീധരന്‍ രംഗത്തുവന്നത് പലരെയും ഞെട്ടിച്ചു. കോടികള്‍ മുടക്കി പാത നിര്‍മിച്ചാല്‍ പ്രതീക്ഷിക്കുന്ന വരുമാനം പദ്ധതിയില്‍നിന്ന് ഉണ്ടാവില്ലെന്നും ട്രെയിനില്‍ കയറാന്‍ ആളില്ലാത്ത അവസ്ഥപോലുമുണ്ടാവുമെന്നുമാണ് ശ്രീധരന്‍ പൊട്ടിച്ച വെടി. വാര്‍ത്തയാവാതിരുന്നത് മറ്റൊന്നാണ്. പാത പരിസ്ഥിതിപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടിയത്. പല മാധ്യമങ്ങളും ഇക്കാര്യം കണ്ടില്ലെന്ന് നടിച്ചു.പരിസ്ഥിതി വലിയ പ്രശ്‌നമായി ആരും കണക്കാക്കരുതെന്നതില്‍ എന്തോ നിര്‍ബന്ധമുള്ളതുപോലെ. പാതയ്ക്കായി വളരെ കുറച്ച് സ്ഥലമേ ആവശ്യമുള്ളൂ എന്നും വനഭൂമിയിലൂടെയോ പശ്ചിമഘട്ടത്തിലൂടെയോ പാത കടന്നുപോവുന്നില്ല എന്നുമൊക്കെ ചൂണ്ടിക്കാട്ടി പദ്ധതി വലിയ പാരിസ്ഥിതികപ്രശ്‌നമുണ്ടാക്കില്ല എന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. (പശ്ചിമഘട്ടവും വനഭൂമിയും മാത്രമാണോ പരിസ്ഥിതി എന്ന്് ചോദിക്കരുത്). എന്നാല്‍, പാതയെക്കുറിച്ച്് ഏറ്റവും നന്നായി അറിയാവുന്നയാള്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും അതു വാര്‍ത്തയാവുന്നില്ല എന്നിടത്താണ് യഥാര്‍ഥ പ്രശ്‌നം. ചുരുങ്ങിയപക്ഷം, ഏറ്റവും പരിസ്ഥിതിസൗഹാര്‍ദപരമായ പൊതുഗതാഗതസംവിധാനമെന്ന നിലയില്‍ പാരിസ്ഥിതികപ്രശ്‌നത്തെ കാര്യമായെടുക്കേണ്ടതില്ല എന്നൊരു എതിര്‍വാദമുയര്‍ത്താന്‍പോലും ആരും തയ്യാറായിക്കണ്ടില്ല. അങ്ങനെപോലും ഈ വിഷയം ചര്‍ച്ചയാവാതിരിക്കണമെന്ന് നിര്‍ബന്ധമുള്ളതുപോലെ.അല്ലെങ്കിലും പരിസ്ഥിതി വിഷയം ഉന്നയിച്ച് വികസനപദ്ധതികളെ എതിര്‍ക്കാന്‍ മലയാളികളെ കിട്ടാതായിരിക്കുന്നു. ഓരോ വീടിനും കുറഞ്ഞത്് ഓരോ വാഹനം എന്ന നിലയിലായതോടെ, ഗതാഗതസൗകര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേകിച്ചും. ഏതുവഴിക്കും വഴിയും വണ്ടിയും വന്നാല്‍ മതി. അതുകൊണ്ടുതന്നെയാണ് മുത്തങ്ങ പാതയിലെ രാത്രിഗതാഗത നിരോധനം അയല്‍സംസ്ഥാനക്കാര്‍ക്ക് മാത്രം താല്‍പര്യമുള്ള വിഷയമായി നാം കാണുന്നത്. വന്യജീവികള്‍ രാപകല്‍ ഭേദമില്ലാതെ വണ്ടിച്ചക്രങ്ങള്‍ക്കടിയില്‍പ്പെടുന്ന വന്യജീവിസങ്കേതങ്ങള്‍ ഇവിടെത്തന്നെ ഇനിയുമുണ്ടായിട്ടും നാം അറിയാത്തഭാവം നടിക്കുന്നത്. നീര്‍ച്ചോലകളും ഉരുള്‍പൊട്ടല്‍ മേഖലകളുമുള്ള വനത്തില്‍ മലതുരന്ന് തുരങ്കപാതയുണ്ടാക്കാന്‍ പദ്ധതി വരുമ്പോഴും ആര്‍ക്കും മിണ്ടാട്ടമില്ലാത്തത്. റെയില്‍പാതകള്‍ക്കും റോഡുകള്‍ക്കും വൈദ്യുതിവിതരണ ശൃംഖലകള്‍ക്കുമൊക്കെയായി ലോകത്താകെ അവശേഷിക്കുന്ന നാലായിരത്തില്‍താഴെ (പരമാവധി സംഖ്യയാണിത്) കടുവകളുടെ ആവാസമേഖലകള്‍ തീറെഴുതപ്പെട്ടുക്കഴിഞ്ഞതായ ഡബ്ല്യൂഡബ്ല്യൂഎഫ് റിപോര്‍ട്ട്് രണ്ടു മാസം മുമ്പ് പുറത്തുവന്നപ്പോള്‍ വാര്‍ത്തയാവാതിരുന്നതും ഇക്കാരണത്താല്‍ തന്നെയാവണം.അപ്പോള്‍ ആറന്‍മുളയോ? കെട്ടുകെട്ടിച്ചില്ലേ വിമാനത്താവളപദ്ധതിയെ എന്ന ചോദ്യമുയരാം. അതൊരു വലിയ തമാശയാണ്. ഹെക്ടര്‍കണക്കിന് നെല്‍വയലുകളുടെയും പമ്പയാറിന്റെ ജലബാങ്കുകളായ തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണമായിരുന്നില്ല അവിടെ മുഖ്യമായും ഉയര്‍ത്തപ്പെട്ടത്. വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരിലായിരുന്നു പോരാട്ടം. ഇല്ലാതാവുന്ന പാടവും പച്ചപ്പും മീനും തുമ്പിയും തവളയുമൊന്നുമായിരുന്നില്ല, ഇല്ലാതാവുന്ന ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചായിരുന്നു വിമാനത്താവളത്തിനെതിരായ പ്രക്ഷോഭം പ്രധാനമായും ആശങ്കപ്പെട്ടത്. മരത്തിനും കിളികള്‍ക്കും പൂമ്പാറ്റയ്ക്കും വാനരന്‍മാര്‍ക്കുമൊക്കെ വേണ്ടി എഴുതുകയും പാടുകയും സമരം നയിച്ച് വിജയിക്കുകയുമൊക്കെ ചെയ്‌തൊരു കവിയാണ് സമരത്തിന് മുന്‍നിരയിലുണ്ടായിരുന്നതെങ്കിലും സൈലന്റ്‌വാലിയിലേതുപോലൊരു പരിസ്ഥിതി വിലാപം ഉയര്‍ന്നുകേട്ടില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടിയായിരുന്നു പ്രക്ഷോഭമെങ്കില്‍ ഇത്തരത്തില്‍ വിജയിപ്പിച്ചെടുക്കാന്‍ സാധിക്കുമായിരുന്നോ എന്നതു വേറെ കാര്യം. ഇക്കാരണങ്ങള്‍കൊണ്ടൊക്കെയാവാം, ആറന്‍മുളയ്ക്കു പകരം എരുമേലിയില്‍ വിമാനത്താവളം പണിയാമെന്നു പറയുമ്പോള്‍ നമ്മള്‍, ആയ്‌ക്കോട്ടെ, അതുമതിയെന്നു പറഞ്ഞ്, പ്രശ്‌നം പരിഹരിച്ചതായി പ്രഖ്യാപിച്ച്് സ്വയം പിരിഞ്ഞുപോവുന്നത്്. ഇനിയുമൊരു വിമാനത്താവളം ആര്‍ക്കുവേണ്ടിയെന്ന ചോദ്യം മടക്കി പോക്കറ്റിലിടുന്നത്. വിമാനത്താവളം നിര്‍മിക്കാന്‍ എവിടെ നിന്ന് കല്ലും മണ്ണും എടുക്കുമെന്നും എത്ര മലകള്‍ അതിനുവേണ്ടി തുരക്കേണ്ടിവരുമെന്നും ചിന്തിക്കാതെയിരിക്കുന്നത്്.പാതകളുടെ കാര്യത്തില്‍ മാത്രമല്ല, പരിസ്ഥിതിസംബന്ധിച്ച പല കാര്യങ്ങളിലും പക്കാ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ തന്നെ മുന്നോട്ടുവച്ച് മുറവിളി ഉയര്‍ത്താന്‍ നമ്മള്‍ക്ക്് മടിയാണിന്ന്. ഉയര്‍ന്നുവരുന്ന പല പരിസ്ഥിതിപ്രശ്‌നങ്ങളിലും മനുഷ്യകേന്ദ്രീകൃതമാണ് വിലാപങ്ങള്‍. കിണറ്റിലെ വെള്ളം വറ്റുന്നു, വെള്ളപ്പൊക്കമുണ്ടാക്കുന്നു, കൃഷിക്ക്് വെള്ളം കിട്ടാതാവുന്നു, വീട്ടുമുറ്റത്തേക്ക്് മലിനജലമെത്തുന്നു എന്നൊക്കെയായി ഒതുങ്ങുന്നു പാരിസ്ഥിതിക മുറവിളികള്‍. സിംഹവാലനെ മുന്നില്‍ നിര്‍ത്തി സൈലന്റ്‌വാലിയെ നേരിട്ടതുപോലെ പാമ്പിനെയും തവളയെയുമൊക്കെ മുന്‍നിര്‍ത്തി ‘വികസന’ത്തെ നേരിടാന്‍ ആര്‍ക്കും പഴയതുപോലെ ചങ്കുറപ്പില്ല. മലമുഴക്കിവേഴാമ്പലിന് സംസ്ഥാന പക്ഷിയെന്ന ബഹുമതിയൊക്കെയുണ്ട്്. ആതിരപ്പിള്ളി പദ്ധതി വന്നാല്‍ അവയുടെ വംശം തന്നെ ഇല്ലാതായേക്കും. എന്നാല്‍, മലമുഴക്കിയെ മുഖ്യവിഷയമായി പ്രക്ഷോഭം നയിക്കാന്‍ ആരുണ്ടിവിടെ? വികസനത്തോടാണോ കളി, എങ്കില്‍ പരിസ്ഥിതി സമരത്തിന് ഞാനില്ല എന്നാണ് നിലപാട്. വിഴിഞ്ഞവും കൂടംകുളവുമൊക്കെ ഇതിനുദാഹരണങ്ങളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss