|    Sep 24 Mon, 2018 2:51 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പാതിവെന്ത വേദനയുടെ ഓര്‍മകളില്‍ ദിലാവറിന്റെ ജീവിതം

Published : 6th January 2018 | Posted By: kasim kzm

കെ എ  സലിം

ദേഹം വെന്ത നോവില്‍ അഭയാര്‍ഥി ക്യാംപുകളില്‍ നിന്ന് കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഉയരവെ ഗൗരവ് യാത്രയില്‍ ഏറെ അകലെയല്ലാതെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചു: ഗോധ്രയില്‍ 60 നിര്‍ദോഷികളായ രാമഭക്തരെ ട്രെയിനിലിട്ട് കത്തിച്ചുകൊന്നത് നിങ്ങളറിഞ്ഞോ? ഉറക്കെ പറയൂ. വാര്‍ത്തയില്‍ നിങ്ങള്‍ അക്കാര്യം കേട്ടില്ലേ? ജനക്കൂട്ടം ആര്‍ത്തുവിളിച്ചു: അറിഞ്ഞു, അറിഞ്ഞു. അതിനുശേഷം നിങ്ങള്‍ ആരുടെയെങ്കിലും വീടു കത്തിച്ചോ? കടകള്‍ കത്തിച്ചോ? ഉറക്കെ പറയൂ. ജനക്കൂട്ടം ആര്‍ത്തുവിളിച്ചു: ഇല്ലാ… നിങ്ങള്‍ ആരെയെങ്കിലും കുത്തിക്കൊല്ലുകയോ തലവെട്ടുകയോ ചെയ്‌തോ? ഇല്ലാ… നിങ്ങള്‍ ആരെയെങ്കിലും ബലാല്‍സംഗം ചെയ്‌തോ? ഇല്ലാ… ഗുജറാത്തിന്റെ ശത്രുക്കള്‍ നിങ്ങള്‍ ഇതെല്ലാം ചെയ്‌തെന്നു പറഞ്ഞുനടക്കുകയാണ്. അവര്‍ ഗുജറാത്തിനെ അപമാനിക്കുകയാണ്- മോദി പറഞ്ഞു.
മോദി നുണപറയുമ്പോള്‍ ആലംനഗര്‍ ക്യാംപില്‍ ചികില്‍സപോലും കിട്ടാതെ പാതിവെന്ത ദേഹത്തിന്റെ വേദനയുമായി നിലവിളിക്കുന്ന നൂറുകണക്കിനുപേരിലൊരുവനായി ഫിറോസ് ദിലാവര്‍ ശെയ്ഖുമുണ്ടായിരുന്നു.
ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഇഹ്‌സാന്‍ ജഫ്‌രിയുടെ വീട്ടില്‍ അഭയം തേടിയ നിരവധിപേരിലൊരാളായിരുന്നു അന്ന് 20കാരനായിരുന്ന ഫിറോസ്. ഫിറോസ് ഉള്‍െപ്പടെ 30ഓളം പേര്‍ അടച്ചിരുന്ന ആ മുറിയില്‍ ബാക്കിയായത് ഫിറോസും സുഹൃത്തും മാത്രം. ഫിറോസ് മരിച്ചെന്നു കരുതി അവര്‍ ഉപേക്ഷിച്ചുപോവുകയായിരുന്നു.
15 വര്‍ഷത്തിനുശേഷം നോവുമാറാത്ത ഓര്‍മകളുമായി വാട്‌വയിലെ ഒറ്റമുറി വീട്ടില്‍ ഫിറോസ് ദിലാവര്‍ ശെയ്ഖ് എനിക്കൊപ്പമിരുന്നു. ചമന്‍പുരയിലെ വീട്ടില്‍ നിന്നു കുടുംബത്തോടൊപ്പം ജഫ്‌രിയുടെ വീട്ടിലേക്ക് അഭയം തേടി പായുമ്പോള്‍ കോളനിയുടെ അങ്ങേയറ്റത്ത് വീടുകളില്‍ നിന്ന് പുകയും നിലവിളിയും ഉയരുന്നുണ്ടായിരുെന്നന്ന് ദിലാവര്‍ പറയുന്നു. വീട്ടില്‍ വരുന്നവരെയെല്ലാം ജഫ്‌രി അകത്തേക്കു വിളിച്ചു കയറ്റി. ഞങ്ങള്‍ക്കു ഭക്ഷണവും വെള്ളവും തന്നു. അടുത്ത വീടുകളില്‍ നിന്നുള്ളവരും അവിടെ എത്തിക്കൊണ്ടിരുന്നു. ശാന്തസുന്ദരവദനനായ ജഫ്‌രി ഞങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ ഇങ്ങോട്ടു വരില്ലെന്നാണ് എല്ലാവരും കരുതിയത്. വൈകാതെ വീടിന്റെ ഗേറ്റിനു മുന്നില്‍ ആയുധങ്ങളുമായി ഒരുസംഘം നിലയുറപ്പിച്ചു.
ഈ സമയത്തെല്ലാം ജഫ്‌രി ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു. ഡല്‍ഹിയിലേക്ക് സഹായം തേടി ഫാക്‌സ് അയക്കാന്‍ പോവുന്നുവെന്നു പറയുന്നതു കേട്ടു. വൈകാതെ അവര്‍ വീടിനു നേരെ ആക്രമണം തുടങ്ങി. ഏതുവിധേനയും അകത്തു കയറാനായിരുന്നു അവരുടെ ശ്രമം. ഇതിനായി വീടിന്റെ ഇരുമ്പുജനലുകളും വാതിലുകളും തകര്‍ക്കാന്‍ ശ്രമം തുടങ്ങി.
ഞങ്ങളെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ജഫ്‌രിയുടെ മുഖത്ത് അപ്പോഴുമുണ്ടായിരുന്നു. ഒടുവില്‍ മോദിയെ വിളിച്ചതോടെ ജഫ്‌രിയുടെ മുഖത്ത് നിരാശ പടരുന്നതു കണ്ടു. ജനലുകള്‍ക്കടുത്തു നിന്ന് മാറാന്‍ ജഫ്‌രി ഞങ്ങളോട് പറഞ്ഞു. സ്ത്രീകളോടും കുട്ടികളോടും മുറിയില്‍ കയറി അടച്ചിരിക്കാന്‍ ആവശ്യപ്പെട്ടു. മുറി നിറയെ ആളുകളായിരുെന്നന്ന് ദിലാവര്‍ പറയുന്നു. സുഹൃത്ത് റഫീഖ് എന്നോടൊപ്പം ചേര്‍ന്നുനിന്നിരുന്നു. വീടിന്റെ ഗ്രില്ലുകള്‍ തകര്‍ക്കുന്ന ശബ്ദവും ആളുകളുടെ നിലവിളിയും കേട്ടു. വീടിനുള്ളില്‍ കത്തുന്ന മണം മുറിയിലേക്കെത്തി. ഞങ്ങള്‍ വിരലുകള്‍ കോര്‍ത്തുപിടിച്ചിരുന്നു. കുഞ്ഞുങ്ങള്‍ ശബ്ദമുണ്ടാക്കാതിരിക്കാന്‍ സ്ത്രീകള്‍ അവരുടെ വായ് പൊത്തിപ്പിടിച്ചു. അവര്‍ ഞങ്ങളുടെ വാതിലിനു മുന്നിലെത്തിയിരുന്നു.
ഒരു സ്‌ഫോടനത്തില്‍ വാതില്‍ ചിതറിത്തെറിച്ചു. പൊടുന്നനെ റഫീഖ് പുറത്തേക്കോടി. അവരിലാരോ ഗ്യാസ് സിലിണ്ടര്‍ അകത്തേക്കു വലിച്ചെറിഞ്ഞു. ഓര്‍മവരുമ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ് മുറിയില്‍ കിടക്കുകയായിരുന്നു താനെന്ന് ദിലാവര്‍ പറയുന്നു. ചോരയുടെയും കരിയുടെയും മണമായിരുന്നു മുറി നിറയെ. കൂടെയുള്ളവരെല്ലാം മരിച്ചുപോയിരുന്നു. മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന് ഒരു പോലിസുകാരനാണ് ദിലാവറിനെ സുരക്ഷിതമായി ക്യാംപിലെത്തിച്ചത്. അക്രമികളുടെ കണ്ണുവെട്ടിച്ചോടിയ റഫീഖ് ഒരു പോലിസുകാരന്റെ സഹായത്തോടെ രക്ഷപ്പെട്ടെന്ന് പിന്നീടറിഞ്ഞു. പാതിവെന്ത വിങ്ങുന്ന ശരീരവുമായി ചികില്‍സപോലും കിട്ടാതെ മാസങ്ങളാണ് ആലംനഗര്‍ ക്യാംപില്‍ കഴിഞ്ഞത്. പിന്നീട് അര്‍ഷ് കോളനിയിലെ ഒറ്റമുറിയിലായി ജീവിതം. ഒറ്റമുറി വീട്ടില്‍ മൂന്നു കുടുംബങ്ങളാണു കഴിയുന്നത്. ഇപ്പോള്‍ ബൈക്ക് മെക്കാനിക്കാണ് ദിലാവര്‍. പഴയ ഓര്‍മകള്‍ വേട്ടയാടുന്നുണ്ടോയെന്ന ചോദ്യത്തിന് ദിലാവര്‍ അല്‍പനേരം താഴേക്കുനോക്കി കുമ്പിട്ടിരുന്നു. രാത്രിയും പകലും, ഞാന്‍ എന്റെ ശരീരത്തിലേക്കു നോക്കുന്ന ഓരോ നിമിഷവും.

(അവസാനിച്ചു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss