|    Sep 22 Sat, 2018 12:50 am
FLASH NEWS

പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

Published : 24th January 2017 | Posted By: fsq

 

ഏലൂര്‍: പെരിയാര്‍ പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് തടഞ്ഞുകൊണ്ട് നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ ഇന്നലെ ഉയര്‍ത്തി. ഉച്ചക്ക് പന്ത്രണ്ടരയോടെ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ശക്തമായ കറുപ്പുനിറത്തില്‍ വെള്ളം താഴേക്ക് ഒഴുകി. കറുത്ത നിറത്തില്‍ ഒഴുകിയ വെള്ളം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പാല്‍നിറത്തിലായും ഒഴുകി. ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായി. മൂന്നരമണിക്കൂറാണ് ഷട്ടര്‍ ഉയര്‍ത്തി വെള്ളം താഴേക്ക് ഒഴുക്കിയത്. പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ റിഫൈനറി വ്യവസായ ആവശ്യത്തിന് പെരിയാറില്‍നിന്നുമാണ് വെള്ളം എടുത്തിരുന്നത്. കഴിഞ്ഞ 11 മുതല്‍ വെള്ളത്തില്‍ ടിഡിഎസ് വര്‍ധിച്ചതിനെത്തുടര്‍ന്ന് പെരിയാറില്‍നിന്നും വെള്ളം എടുക്കുന്നത് റിഫൈനറി നിര്‍ത്തിവച്ചിരുന്നു. ഏലൂര്‍ നഗരസഭയുടേയും റിഫൈനറിയുടേയും ആവശ്യത്തെത്തുടര്‍ന്ന് വ്യവസായ മാലിന്യം അലിഞ്ഞുചേര്‍ന്ന വെള്ളം ഒഴുക്കിവിടാന്‍ ജില്ലാ കലക്ടര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ബണ്ടിന്റെ മേല്‍തട്ടില്‍നിന്ന് പിസിബി എടുത്ത് പരിശോധിച്ച വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് 8.4 മില്ലി ഗ്രാം ലിറ്ററും പിഎച്ച് മൂല്യം 6.7ഉം ആണ്. ഈ പ്രദേശത്തെ വെള്ളം ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് ഫലം വ്യക്തമാക്കിയത്. ഇതിനെത്തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച ഷട്ടര്‍ ഉയര്‍ത്താന്‍ വന്നെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഷട്ടറിന് സമീപം പരിസ്ഥിപ്രവര്‍ത്തകര്‍ ചാവേറുകളായി നിലയുറപ്പിച്ചതോടെ ഷട്ടര്‍ തുറക്കാനുള്ള നീക്കത്തില്‍നിന്നും പോലിസും ജില്ലാ ഭരണകൂടവും പിന്മാറി. തുടര്‍ന്ന് ഞായറാഴ്ച ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പരിസ്ഥിതിപ്രവര്‍ത്തകരെ ഉള്‍പെടുത്തി പെരിയാറിന്റെ മലിനീകരണ നിരീക്ഷണത്തിനും വികസനത്തിനുമായി ഒരു സമിതിക്കു രൂപം നല്‍കുകയും കലക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാമെന്നും തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ ഡെപ്യട്ടി കലക്ടര്‍ കെ ബി ബാബു പാതാളം ബണ്ടിലെത്തുകയും മലിനീകരണ നിയന്ത്രണബോ ര്‍ഡ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഡെപ്യൂട്ടി ഡയറക്ടറുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ സമരം പിന്‍വലിക്കുകയും പുഴയില്‍ ചാവേറുകളായിനിന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ കരയ്ക്കു കയറുകയും സമരസമിതിയുമായി നടത്തിയ തീരുമാനപ്രകാരമാണ് ഇന്നലെ ഉച്ചക്ക് ബണ്ട് തുറന്നത്. പറവൂര്‍ തഹസില്‍ദാര്‍ കെ എം അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ആര്‍ മുകുന്ദന്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി അബ്ബാസ്, എന്‍ജിനീയര്‍മാരായ കെ എന്‍ സുഗതന്‍, പി രമേശന്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥരായ എം ബി ത്രിദീപ് കുമാര്‍, ഏലൂര്‍, ബിനാനിപുരം പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ ഉയര്‍ത്തിയ സമയം സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ രാവിലെ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല റഗുലേറ്റര്‍ കം ബ്രിഡ്ജിനുസമീപം സന്ദര്‍ശിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss