|    Jul 28 Fri, 2017 2:37 am
FLASH NEWS

പാതയോരത്തെ പൂന്തോട്ടം നശിക്കുന്നു; സംരക്ഷിക്കുമെന്ന് നഗരസഭാധ്യക്ഷ

Published : 1st August 2016 | Posted By: SMR

പത്തനംതിട്ട: നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി റിങ്‌റോഡില്‍ ഇരുവശത്തായി നട്ടുവളര്‍ത്തിയ പൂച്ചെടികള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. കഴിഞ്ഞ നഗരസഭയുടെ കാലയളവിലാണ് പൂച്ചെടികള്‍ നട്ടുവളര്‍ത്തിയത്. കാടുപിടിച്ചുകിടന്ന റോഡിന്റെ ഇരുഭാഗവും ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് വെട്ടിത്തെളിച്ചായിരുന്നു പൂന്തോട്ട നിര്‍മാണം. നഗരത്തിലെ 32 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന 10,000 ല്‍ പരം കുട്ടികളെ കൊണ്ടായിരുന്നു ചെടികള്‍ വച്ചുപിടിപ്പിച്ചത്. റിങ റോഡില്‍ ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ചെടികള്‍ നട്ടത്.
വിദ്യാര്‍ഥികള്‍ അവരുടെ വീടുകളില്‍ നിന്നു കൊണ്ടുവന്ന ചെടികള്‍ സ്വയം നട്ടാണ് നഗര സൗന്ദര്യവല്‍ക്കരണത്തില്‍ പങ്കാളികളായി മാതൃക കാട്ടിയത്. തെറ്റി, ചെമ്പരത്തി, മഞ്ഞകോളാമ്പി, ബോഗണ്‍വില്ല എന്നിവ നട്ടുപിടിപ്പിച്ചതിന് ഒരു പൈസയുടെ ചെലവുപോലും നഗരസഭയ്ക്കില്ലായിരുന്നുവെന്ന് മുന്‍ ചെയര്‍മാന്‍ എ സുരേഷ്‌കുമാര്‍. എന്റെ നഗരം എന്റെ പൂന്തോട്ടം എന്ന പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സന്നദ്ധ സംഘടനകളും പങ്കു ചേര്‍ന്നിരുന്നു.
നഗരസഭയുടെ ശുചീകരണ തൊഴിലാളികളുടെ പരിചരണംകൊണ്ടാണ് ചെടികള്‍ വളര്‍ന്ന് പുഷ്പിച്ചത്.  റിങ് റോഡിന്റെ ഇരുവശത്തും കാടുകള്‍ക്കു പകരം ചെടികള്‍ പുഷ്പിച്ചു നില്‍ക്കുന്നത് നഗരത്തിലെത്തുന്ന ജനങ്ങള്‍ക്ക് പുതുമയുളള കാഴ്ചയായിരുന്നു. പൂന്തോട്ട നിര്‍മാണത്തിന് നഗരസഭ തുടക്കമിട്ടത് 2015 ല്‍ ആയിരുന്നു. അക്കാലത്തെ ഓണാഘോഷത്തിന്, നഗരസഭാ ജീവനക്കാര്‍ പൂക്കളമൊരുക്കിയത് ഈ പൂന്തോട്ടത്തില്‍ നിന്നു ശേഖരിച്ച പുഷ്പ്പങ്ങള്‍ കൊണ്ടായിരുന്നു.പുതിയ നഗരസഭ നിലവില്‍ വന്നതോടെ വഴിയോര പൂച്ചെടികളെ എല്ലാവരും മറന്ന മട്ടായി.
കന്നുകാലികള്‍ തിന്നും കാട്ടുവള്ളികള്‍ പടര്‍ന്നും ചെടികള്‍ നശിച്ചുതുടങ്ങി, കടുത്ത വേനലില്‍ കുറെയെണ്ണം ഉണങ്ങി. ഒരു കാലത്ത് നഗരത്തെ സൗന്ദര്യവല്‍ക്കരിച്ചിരുന്ന  പൂന്തോട്ടം, ചെടികളേക്കാള്‍ ഉയരത്തില്‍ കളകള്‍ വളര്‍ന്ന് ചെടി ഏതെന്നറിയാത്ത അവസ്ഥയിലായി. നഗരത്തിലെ പൂച്ചെടികള്‍ സംരക്ഷിക്കാന്‍ ഉടന്‍ നടപടി ഉണ്ടാവുമെന്ന് നഗരസഭ അധ്യക്ഷ രജനി പ്രദീപ്. സ്‌കൂള്‍ കുട്ടികള്‍തന്നെയാവും പൂന്തോട്ട നിര്‍മാണം നിര്‍വഹിക്കുക. ഓരോ സ്‌കൂളും ഓരോ ഭാഗത്തുമുള്ള പൂന്തോട്ടം പരിപാലിക്കും. ഇതിനു മുന്നോടിയായി ആലോചനാ യോഗം ഉടന്‍ വിളിക്കുമെന്നും അവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക