|    Oct 23 Tue, 2018 9:42 pm
FLASH NEWS
Home   >  Sports  >  Cricket  >  

പാണ്ഡ്യ വീര്യത്തില്‍ ഇന്ത്യക്ക് മിന്നും ജയം

Published : 18th September 2017 | Posted By: ev sports

 ഹര്‍ദിക് പാണ്ഡ്യക്കും (83) എംഎസ് ധോണിക്കും (79) അര്‍ധ സെഞ്ച്വറി
യുസ്‌വേന്ദ്ര ചാഹലിന് മൂന്ന് വിക്കറ്റ്

ചെന്നൈ: ഇത്രയും ശക്തമായ ഇന്ത്യന്‍ നിരയെ ആസ്‌ത്രേലിയ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആദ്യം ബാറ്റേന്തിയവരെ അതിവേഗം മടക്കി കംഗാരുക്കള്‍ ആത്മവിശ്വാസം നേടിയപ്പോള്‍ ബാറ്റു വീശിയ മധ്യനിര ഇന്ത്യയെ കരകയറ്റുമെന്ന് അവര്‍ കരുതിക്കാണില്ല. ഹര്‍ദിക് പാണ്ഡ്യ- എംഎസ് ധോണി കൂട്ടുകെട്ട്് പൊളിക്കാനാവാതെ കുഴങ്ങിയ ഓസീസ് 282 എന്ന ചെറുതല്ലാത്ത വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്തപ്പോള്‍ വില്ലനായി മഴയെത്തി. പിന്നാലെ ഓവര്‍ ചുരുക്കി ആരംഭിച്ച മല്‍സരത്തില്‍ ഇന്ത്യന്‍ പന്തിന് ഇത്രയും ചൂടുണ്ടാവുമെന്ന് ആസ്‌ത്രേലിയ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ബാറ്റിങിലും ബൗളിങിലും ഇന്ത്യ വിസ്മയം കാത്തുവച്ചപ്പോള്‍, ആദ്യ ഏകദിനം 26 റണ്‍സിന് കൈവിടാനായിരുന്നു ആസ്‌ത്രേലിയയുടെ വിധി.
ടോസ് നേടിയ കോഹ്‌ലിപ്പട ബാറ്റെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യ 281 റണ്‍സുമായി കളം നിറഞ്ഞു. മഴ മൂലം 21 ഓവറും വിജയലക്ഷ്യം 164 റണ്‍സാക്കി ചുരുക്കിയ മല്‍സരത്തില്‍ ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മഴനിയമപ്രകാരം 21 ഓവറില്‍ 164 റണ്‍സാക്കി വിജയലക്ഷ്യം ചുരുക്കിയതോടെയാണ് ഇന്ത്യന്‍ ജയം എളുപ്പമായത്.
മികച്ച തുടക്കം ലഭിക്കാതിരുന്ന ഇന്ത്യയെ കൃത്യമായ ഇടവേളകളില്‍ ഓസീസ് ബൗളര്‍മാര്‍ തിരിച്ചയച്ചപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ(83)- എംഎസ് ധോണി (79) എന്നിവരുടെ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് വേഗത നല്‍കി. ആറാം വിക്കറ്റില്‍ ഇരുവരും 118 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. ആദ്യനിര തുടരെത്തുടരെ മടങ്ങിയപ്പോള്‍ 21.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെട്ടിരുന്ന ഇന്ത്യ വെറും 87 റണ്‍സുമായി പരാജയം മുന്നില്‍കണ്ടു. കേദാര്‍ ജാദവ് (40) തുടക്കം കുറിച്ച മിന്നല്‍ ബാറ്റിങ് ഭുവനേശ്വര്‍ കുമാര്‍ (32*) പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ 281 എന്ന ഭേദപ്പെട്ട നിലയിലെത്തിയിരുന്നു. മറുപടിക്കിറങ്ങിയ ഓസീസ് ബാറ്റിങ് നിരയ്ക്ക് അവസരം നല്‍കാതെ കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി. എട്ട് ഓസീസ് താരങ്ങള്‍ രണ്ടക്കം കാണാതെ കൂടാരം കയറി. 39 റണ്‍സെടുത്ത മാക്‌സ്‌വെല്ലും 25 റണ്‍സടിച്ച് ഡേവിഡ് വാര്‍ണറും 32 റണ്‍സെടുത്ത ഫോക്‌നറും മാത്രമേ ഓസീസ് നിരയില്‍ രണ്ടക്കം കണ്ടുള്ളൂ. യുസ്‌വേന്ദ്ര ചാഹല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ എം എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇന്ത്യ ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന ദയനീയ നിലയിലായിരുന്നു.
അഞ്ചു വീതം ഫോറും സിക്‌സും അടിച്ച പാണ്ഡ്യ 66 പന്തില്‍ നിന്നാണ് 83 റണ്‍സ് നേടിയത്. 41ാം ഓവറില്‍ പാണ്ഡ്യയെ സാംബ പുറത്താക്കുകയായിരുന്നു. ധോനി പിന്നീട് അവസാന ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് ഇന്ത്യക്ക് വേഗത്തില്‍ സ്‌കോര്‍ സമ്മാനിച്ചു.
ഇരുവരും ഏഴാം വിക്കറ്റില്‍ 54 പന്തില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 88 പന്തില്‍ നാല് ഫോറും രണ്ടു സിക്‌സുമടക്കം 79 റണ്‍സാണ് ധോനിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഭുവനേശ്വര്‍ 30 പന്തില്‍ അഞ്ചു ഫോറടക്കം 32 റണ്‍സടിച്ചപ്പോള്‍ അവസാന അഞ്ച് ഓവറില്‍ പിറന്നത് 53 റണ്‍സാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss