|    Jan 21 Sat, 2017 2:11 pm
FLASH NEWS

പാണ്ടിക്കാട്ട് ബ്ലേഡ് മാഫിയ വീണ്ടും പിടിമുറുക്കുന്നു

Published : 19th October 2016 | Posted By: Abbasali tf

പാണ്ടിക്കാട്: ഓപറേഷന്‍ കുബേരയെ തുടര്‍ന്ന് അപ്രത്യക്ഷമായിരുന്ന പാണ്ടിക്കാട്ടെ ബ്ലേഡ് മാഫിയ വീണ്ടും പിടിമുറുക്കുന്നു. കരുവാരക്കുണ്ട് റോഡിലെ സ്ഥാപനമാണ് ജനങ്ങളെ വന്‍തോതില്‍ പണം കടം നല്‍കി വട്ടിപ്പലിശ വാങ്ങി ചൂഷണം ചെയ്യുന്നത്. നല്‍കുന്ന പണത്തിന് ഈടായി സ്വത്തുക്കള്‍ എഴുതിവാങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്. പിന്നീട് പണവും പലിശയും നല്‍കിയാലും വസ്തു വഹകള്‍ തിരിച്ചു നല്‍കാതെ സ്വന്തമാക്കുകയാണ് പതിവ്. ചെന്നൈയിലെ കമല്‍സേട്ടില്‍ നിന്നും ചെറിയ പലിശക്ക് വാങ്ങുന്ന പണം നാട്ടില്‍ വലിയ പലിശക്ക് നല്‍കിയാണ് ഇവര്‍ തടിച്ചുകൊഴുക്കുന്നത്. നാട്ടിലെ നിരവധി പേരുടെ വസ്തു വഹകള്‍ അന്യായമായി സ്വന്തമാക്കിയതായി ഈ സ്ഥാപനത്തിനെതിരേ പരാതിയുണ്ട്. കാലാകാലങ്ങളില്‍ മാറി മാറി വരുന്ന രാഷ്ട്രീയക്കാരേയും പാണ്ടിക്കാട് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരേയും പ്രീണിപ്പിച്ചാണ് ബ്ലേഡ് മാഫിയ തടിച്ചു കൊഴുത്തിട്ടുള്ളത്. വാഹനങ്ങള്‍ വാങ്ങുന്നതിനും ഇവര്‍ വലിയ പലിശക്ക് വായ്പ നല്‍കുന്നുണ്ട്. പണമിടപാട് സ്ഥാപനം നടത്തുന്നതിനുള്ള ലൈസന്‍സ് ഇല്ലാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടാ സംഘവും പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. പലിശയിലൂടെ സമ്പാദിച്ച കോടികള്‍ മുടക്കി ഉടമ അടുത്ത കാലത്താണ് കൊടശ്ശേരിയില്‍ അഞ്ച് കോടിയുടെ വീട് നിര്‍മിച്ചത്. അനധികൃത പണമിടപാട് സ്ഥാപനത്തിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങാനാണ് പെരിന്തല്‍മണ്ണയില്‍ യോഗം കൂടിയ ജില്ലാ ആന്റി ബ്ലേഡ് ഫോറത്തിന്റെ തീരുമാനം. സ്ഥാപനമുടമ അനധികൃതമായി സ്വന്തമാക്കിയ വസ്തുവഹകളുടെ 20ഓളം ഉടമകളുടെ പരാതികള്‍ സംഘടനക്ക് ലഭിച്ചിട്ടുണ്ട്. ജില്ലാ പോലിസ് സൂപ്രണ്ട്, ഡിജിപി, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, മുഖ്യമന്ത്രി എന്നിവര്‍ക്കെല്ലാം പാണ്ടിക്കാട്ടെ ബ്ലേഡ് മാഫിയയെക്കുറിച്ച് സംഘടന പരാതി നല്‍കിയിട്ടുണ്ട്. ഉടമയുടെ വീട്ടിലേക്കും സ്ഥാപനത്തിലേക്കും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ആന്റ് ബ്ലേഡ് ഫോറം പ്രവര്‍ത്തകര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക