|    Sep 25 Mon, 2017 1:40 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പാഠപുസ്തക പരിഷ്‌കാരങ്ങളുടെ കഥ

Published : 20th July 2016 | Posted By: mi.ptk

മുസ്തഫ കൊണ്ടോട്ടി

ഇങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്. പണ്ടൊരിക്കല്‍ ഒരു നാട്ടുരാജ്യത്തെ പൊതുകിണറ്റില്‍ ഒരു ദേവത അജ്ഞാതമായ പൊടി കലക്കിയത്രെ. അതോടെ ആ കിണറ്റില്‍നിന്നു വെള്ളം കുടിച്ച എല്ലാവര്‍ക്കും വട്ടിളകാന്‍ തുടങ്ങി. ക്രമേണ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വട്ടായി. ജനം വെറുതെ ചിരിക്കാനും തെരുവുകളില്‍ നൃത്തംചെയ്യാനും തുടങ്ങി. രാജാവും മന്ത്രിയും ആ കിണറ്റില്‍നിന്നു വെള്ളം കുടിച്ചിരുന്നില്ല. തന്‍മൂലം അവര്‍ക്ക് സ്വബോധം നഷ്ടപ്പെട്ടിരുന്നില്ല. ജനത്തിനു നേരിട്ട ദുരവസ്ഥയില്‍ രാജാവിനും മന്ത്രിക്കും കടുത്ത വിഷമമുണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, ജനം തിരിച്ചാണ് പെരുമാറിയത്. തങ്ങളുടെ രാജാവിനും മന്ത്രിക്കും വട്ടാണെന്ന് ജനം തീര്‍ച്ചപ്പെടുത്തുകയും അവരെ ഉടന്‍ ഭ്രഷ്ടരാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അപകടം മണത്തറിഞ്ഞ രാജാവും മന്ത്രിയും ഉടന്‍ തന്നെ ആ കിണറ്റില്‍നിന്ന് വെള്ളം കുടിച്ചു. തുടര്‍ന്ന് അവരും ജനത്തെപ്പോലെ ചിരിക്കാനും നൃത്തംചെയ്യാനും തുടങ്ങി. അതോടെ രാജാവിന്റെയും മന്ത്രിയുടെയും അസുഖം മാറിയതായി ജനം വിധിയെഴുതുകയും ചെയ്തു. ഇത് വെറും കഥ. എന്നാല്‍, കേരളത്തിലെ വിദ്യാഭ്യാസമന്ത്രിമാര്‍ എടുക്കുന്ന ഓരോ തീരുമാനങ്ങള്‍ കാണുമ്പോഴും അജ്ഞാതമായ പൊടി കലക്കിയ ഏതോ കിണറ്റില്‍നിന്ന് ഈ മന്ത്രിമാര്‍ വെള്ളം കുടിക്കുന്നുണ്ടോ എന്ന് ആശങ്ക തോന്നും. അല്ലെങ്കില്‍ ആരോ ഇവരെക്കൊണ്ട് വെള്ളം കുടിപ്പിക്കുന്നുണ്ടോ എന്നു സംശയം തോന്നും. വരാന്‍പോവുന്ന പാഠപുസ്തകത്തിന്റെ സ്വഭാവത്തെപ്പറ്റി പുതിയ വിദ്യാഭ്യാസമന്ത്രിയുടെ സ്വപ്‌നം കേട്ടപ്പോഴാണ് മുകളിലെ കഥ ഓര്‍മവന്നതും മന്ത്രിയുടെ തീരുമാനത്തെപ്പറ്റി ആശങ്ക തോന്നിയതും. രണ്ടു ഭാഗങ്ങളായി ഇറങ്ങിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഇനിമുതല്‍ മൂന്നു ഭാഗങ്ങളായി ഇറക്കുമെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ തന്നെ ഇതു നടപ്പാക്കുമത്രെ. ഒന്നാംഭാഗം സ്‌കൂള്‍ തുറക്കുന്ന ദിവസവും രണ്ടാംഭാഗം ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസവും മൂന്നാംഭാഗം ക്രിസ്മസ് കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസവും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. അതായത്, ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ, വാര്‍ഷിക പരീക്ഷ എന്നീ മൂന്ന് പരീക്ഷകള്‍ക്കു വേണ്ടി മാത്രം തയ്യാറാക്കുന്ന പാഠപുസ്തകഭാഗങ്ങളായിരിക്കും ഇനി ഉണ്ടാവുകയെന്നര്‍ഥം. പാഠപുസ്തകങ്ങള്‍ വര്‍ഷത്തില്‍ ഒന്ന് എന്ന തോതിലായിരുന്ന കാലത്തു തന്നെ അതിന്റെ വിതരണം കൃത്യമോ കാര്യക്ഷമമോ ആയിരുന്നില്ല. അപ്പോഴാണ് ഒരു മന്ത്രിക്ക് ബോധോദയം വന്ന് പാഠപുസ്തകം രണ്ടായി പകുത്തു മാറ്റിയത്. അതോടെ പാഠപുസ്തകവിതരണം അവതാളത്തിലായി. ഒന്നാം ടേം പാഠപുസ്തകങ്ങള്‍ രണ്ടാം ടേം കഴിഞ്ഞിട്ടും കിട്ടുന്നില്ലെന്ന പരാതിയായി. വിതരണത്തില്‍ കൃത്യനിഷ്ഠ ഇല്ലാതായി. ഇപ്പോഴിതാ പുതിയ മന്ത്രി പറയുന്നു, പാഠപുസ്തകങ്ങള്‍ മൂന്ന് ഭാഗമാക്കി മാറ്റുമെന്ന്. കിര്‍മീരവധം ആട്ടക്കഥ അറുബോറനാണെന്നും ആയതിനാല്‍ അത് നാടകമാക്കി അവതരിപ്പിച്ച് രസകരമാക്കണമെന്നും അന്നത്തെ വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി പറഞ്ഞപ്പോള്‍ മുണ്ടശ്ശേരിക്ക് നാടകവും അറിയില്ല ആട്ടക്കഥയും അറിയില്ല എന്ന് പുന്നശ്ശേരി നമ്പി മറുപടി പറഞ്ഞപോലെ നമ്മുടെ വിദ്യാലയങ്ങളെക്കുറിച്ചും പാഠപുസ്തകവിതരണത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഒന്നും അറിയാത്തതുകൊണ്ടാവുമോ പാഠപുസ്തകങ്ങള്‍ മൂന്നു ഭാഗമാക്കി ഇറക്കുമെന്ന് പുതിയ മന്ത്രി പറയുന്നത്. പാഠപുസ്തകങ്ങള്‍ മൂന്നാക്കുമ്പോള്‍ സമയബന്ധിതമായി നടക്കേണ്ട പാഠപുസ്തകങ്ങളുടെ ഉള്ളടക്കവിനിമയത്തിന്റെ പ്രശ്‌നങ്ങള്‍ മന്ത്രി അറിയാതെ പോവാന്‍ തരമില്ല. പാഠപുസ്തകങ്ങള്‍ മൂന്നാക്കിമാറ്റാന്‍ പുതിയ മന്ത്രിയെ പെട്ടെന്ന് പ്രേരിപ്പിച്ച വികാരം എന്താണെന്ന് ആര്‍ക്കും പിടികിട്ടിയിട്ടില്ല. ലോകവിജ്ഞാനം കൂടിയതായി മന്ത്രി കണ്ടെത്തുകയും രണ്ടുഭാഗം പാഠപുസ്തകങ്ങളില്‍ മാത്രം ഈ വിജ്ഞാനം ഒതുക്കാനാവില്ലെന്ന് മന്ത്രി പെട്ടെന്ന് കണ്ടെത്തിയതുമാവുമോ പാഠപുസ്തകങ്ങള്‍ മൂന്നാക്കി ഇറക്കുമെന്നു പറയാന്‍ കാരണം. അതല്ല, ഇനി പാഠപുസ്തകങ്ങളുടെ കനംകുറയ്ക്കലാണ് ഉദ്ദേശ്യമെങ്കില്‍ രണ്ടാക്കിയിട്ട് കുറയാത്ത പാഠപുസ്തകങ്ങളുടെ കനം മൂന്നാക്കിയതുമൂലം കുറയാനും പോവുന്നില്ല എന്ന് ബഹുമാനപ്പെട്ട മന്ത്രി മനസ്സിലാക്കണം. പിന്നെ പരിഷ്‌കാരങ്ങളുടെ പ്രധാന സ്വഭാവമായി മാറേണ്ടത് ആരുടെ മേലാണോ അതു പ്രയോഗിക്കുന്നത് അവര്‍ക്കത് കാര്യകാരണസഹിതം  മനസ്സിലാവണമെന്നാണല്ലോ. പാഠപുസ്തകങ്ങളുടെ സമയബന്ധിതമായ വിതരണവും കൃത്യമായ ക്ലാസ് റൂം വിനിമയവും ഉറപ്പിക്കണമെങ്കില്‍ ഒരു അക്കാദമികവര്‍ഷം ഒരു ക്ലാസിന് ഒരു പാഠപുസ്തകം എന്ന നില തിരിച്ചുകൊണ്ടുവരുകയാണു വേണ്ടത്. പരിഷ്‌കാരമാണ് ഉദ്ദേശ്യമെങ്കില്‍ ഇന്നത്തെ നിലയില്‍ ഇതും ഒരു പരിഷ്‌കാരമാണല്ലോ. പണ്ട് എം എ ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ മൂന്നെണ്ണമുണ്ടായിരുന്ന പരീക്ഷ രണ്ടാക്കി മാറ്റി. പരീക്ഷയ്‌ക്കൊന്നും വലിയ പ്രസക്തിയില്ലെന്നും പഠനത്തിനാണ് പ്രസക്തിയെന്നുമൊക്കെയായിരുന്നു ഇതിനുണ്ടായിരുന്ന ന്യായം. മന്ത്രിക്ക് മന്ത്രിയുടേതായ ന്യായങ്ങളുണ്ടെങ്കില്‍ പിന്നെ ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ലല്ലോ. ഉള്ളടക്കം നന്നെ കുറഞ്ഞ അന്നത്തെ പാഠപുസ്തകങ്ങളാവട്ടെ, കുട്ടികളോട് അന്വേഷിക്കാനും കണ്ടെത്താനുമായിരുന്നു ആവശ്യപ്പെട്ടത്. അതോടെ അധ്യാപകര്‍ക്ക് വലിയ പണിയൊന്നുമില്ലാതായി. അന്വേഷിക്കാനും കണ്ടെത്താനുമുള്ള ചുമതല മുഴുവന്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും തലയിലായി. അതോടെ ഗൈഡ് കമ്പനിക്കാരുടെ നല്ലകാലവുമായി. പിന്നെയാണ് അബ്ദുറബ്ബിന്റെ വരവ്. പഠിപ്പിനെക്കാളേറെ പരീക്ഷയ്ക്കാണു പ്രാധാന്യമെന്നു പറഞ്ഞ് രണ്ടെണ്ണമാക്കിയിരുന്ന പരീക്ഷ വീണ്ടും മൂന്നെണ്ണമാക്കി. പാഠപുസ്തകങ്ങളില്‍ ഉള്ളടക്കം കുറവാണെന്ന പരാതിയുണ്ടാവരുതെന്നു കരുതി ഉള്ളടക്കം വേണ്ടുവോളമാക്കി. അതോടെ അധ്യാപകരും കുട്ടികളും കുഴപ്പത്തിലായി. അന്വേഷണവും കണ്ടെത്തലുകളും അധ്യാപകരുടെ ചുമലിലേക്കു തന്നെ മാറ്റി. കുട്ടികള്‍ വാങ്ങിയിരുന്ന ഗൈഡുകള്‍ അതോടെ അധ്യാപകര്‍ വാങ്ങാന്‍ തുടങ്ങി. ഗൈഡ് കമ്പനിക്കാര്‍ക്ക് വീണ്ടും വരുമാനം വരവായി. മാത്രവുമല്ല, പഠനോദ്ദേശ്യങ്ങള്‍ പഠനനേട്ടങ്ങളായി മാറി. അധ്യാപകരുടെ പേരു തന്നെ അബ്ദുറബ്ബ് മാറ്റി. അബ്ദുറബ്ബിന്റെ കാലത്ത് അധ്യാപകരുണ്ടായിരുന്നില്ല. മറിച്ച് എല്ലാവരും മെന്റര്‍മാരായിരുന്നു. ഇതൊക്കെ വലിയ സംഭവമാണെന്ന മട്ടില്‍ വിദ്യാഭ്യാസമേഖലയിലെ ഗവേഷണ സ്ഥാപനങ്ങള്‍ പ്രചാരണവും നടത്തി. പേരിലുണ്ടായ മാറ്റമല്ലാതെ മറ്റൊന്നുമായിരുന്നില്ല ഇവ. വാക്കുകള്‍കൊണ്ടുള്ള കസര്‍ത്തുകള്‍ വേറെയും വേണ്ടുവോളമുണ്ടായിരുന്നു. വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്തുകള്‍ നടന്നുവെന്നല്ലാതെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല എന്നതാണു സത്യം. ഇനി ഏതെങ്കിലും ഒരു വിദ്യാഭ്യാസമന്ത്രി വന്ന് പരീക്ഷകള്‍ക്കു തന്നെ പ്രസക്തിയില്ലെന്നും ആയതിനാല്‍ പാഠപുസ്തകങ്ങള്‍ തന്നെ ആവശ്യമില്ലെന്നും പറയില്ലെന്ന് ആരു കണ്ടു. യഥാര്‍ഥത്തില്‍, പുതിയ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചപോലെ, സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഇനി മുതല്‍ മൂന്നു ഭാഗമായി ഇറക്കുകയല്ല, മറിച്ച് മൂന്നുവര്‍ഷേത്തക്ക് ഒരു പാഠപുസ്തകം എന്നതോതില്‍ ഇറക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയാണു വേണ്ടത്. കാരണം, വിദ്യാഭ്യാസ ഏജന്‍സികള്‍ നടത്തുന്ന പല പഠനങ്ങളും വെളിപ്പെടുത്തുന്നത് ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് അഞ്ചാം ക്ലാസിലെ കുട്ടികളുടെ നിലവാരംപോലും ഇല്ലെന്നാണല്ലോ. അങ്ങനെയെങ്കില്‍ മൂന്നുവര്‍ഷേത്തക്ക് ഒരു പാഠപുസ്തകം എന്ന നിലയില്‍ പോരേ സാര്‍?

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക