|    Jul 21 Sat, 2018 7:34 am
FLASH NEWS

പാട്ടിലെ നേര്‍ത്ത ഗദ്ഗദങ്ങളായ് പരത്തുള്ളി രവീന്ദ്രന്‍

Published : 10th August 2017 | Posted By: fsq

 

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: റസ്‌റ്റോറന്റിന്റെ തിരക്കൊഴിഞ്ഞ മൂലയിലിരുന്ന് നീണ്ട കാലത്തെ സിനിമാജീവിതത്തിന്റെ കയ്പ്പും മധുരവും ഇടകലര്‍ന്ന ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടെ ഒരു നിമിഷം മൗനിയാവുന്നു പരത്തുള്ളി രവീന്ദ്രന്‍. മുഖം കൈകളിലൂന്നി മുന്നോട്ടു ചാഞ്ഞിരുന്ന് അദ്ദേഹം പതുക്കെ ചോദിച്ചു, നിര്‍ഭാഗ്യവാനായ ഈ ഗാനരചയിതാവിനെ തേടിവരാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് ആരാണ്?സ്വപ്‌നങ്ങളിലെ സിനിമയ്ക്കുവേണ്ടി നിരുപാധികം സമര്‍പ്പിച്ച് സിനിമയുടെ പുറമ്പോക്കില്‍ ചെന്നൊടുങ്ങാന്‍ വിധിക്കപ്പെട്ട ഒരു കലാകാരന്റെ നൊമ്പരപ്പെടുത്തുന്ന ചോദ്യം. ദേവീക്ഷേത്ര നടയില്‍… എന്ന മനോഹരമായ ഗാനമാണ് താങ്കളുടെ മുന്നില്‍ എന്നെ കൊണ്ടെത്തിച്ചതെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല മറുപടി പറയാന്‍. ഒരൊറ്റ ഗാനം കൊണ്ട് മലയാള സിനിമാഗാനലോകത്ത് ചക്രവര്‍ത്തിയെപോലെ വിരാചിച്ച ഗാനരചയിതാവാണ് പരത്തുള്ളി രവീന്ദ്രന്‍. ഒരൊറ്റ പാട്ടിനാല്‍ ഒരു തലമുറയുടെ മുഴുവന്‍ സ്‌നേഹവാല്‍സല്യം പിടിച്ചുപറ്റിയ ആള്‍. പുതിയ കാലത്തെ സിനിമയോ സിനിമക്കാരോ അറിയാതെ പോയൊരു മഹാപ്രതിഭ. തിരിച്ചടികള്‍ക്കും പരാജയങ്ങള്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത പാട്ടിലെ നേര്‍ത്ത ഗദ്ഗദങ്ങളായ കലാകാരന്‍. പ്രത്യേകതകള്‍ പലതുണ്ട് പരത്തുള്ളി രവീന്ദ്രന്. ഗാനരചയിതാവ് മാത്രമല്ല, നാടകകൃത്ത്, തിരക്കഥാകൃത്ത്, കഥാകാരന്‍, കവി തുടങ്ങിയ വിശേഷണങ്ങള്‍ ഒത്തിരിയുണ്ട്. രോഗം, ദാരിദ്ര്യം, അവഗണന, ഒറ്റപ്പെടല്‍ വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെ ആരോടും പരാതികളോ പരിഭവങ്ങളോ പങ്കുവയ്ക്കാതെ പാട്ടിന്റെ പാലാഴിതീര്‍ത്ത പരത്തുള്ളി രവീന്ദ്രന്‍ ചേലമ്പ്രയിലാണ് താമസിക്കുന്നത്. 70 കളില്‍ മലയാള സിനിമാ ഗാന ലോകത്തെ തന്റെ കാവ്യം തുളുമ്പുന്ന വരികളാല്‍ സമ്പന്നമാക്കിയ ഇദ്ദേഹത്തെ ഇന്നത്തെ സിനിമാലോകമോ പുതിയ തലമുറയെ ഓര്‍ക്കുന്നുണ്ടാവില്ല.പക്ഷേ, കാലാതിവര്‍ത്തിയായ ദേവീക്ഷേത്ര നടയില്‍…, കിനാവിന്റെ കടവില് ഇളനീര്… എന്നീ ഗാനങ്ങള്‍ മാത്രം മതി സിനിമകള്‍ നിലനില്‍ക്കുന്ന കാലത്തോളം ഈ പ്രതിഭയെ ഒര്‍ക്കാന്‍. ഇന്നും സംഗീത പ്രണയികളുടെ ചുണ്ടിലും ഹൃദയത്തിലും മായാതെ നില്‍ക്കുന്നുണ്ട് ഈ പാട്ടുകള്‍. യേശുദാസ് ഒരിക്കല്‍ പറഞ്ഞത് ഇതുവരെ പാടിയ പാട്ടുകളില്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് പല്ലവി എന്ന ചിത്രത്തിനുവേണ്ടി പരത്തുള്ളി രവീന്ദ്രന്‍ എഴുതിയ ദേവി ക്ഷേത്രനടയില്‍ എന്ന ഗാനമെന്നാണ്. യേശുദാസിന് ആദ്യമായി മികച്ച ഗാനാലാപത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചതും ഈ ഗാനത്തിന് തന്നെ. പല്ലവി സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് പരത്തുള്ളി രവീന്ദ്രന്‍ തന്നെ. പല്ലവിയിലെ പരത്തുള്ളി എഴുതിയ മൂന്ന് ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും നിര്‍ഭാഗ്യം മാത്രമായിരുന്നു കൂട്ട്. കൂടെ ഒരു ഹാസ്യ ഗാനമൊരുക്കിയ പി ഭാസ്‌കരന്റെ പേരിലാണ് തന്റെ ഗാനങ്ങളെല്ലാം ചേര്‍ക്കപ്പെട്ടെതെന്ന് വേദനയോടെ പരത്തുള്ളി പറയുന്നു. 300 ലധികം നാടക ഗാനങ്ങളും എട്ടോളം സിനിമാഗാനങ്ങളും ഒത്തിരി കാസറ്റുകള്‍ക്കും ഒരു പിടി നല്ല ഗാനങ്ങള്‍ എഴുതിയ പരത്തുള്ളി ജീവിച്ചിരിക്കുമ്പോള്‍ തന്നെ കഥാവശേഷനാവാന്‍ വിധിക്കപ്പെട്ട പ്രതിഭയാണ്. അര്‍ഹിക്കുന്ന അംഗീകാരങ്ങളോ പ്രതിഫലമോ പരത്തുള്ളിക്ക് ലഭിച്ചില്ല. എട്ടുവര്‍ഷം മുമ്പ് കുമാര്‍ രജ്ഞിത്ത് സംവിധാനം ചെയ്ത ഓര്‍മകളും സ്വപ്‌നങ്ങളും എന്ന സിനിമയ്ക്ക് വേണ്ടിയാണ് അവസാനമായി ഗാനം രചിച്ചത്. എന്നാല്‍, ആ സിനിമ റിലീസായതുമില്ല. എടപ്പാളിനടുത്ത് നടുവട്ടത്തിനടുത്തായിരുന്നു തറവാട്. അച്ഛന്‍ മതിലകത്ത് വേലായുധന്‍, പരത്തുള്ളി കുഞ്ഞുലക്ഷ്മിയമ്മയാണ് അമ്മ, പ്രശസ്തനായ ഉറൂബിന്റെ അതേ തറവാടായ പരത്തുള്ളിയില്‍ തന്നെ. ഇപ്പോള്‍ മാപ്പ് എന്ന പേരില്‍ ഒരു കാവ്യസമാഹാരം ഇറക്കുകയാണ് എഴുപത്തിയേഴാം വയസ്സില്‍ ഈ കലാകാരന്‍. ചന്ദ്രികയാണ് ഭാര്യ. രാജീവ്, മഞ്ജുള, പ്രസൂണ്‍ മക്കളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss