|    Nov 17 Sat, 2018 7:11 pm
FLASH NEWS

പാട്ടിന്റെ പാലാഴി തീര്‍ത്ത ഹംസക്ക ഇനി ഓര്‍മ

Published : 3rd December 2015 | Posted By: SMR

കോട്ടക്കല്‍: മാപ്പിള പാട്ടിന്റെ ഈണങ്ങളില്‍ ആത്മീയതയുടെ വെള്ളിനൂലൂകള്‍ കോര്‍ത്തെടുത്ത രണ്ടത്താണി ഹംസയെന്ന കലാകാരന് കലാസ്‌നേഹികളുടെ ആദരാഞ്ജലികള്‍. ഒട്ടേറെ പാട്ടുകളുടെ മരണത്തിന്റെ ഭയാശങ്കകള്‍ മലയാളികള്‍ക്ക് പകര്‍ന്നേകിയ അനുഗ്രഹീത കലാകാരന്‍ മരണത്തിന്റെ നിത്യതണുപ്പിലേക്ക് വിടവാങ്ങിയപ്പോള്‍ കലാകേരളം ഈറണിഞ്ഞു.
ഇന്നലെ പുലര്‍ച്ചെ മരണ വിവരമറിഞ്ഞ സമയത്തു തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പാട്ടിന്റെ ഉസ്താദിന് ആദരാഞ്ജലികള്‍ സമര്‍പ്പിച്ചുള്ള സന്ദേശങ്ങള്‍ പ്രവഹിച്ചുതുടങ്ങിയിരുന്നു. പൂക്കിപ്പറമ്പ് വാളക്കുളത്തെ ആ പഴയ ഓടിട്ട വീടിനു മുമ്പില്‍ കലാസ്വാദകര്‍ തങ്ങളുടെ പ്രിയപ്പെട്ട ഹംസക്കയെ ഒരു നോക്കുകാണാന്‍ തടിച്ചുകൂടിയിരുന്നു. സക്കറാത്തില്‍ മൗത്തിന്റെ, മരണം വരും, സുഖമിതു മാറും, പരിപാലകന്റെ നിയമം തുടങ്ങിയ പാട്ടുകള്‍ ആസ്വാദകരുടെ കാതുകള്‍ക്ക് എന്നും മരണബോധത്തിന്റെ സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ഒരു കാലത്ത് കല്യാണരാവുകളിലും ദര്‍ഗകളുടെ ആത്മീയരംഗങ്ങളിലും രണ്ടത്താണി ഹംസയെന്ന കലാകാരന്റെ ശ്രുതിമാധുര്യം കേള്‍വിക്കാരെ ഹരം കൊള്ളിച്ചിരുന്നു.
മൂല്യവത്തായ തന്റെ പാട്ടുകളെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ജീവിതവും. മജ്ജമാറ്റിവയ്ക്കുന്നതിനായി സഹായം തേടിയ ഒരു ബാലന് വേണ്ടിയുള്ള ഗാനമേളപരിപാടിയില്‍ പാട്ടുപാടി അദ്ദേഹം തന്റെ ജീവിതലക്ഷ്യം വീണ്ടും വരച്ചുകാട്ടി. ജീവിതത്തെ പാട്ടെന്ന ഒറ്റ വാക്കിലൊതുക്കിയ നാട്ടുകാരുടെ പ്രിയപ്പെട്ട ഹംസക്ക കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പ് കാലത്തും വിവിധ രാഷ്ടീയപ്പാര്‍ട്ടികളുടെ പ്രചാരണാര്‍ഥം പാട്ടുപാടിയിരുന്നു. പാട്ടിന്റെ പാലാഴി തീര്‍ത്ത ജീവിതത്തില്‍ ഹംസയ്ക്കാക്ക് രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് സ്വന്തമാക്കാനായതെന്ന് താനൂരില്‍ കര്‍ഷകനായ സഹോദരന്‍ അബൂബക്കര്‍ പറയുന്നു. അറിവുവച്ച കാലം തന്നെ ഹംസാക്ക പാട്ടിനു പിറകേയാണ്.
പഴയകാലത്ത് കല്യാണചടങ്ങുകളില്‍ കൈകൊട്ടി പാട്ടുപാടിയിരുന്ന സൈനബയെ ജീവിത സഖിയാക്കിയതു പോലൂം ഇതിന്റെ തുടര്‍ച്ചയാണെന്ന് അബൂബക്കര്‍ ഓര്‍ത്തെടുക്കുന്നു.
വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് മയ്യിത്ത് കുണ്ടുകുളം ജുമുഅത്ത് പള്ളിയിലേക്ക് കൊണ്ടുപോയത്. സംഗീതരംഗത്ത് സജീവമായ ശഹബാസ് അമന്‍, ഫിറോസ് ബാബു, അഷ്‌റഫ് പാലപ്പെട്ടി, ഒ എം കരുവാരകുണ്ട്, എടപ്പാള്‍ ബാപു, ഈസക്ക, ബാപു വെള്ളിപ്പറമ്പ്, ജോയി വിന്‍സെന്റ്, മുസ്തഫ കടലുണ്ടി തുടങ്ങിയവരും തങ്ങളുടെ ആത്മമിത്രത്തെ അവസാനമായി കാണാന്‍ വാളക്കുളത്തെ വീട്ടിലത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss