|    Oct 22 Mon, 2018 5:23 pm
FLASH NEWS

പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കണം

Published : 27th September 2017 | Posted By: fsq

 

നെല്ലിയാമ്പതി: പരിസ്ഥിതി സംരക്ഷണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൈവ വൈവിധ്യ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്ന് നിയമസഭാ സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി വ്യക്തമാക്കി. ജൈവവൈവിധ്യ സംരക്ഷണ പഠനത്തിന്റെ  ഭാഗമായി നെല്ലിയാമ്പതിയില്‍ നടത്തിയ തെളിവെടുപ്പിലാണ് സമിതി ഇക്കാര്യം അറിയച്ചത്. അതേ സമയം, സമിതിക്ക് മുമ്പാകെ തെളിവെടുപ്പിനെത്തിയവരില്‍ പലരും പാട്ടക്കാലാവധി കഴിഞ്ഞ സ്വകാര്യ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. വനഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമിതിക്കു മുമ്പാകെ അവതരിപ്പിച്ചു. 2002ലെ ബയോ ഡൈവേസിറ്റി ആക്ടിലെ വ്യവസ്ഥകള്‍  നടപ്പാക്കുന്നത് സംബന്ധിച്ച് സമിതി ഉദ്യോഗസ്ഥര്‍- പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. ജൈവവൈവിധ്യ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതല സമിതികള്‍ ഏകോപിപ്പിക്കണം. ജൈവ ഉല്‍പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണനം നടത്താന്‍ നിലവില്‍ വിപണന കേന്ദ്രമില്ല. ജൈവ ഉല്‍പന്നങ്ങളെ എങ്ങനെ സുസ്ഥിരമായി ഉപയോഗപ്പെടുത്താമെന്ന് സമിതി പരിശോധിക്കും. റവന്യു-കൃഷി ഭൂമിയില്ലാത്ത നെല്ലിയാമ്പതിയില്‍ ജൈവ സംരക്ഷണ യജ്ഞത്തില്‍ സ്വകാര്യ എസ്റ്റേറ്റുകളും ഉള്‍പ്പെടുമെന്നും സമിതി അധ്യക്ഷന്‍ മുരളി പെരുനെല്ലി എംഎല്‍എ പറഞ്ഞു.നെല്ലിയാമ്പതി പ്ലാസ്റ്റിക്ക് നിരോധിത മേഖലയാക്കണം. പെരിയാര്‍ മാതൃകയില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ ഇക്കോ ടൂറിസം പദ്ധതികള്‍ തുടങ്ങണമെന്നും സമിതിക്ക് മുമ്പാകെ പലരും നിര്‍ദ്ദേശം സമര്‍പ്പിച്ചു. നെല്ലിയാമ്പതിയിലെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സമിതി റിപോര്‍ട്ട് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാര്‍ പറഞ്ഞു. തുടര്‍ന്ന് എംഎല്‍എമാരായ മുരളി പെരുനെല്ലി, ജി എസ് ജയ്—ലാല്‍, എം മുകേഷ്, യു പ്രതിഭാ ഹരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് ജിന്‍സി, ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നെല്ലിയാമ്പതിയിലെ കേശവന്‍പാറ സന്ദര്‍ശിച്ച് ജൈവ വൈവിധ്യങ്ങള്‍ വിലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss