|    Aug 20 Sun, 2017 11:22 am
FLASH NEWS

പാടെ തകര്‍ന്ന് മാള വലിയപറമ്പ് റോഡ്; ഫണ്ട് അനുവദിച്ചിട്ടും നിര്‍മാണം വൈകുന്നു

Published : 28th November 2016 | Posted By: SMR

മാള: വര്‍ഷങ്ങളായി പാടേ തകര്‍ന്ന് കിടക്കുന്ന മാള വലിയപറമ്പ് റോഡ് യാത്രികര്‍ക്ക് ദുരിതമാകുന്നു. ഫണ്ടുകളുണ്ടെങ്കിലും റോഡ് പണിയാനായി നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. രണ്ട് കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് പാടേ തകര്‍ന്ന നിലയിലാണ്. വളവുകളില്‍ ടാറിങ് പോലുമില്ലാത്ത നിലയിലാണ് തകര്‍ച്ച. വന്‍കുഴികളാണിവിടങ്ങളില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം വര്‍ഷക്കാലത്ത് വെള്ളക്കെട്ടും വേനലില്‍ അതിരൂക്ഷമായ പൊടി ശല്യവും തുടര്‍ക്കഥയാണ്. റോഡ് നിര്‍മാണത്തിനായി ബിറ്റുമിന്‍ മെക്കാടം ബിറ്റുമിന്‍ കോണ്‍ക്രീറ്ററ്റ് ചെയ്യുന്നതിന് ഒരു കോടി 15 ലക്ഷം രൂപ മൂന്ന് വര്‍ഷം മുമ്പേ അനുവദിച്ചിരുന്നു. നാലുവട്ടം പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഫണ്ട് പോരെന്ന കാരണം പറഞ്ഞ് കരാറുകാര്‍ ടെന്‍ഡര്‍ സ്വീകരിച്ചില്ല. ഒടുവില്‍ ചെയ്യേണ്ട പണിയില്‍ മാറ്റം വരുത്തി അഞ്ചാം വട്ടം ടെന്‍ഡര്‍ ക്ഷണിച്ചപ്പോഴാണ് ടെന്‍ഡറായിരിക്കുന്നത്.പോലിസ് സ്റ്റേഷന്‍ മുതല്‍ ഹോളിഗ്രേസ് ജങ്ഷന്‍ വരെയുള്ള ഒന്നേമുക്കാല്‍ കിലോമീറ്റര്‍ ഭാഗം മാത്രമാണ് 115 ലക്ഷം രൂപയിലൂടെ നടത്താനാകൂയെന്നാണ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും അറിയാനാകുന്നത്. ടെന്‍ഡറായ ഈ പണി ഡിസംബര്‍ അവസാനത്തോടെ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോയ് അറിയിച്ചു. എറണാകുളത്തുള്ള രഘുവെന്ന കോണ്‍ട്രാക്ടറാണ് ടെന്‍ഡറെടുത്തിരിക്കുന്നത്. എന്നാല്‍ പണി തുടങ്ങിവെച്ചത് അനന്തമായി നീളുകയാണ്. ടാറിങ്് നടത്താനായി സബ് സ്റ്റേഷന്‍ സ്റ്റോപ്പിന് സമീപം മെറ്റല്‍ കൂട്ടിയിട്ടിട്ട് ഒന്നര വര്‍ഷത്തിലധികമായി. മഴക്കാലമെത്തിയപ്പോള്‍ മെറ്റല്‍ ഷീറ്റിട്ട് മൂടിയിരുന്നു. മഴയുടെ ഇടവേളയില്‍ റോഡ് പണിയാനായി ഷീറ്റ് മാറ്റിയതിന് പിന്നാലെ ശക്തമായ മഴയും പെയ്തു. പിന്നീട് ഇതുവരെ പണി നടത്താനായി കരാറുകാരന്‍ തയ്യാറായിട്ടില്ല. ടാര്‍ ഉരുക്കാനായുള്ള സംവിധാനം സമീപത്ത് കാട് കയറി നശിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക