|    Apr 21 Sat, 2018 12:00 am
FLASH NEWS
Home   >  Editpage  >  Article  >  

പാടത്തു പണി വരമ്പത്തു കൂലി എന്നല്ലേ?

Published : 24th April 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

രമേശ് സര്‍ക്കാര്‍ കോളജ് അധ്യാപകനാണ്. ഭാര്യയും രണ്ടു മക്കളും. ഈ അടുത്ത കാലത്തായി ലോണെടുത്ത് വീടുവച്ചു. ഭാര്യക്ക് ജോലിയൊന്നുമില്ല. പാരമ്പര്യ സ്വത്തെന്നു പറയാനും കഷ്ടിയാണ്. എല്ലാ മാസവും മൂന്നാമത്തെ പ്രവൃത്തിദിനത്തില്‍ കൃത്യമായി ശമ്പളം എഴുതിവാങ്ങിയിരുന്നതാണ്. അതു മുന്നില്‍ കണ്ടുകൊണ്ടാണ് തിരിച്ചടവുകളുടെ ദിവസം തീരുമാനിച്ചിട്ടുള്ളത്. അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു മാറിയാല്‍ മതി, മാസം അഞ്ഞൂറും ആയിരവും പലിശയിനത്തില്‍ പോവും. പിന്നെ കുട്ടികളുടെ ട്യൂഷന്‍ ഫീസ്, പാല്, പച്ചക്കറി, ഭാര്യയുടെ വീട്ടിലേക്കുള്ള ഫോണ്‍വിളി…
ഇത്രകാലവും വലിയ തകരാറൊന്നുമില്ലായിരുന്നു. രമേശിന്റെ പേപ്പറുകളൊക്കെ എപ്പോഴും കൃത്യമായിരിക്കും. ആദ്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള സര്‍വീസ് ആന്റ് പേറോള്‍ അഡ്മിനിസ്‌ട്രേറ്റീവ് റെപോസിറ്ററി സോഫ്റ്റ്‌വെയറില്‍ (സ്പാര്‍ക്ക്) വിവരങ്ങള്‍ ലോഡ് ചെയ്യും. ബില്ല് പ്രോസസ് ചെയ്യും. ഗസറ്റഡ് ഓഫിസറായതിനാല്‍ സെല്‍ഫ് ഡ്രോയിങ് ഫെസിലിറ്റിയുണ്ട്. ബില്ല് നേരെ ട്രഷറിയിലെത്തിക്കും. ഒബ്ജക്ഷനൊന്നുമില്ലെങ്കില്‍ പണം ട്രഷറി സേവിങ്‌സ് അക്കൗണ്ടിലെത്തും.
അങ്ങനെയിരിക്കുമ്പോഴാണ് പുതിയൊരു നിയമം. അധ്യാപകര്‍ സ്വയം ശമ്പളം എഴുതിയെടുക്കുന്ന പരിപാടി അവസാനിപ്പിക്കുന്നു. അധ്യാപകര്‍ വെറുതെ എന്തിന് നേരം കളയണമെന്നാണു ചോദ്യം. അതൊക്കെ ഓഫിസിലുള്ളവര്‍ ചെയ്യില്ലേ. മനുഷ്യത്വം മാഷുമാര്‍ക്ക് മാത്രമല്ല, ധനവകുപ്പിനുമുണ്ട്. 2015 സപ്തംബറിലെ ഉത്തരവാണ്. അധ്യാപകര്‍ക്കു മാത്രമല്ല, എല്ലാ ഗസറ്റഡ് ഓഫിസര്‍മാര്‍ക്കും ബാധകം. ഡിസംബറോടെ യുദ്ധകാലാടിസ്ഥാനത്തില്‍ സംഗതി പ്രാവര്‍ത്തികമായി. എത്ര വേഗമുള്ള സര്‍ക്കാര്‍!
പക്ഷേ, ഒരു കുഴപ്പം. ഇത് ഏപ്രിലാണ്. രമേശിന്റെ ഫെബ്രുവരിയിലെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. രമേശ് ഭാഗ്യവാനാണത്രെ. സാവിത്രിടീച്ചര്‍ക്ക് ജനുവരി മുതല്‍ കിട്ടാനുണ്ട്. മറ്റു സര്‍ക്കാര്‍ ഓഫിസുകളില്‍ ഇത്രയും എണ്ണം ഗസറ്റഡ് ഓഫിസര്‍മാര്‍ ഇല്ലാത്തതിനാല്‍ സംഗതി അത്ര ഭീമമല്ല. രമേശിന്റെ കോളജിന്റെ സ്ഥിതി അതല്ല. 250ല്‍ താഴെ ഗസറ്റഡ് അധ്യാപകരുണ്ട് അവിടെ.
ഇത്രകാലവും ഓരോരുത്തരും സ്വന്തമായി ബില്ലെഴുതി ശമ്പളം വാങ്ങുകയായിരുന്നു. ഓരോരുത്തരുടെയും ശമ്പളവും ഇന്‍ക്രിമെന്റും ഡിഡക്ഷനുകളും അവര്‍ക്ക് കൃത്യമായി അറിയാവുന്നതിനാല്‍ കാര്യം പെട്ടെന്നു തീരും. പ്രശ്‌നങ്ങള്‍ ഇല്ലെന്നില്ല. സ്പാര്‍ക്കില്‍ വരുന്ന സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ ചില ഫോണ്‍നമ്പറുകളുണ്ട്. ആ നമ്പറില്‍ വിളിച്ചോ ആരുടേതെന്നറിയാത്ത മെയില്‍ഐഡിയിലേക്ക് മെസേജ് അയച്ചോ പരിഹരിക്കും. രമേശ് പറയുന്നതുപോലെ അതും ഒരു ചടങ്ങാണ്. എങ്കിലും ഇക്കാലമൊക്കെയും ഒത്തും ഒപ്പിച്ചും പോയി.
അപ്പോഴാണ് ബില്ല് കൊടുക്കുന്നത് കോളജിന്റെ ഉത്തരവാദിത്തത്തിലേക്കു മാറ്റുന്നത്. അതനുസരിച്ച് സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തി. സര്‍ക്കാരല്ലേ, മാറ്റം വേണ്ടവിധമായിട്ടില്ല. ഇല്ലത്തുനിന്നു പോന്നു, അമ്മാത്ത് എത്തിയിട്ടുമില്ല. തീര്‍ന്നില്ല, 250 പേരുടെ കാര്യം നോക്കാന്‍ ആകെ ഒരാള്‍. ഇത്രനാളും കോളജ് വഴി ബില്ല് മാറിയിരുന്നവരുടെ കാര്യം മാത്രം നോക്കിയിരുന്ന സ്ഥാനത്താണ് 250 പേരുടെ പണി പുതുതായി വന്നത്. അതിനനുസരിച്ച് ആളെ വച്ചിട്ടുമില്ല. ഫലം ആദ്യ മാസംതന്നെ ശമ്പളം, ഗോപി.
പ്രശ്‌നം അവിടെ നില്‍ക്കില്ലല്ലോ. അധ്യാപകര്‍ പ്രിന്‍സിപ്പലുമായി തര്‍ക്കമായി. പണിയെടുത്താല്‍ ശമ്പളം കിട്ടണ്ടേ? ശമ്പളബില്ല് ശരിയാക്കുന്ന ഉദ്യോഗസ്ഥര്‍ വാളും വട്ടകയുമായി വന്നു. 250 ആളുടെ പണിചെയ്യാന്‍ ഞാനൊരാളോ? എല്ലാവരുടെയും പ്രശ്‌നം ന്യായം. സര്‍ക്കാരിന്റെ ഒറ്റ പ്രഖ്യാപനം കാരണം കോളജിലെ അധ്യാപക-അനധ്യാപകബന്ധം ചോരയില്‍ കുതിര്‍ന്നു.
ഇത് കേവലമൊരു കോളജിന്റെ പ്രശ്‌നമല്ല, കേരളത്തിലെ 60,000 ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പ്രശ്‌നമാണ്. ധൃതിപിടിച്ചു നടപ്പാക്കിയതിനാല്‍ സോഫ്റ്റ്‌വെയര്‍ ഇപ്പോഴും ശരിയായിട്ടില്ല. ഉള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ട ആളുകളില്ല. ഉണ്ടെങ്കില്‍ തന്നെ വിളിച്ചാലും ഫോണ്‍ എടുക്കണമെന്നില്ല. മെയിലിന് മറുപടി തരണമെന്നുമില്ല. അതിനിടയിലാണ് ധനവകുപ്പും സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ ഐടി വകുപ്പും തമ്മില്‍ ദ്വന്ദ്വയുദ്ധം. അവര്‍ സോഫ്റ്റ്‌വെയറിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞത്രേ.
മാഷുമാരുടെ ജോലി കുറയ്ക്കാനെന്നു പറഞ്ഞു വന്ന പരിപാടി വലിയൊരു ഗൂഢാലോചനയാണെന്നാണ് വിവരം. ഇക്കാലമത്രയും ഗസറ്റഡ് ഓഫിസര്‍മാരുടെ ബില്ലുനോക്കാന്‍ ട്രഷറികളില്‍ ഒരാളെ നിയോഗിച്ചിരുന്നു. പുതിയ പരിഷ്‌കാരംകൊണ്ട് കേരളത്തിലെ എല്ലാ ട്രഷറിയിലും ഓരോ തസ്തിക കുറച്ചു. തീര്‍ന്നില്ല. ഈ പണികള്‍ ഓരോ ഓഫിസിലും ചെയ്യാന്‍ ആളു വേണമല്ലോ, അതിന് ആളെ വയ്ക്കാനും തയ്യാറല്ല.
”ഈ പ്രശ്‌നം തീരുമോ?” രമേശിനോട് ഞാന്‍ ചോദിച്ചു. ”ഇല്ല, പുതിയ സര്‍ക്കാര്‍ സെല്‍ഫ് ഡ്രോയിങ് ഫെസിലിറ്റി തിരിച്ചുകൊണ്ടുവന്നാല്‍ തീരും. പക്ഷേ, നൂറുകണക്കിനു തസ്തികകള്‍ വെട്ടിക്കുറച്ച ഈ പരിഷ്‌കാരം ആരു പിന്‍വലിക്കും?” മാഷ് തിരിച്ചുചോദിച്ചു.
”അപ്പോ, ശമ്പളം?” മാഷ് ചിരിച്ചു, കാരൂര്‍ക്കഥകളിലെ ആ പഴയ മാഷ്!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss