|    Nov 21 Wed, 2018 5:50 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പാടത്തിറങ്ങി ഭാഷ കൊയ്യുമ്പോള്‍

Published : 8th November 2018 | Posted By: kasim kzm

ഇ ജെ ദേവസ്യ

പാടം എന്നാല്‍ അധ്വാനിക്കാനുള്ള ഒരുപിടി മണ്ണ് മാത്രമായിരുന്നോ? കരിയും കലപ്പയും അതിനുള്ള കേവല ആയുധങ്ങളായിരുന്നോ? നെല്ല് ഒരു കാര്‍ഷിക ഉല്‍പന്നവും പറ ആ അനുഭവം നിറച്ച പാത്രത്തിനുമപ്പുറം ഒന്നുമായിരുന്നില്ലേ? ഇതൊക്കെ മാത്രമാണെന്നാണ്, അതിനപ്പുറം ഒന്നുമല്ലെന്നാണ് ഉത്തരമെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അരിലോറി കുറച്ചു വൈകിയാലും വരും; നമുക്ക് ക്യൂവില്‍ തുടരാം. നാവു വരളുമ്പോള്‍ കഞ്ഞിവെള്ളത്തിനു മോഹിച്ചുപോവുന്ന രക്തബന്ധത്തെ തള്ളിപ്പറയാനാവുന്നില്ലെങ്കില്‍ മാത്രം ഇല്ലാ പാടവരമ്പിലൂടെ തല കുമ്പിട്ട് അല്‍പദൂരം നടക്കാം. അപ്പോളറിയാം വയലിനൊപ്പം നികന്നുപോയത് എന്തൊക്കെയെന്ന്.
പ്രളയം പലയിടത്തും പഴയ പാടത്തിന്റെ ഫോസിലുകള്‍ മാന്തി പുറത്തിട്ടിട്ടുണ്ട്. വരമ്പില്‍ കാണുന്ന ചെറിയ മാളം പണ്ടത്തെ ചങ്ങാതി താതന്‍കുഞ്ഞിന്റെ വീടാവണം. ചുവന്നു തുടുത്ത ദേഹവുമായി ഇറുക്കാംകൈകള്‍ നീട്ടിപ്പിടിച്ച് പാടവരമ്പില്‍ കാണുന്നവരെയൊക്കെ ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചു നടന്നിരുന്ന ആ കുഞ്ഞന്‍ ഞണ്ടിനെ നോക്കിയാണ് അന്നു നമ്മള്‍ ‘മുണ്ടകപ്പാടത്തെ താതന്‍കുഞ്ഞേ, മുണ്ടകന്‍ കൊയ്യുമ്പോളെവിടിരിക്കും’ എന്നു കളിയാക്കി പാടിയിട്ടുള്ളത്.
വികസനമെന്ന ഓമനപ്പേരുള്ള കൈയേറ്റങ്ങള്‍ തഴപ്പായ തെറുക്കുംപോലെ പാടങ്ങളെയും ചതുപ്പുകളെയും തെറുത്തെടുത്തു കൊണ്ടുപോയപ്പോള്‍ താതന്‍കുഞ്ഞും കൂട്ടരും അതില്‍ പെട്ടുപോയതാണ്. പള്ളത്തിപരലും നമിച്ചിയും നെറ്റിമേല്‍പൊട്ടനും കാരിയും കൂരിയും വാഴയ്ക്കാവരയനും അച്ചിത്തവളയും വാല്‍മാക്രിയും നെല്ലോലയില്‍ ഊയലാടിയ പച്ചപ്പുല്‍ച്ചാടിയും ഇവര്‍ക്കു പിന്നാലെ നാണമില്ലാതെ ആടയുരിഞ്ഞു പാഞ്ഞ കുളക്കോഴിപ്പിടയും കൊക്കും കൊറ്റിയും പൊട്ടന്‍ നീര്‍ക്കോലിയും മാത്രമല്ല ആ തെറുത്തെടുപ്പില്‍ പെട്ടുപോയത്. അടി കൊണ്ട ചേര പോലെ പുളഞ്ഞുപാഞ്ഞുപോയ കൈത്തോടുകളും നാഗരിക അധിനിവേശങ്ങള്‍ക്കെതിരേ പോരാടിവീണ കുറുന്തോട്ടിയും കുടുക്കനൂലിയും ചൊറിയണവും കൈതക്കൂട്ടവും നായ്ക്കുരുണയുമെല്ലാം പ്രളയം പുരാവസ്തുഖനനം നടത്തിയ ഈ മണ്ണില്‍ പ്രാക്തന ശേഷിപ്പുകള്‍ പോലെ തെളിഞ്ഞുവരുന്നുണ്ട്.
അവര്‍ക്കിടയില്‍ പാടത്തിനക്കരെയിക്കരെ ഗോത്രരാജാക്കന്‍മാരെപ്പോലെ വാണ കുറുക്കനും ഓന്തും അരണയും അണ്ണാറക്കണ്ണനും ഉടുമ്പും നെടൂളിയാനും പ്രാവും പ്രാപ്പിടിയനും കുയിലും കുരുവിയുമെല്ലാം അയല്‍ക്കൂട്ടം പിരിച്ചുവിട്ട് അവസാനത്തെ പുഞ്ചപ്പാടവരമ്പിലൂടെ ജനിച്ച മണ്ണില്‍ നിന്ന് പലായനം ചെയ്തവരാണ്. ആ പലായനത്തിന്റെ നാളുകളിലാണ് ഗ്രാമാതിര്‍ത്തിക്കു കാവല്‍ നിന്ന മുരിക്കും ശീമക്കൊന്നയുമെല്ലാം ആത്മഹത്യ ചെയ്തുകളഞ്ഞത്. നാഗരികത ബലാല്‍സംഗം ചെയ്തുകൊന്ന വെള്ളിലയും കണ്ണാന്തളിയും പൂവാംകുറുന്തലും മുക്കുറ്റിയും തിരുതാളിയും ഞരളയും പുല്ലാനിയുമെല്ലാം ഗതികിട്ടാപ്രേതങ്ങളായി അംബരചുബികളായ ഫഌറ്റുകള്‍ക്കിടയിലെ ഇത്തിരിമണ്ണിനടിയില്‍ ഇപ്പോഴും അലയുന്നുണ്ട്.
പൂര്‍വികര്‍ പകലന്തിയോളം കൊയ്‌തെടുത്ത് ഭാഷയുടെയും സംസ്‌കാരത്തിന്റെയും പത്തായത്തില്‍ സൂക്ഷിച്ച വിത്തെടുത്തു കുത്തലാണ് വികസനമെന്ന് ആരോ നമ്മെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ആ തെറ്റിദ്ധാരണയുടെ ഉറപ്പാണ് നാടുനീളെയുള്ള കോണ്‍ക്രീറ്റ് പാടങ്ങള്‍ക്കുള്ളത്. അവിടെ കോടികള്‍ വിതച്ചതല്ലാതെ ദുരിതത്തിനപ്പുറം ഒന്നും കൊയ്യാനാവില്ലെന്ന് പ്രളയം പഠിപ്പിക്കുന്നതിനും മുമ്പ് ‘വിതച്ചതേ കൊയ്യൂ’ എന്നു പാടം തന്ന പഴഞ്ചൊല്ല് നമ്മള്‍ മറന്നുപോയി. വയലമ്മയും കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കണ്ണീര്‍പ്പാടവുമൊന്നും അതു മാത്രമായിരുന്നില്ല നമുക്ക്. മറിച്ച്, ഇനിയൊരിക്കലും ഉണ്ടാകാനിടയില്ലാത്ത ഒന്നാം തരം സാഹിത്യകൃതികളുടെ പേരുകള്‍ കൂടിയായിരുന്നു.
മണ്ണില്‍ നടക്കുന്ന അധിനിവേശം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ആദ്യം പ്രതിഫലിക്കുന്നത് ഭക്ഷണത്തിലാണെന്നു കാണാം. തനതു ഭക്ഷണങ്ങളെല്ലാം ഊണ്‍മേശയില്‍ നിന്ന് അപ്രത്യക്ഷമാവുന്ന മുറയ്ക്ക് നാവില്‍ നിന്നു നാട്ടുരുചികളും പടിയിറങ്ങിത്തുടങ്ങും. നാവ് ഭാഷയുടെ ശബ്ദമാണ്. എത്ര നിര്‍ബന്ധിച്ചാലും കുടിയിറങ്ങാന്‍ കൂട്ടാക്കാത്ത രുചിയാണ് അവനവന്റെ മാതൃഭാഷ.
സായിപ്പ് നാട്ടിലെ പെണ്‍കുട്ടികളെ നോക്കി വെള്ളമൂറി നടന്നപ്പോള്‍ ‘സായിപ്പിനെന്താ പുന്നെല്ലു കണ്ട എലിയെ പോലൊരു നോട്ടം’ എന്ന് ഏതെങ്കിലുമൊരു മലയാളി വീട്ടമ്മ പരിഹാസം തൊടുത്തിട്ടുണ്ടാവണം. കാര്യങ്ങളുടെ നെല്ലും പതിരും തിരിച്ചറിയാന്‍ പാടം അവരെ നേരത്തേ പഠിപ്പിച്ചിട്ടുണ്ടല്ലോ. അഥവാ സായിപ്പ് എന്തെങ്കിലും വേണ്ടാതീനം പറഞ്ഞിട്ടുണ്ടെങ്കില്‍ മകള്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തെന്ന് ആ അമ്മ അഭിമാനിച്ചിട്ടും ഉണ്ടാവണം. അല്ലെങ്കില്‍ ജീവിതം നായ പാഞ്ഞ ഞാറു പോലെയാക്കരുതെന്ന് മകളെ ആന്തലോടെ ഉപദേശിച്ചെങ്കിലും കാണണം.
മാവേലിയുടെ സോഷ്യലിസ്റ്റ് കേരളം പാടങ്ങളാല്‍ സമൃദ്ധമായതു കൊണ്ടുകൂടിയാണ് അവിടെ കള്ളപ്പറയും ചെറുനാഴിയും ഉണ്ടാവാതിരുന്നത്. ഏകാധിപത്യവും അധിനിവേശവും കണ്ടുപിടിച്ച അളവുപാത്രമാണ് കള്ളപ്പറ. പകലന്തിയോളം അധ്വാനിച്ചാല്‍ കിട്ടുന്നത് പുല്ലില്‍ തൂവിയ തവിടു പോലെയാണെന്നു തിരിച്ചറിഞ്ഞ പൂര്‍വികരാണ് കള്ളപ്പറയ്‌ക്കെതിരേ സംഘടിച്ചു ശക്തരായത്. വരമ്പു ചാരി നട്ടവര്‍ക്ക് ചുവരു ചാരി ഉണ്ണാനുള്ള അവകാശമുണ്ടെന്ന് വയലില്‍ നിന്ന് അറിഞ്ഞ അവര്‍ക്കു ചൂഷണത്തെ അരിയിട്ടു വാഴിക്കാന്‍ സാധ്യമായിരുന്നില്ല. ജന്‍മിയുടെയും കുടിയാന്റെയും വീടിനു മുന്നില്‍ ചെന്ന് ‘അരിഭക്ഷണം കഴിക്കുന്നവനുണ്ടെങ്കില്‍ ഇറങ്ങിവാടാ’ എന്നു വെല്ലുവിളിക്കുന്ന ഒരു സുന്ദരദിനം സ്വപ്‌നം കാണാത്ത ഒറ്റ അടിയാനും ഉണ്ടാവില്ല; അവന്‍ പാടത്തു പണിയുന്നവനാണെങ്കില്‍.
കൈയില്‍ കിട്ടിയാല്‍ അവന്റെ കഞ്ഞിപ്പാത്തി ചവിട്ടിക്കലക്കണമെന്ന് ചെറുപ്പക്കാര്‍ അടക്കംപറഞ്ഞിട്ടുമുണ്ടാവും. കാരണം, തൊഴുതുണ്ണുന്നതിനേക്കാള്‍ നല്ലത് ഉഴുതുണ്ണുന്നതാണെന്ന് മാതാപിതാക്കള്‍ അവര്‍ക്ക് ജീവിതം കൊണ്ട് കാണിച്ചുകൊടുത്തിട്ടുണ്ട്. ചൂഷണം ഇവര്‍ എങ്ങനെ തിരിച്ചറിഞ്ഞു എന്ന ചോദ്യത്തിന്, ഞങ്ങള്‍ വറ്റിട്ട വെള്ളം കുടിക്കുന്നവരാണെന്നു മറുപടി കൊടുക്കാന്‍ നാട്ടുകാരണവന്‍മാര്‍ക്കു രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നിട്ടുണ്ടാവില്ല. വിവേകത്തിന്റെ മാനദണ്ഡമാണ് അരിഭക്ഷണം.
വയലിലിറങ്ങി ഭാഷ കൊയ്തു മെതിച്ച ജീവിതവൈയാകരണന്‍മാരാണ് പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് മലയാളിയെ പഠിപ്പിച്ചത്. പതിരു പാറ്റിക്കളഞ്ഞാല്‍ കിട്ടുന്നതായിരുന്നു അവര്‍ക്ക് ജീവിതം. എന്നാല്‍ പാറ്റിക്കിട്ടിയത് തുച്ഛവും പതിര് പതിന്‍മടങ്ങുമായപ്പോള്‍ പലരും കരുതി പതിരുകൂമ്പാരത്തിനു ചുറ്റുമാണ് ജീവിതമെന്ന്. എത്ര പറഞ്ഞിട്ടും മുതിര്‍ന്നിട്ടും കാര്യം പിടികിട്ടാത്ത ഇത്തരക്കാരുടെ ഗുരുത്വമില്ലായ്മയെ കതിരിനു വളം വച്ചിട്ടു കാര്യല്ലെന്നു വിശേഷിപ്പിക്കുന്നതിലും അര്‍ഥവത്തായി ഒരു ഭാഷയ്ക്ക് ആവിഷ്‌കരിക്കാനാവുമോ? നേരും നെറിയുമില്ലാത്തവരെ കറ്റ മെതിക്കും പോലെ മെതിച്ചാലും കള പോലെ പിഴുതെറിഞ്ഞാലും പെറ്റമ്മ പോലും പൊറുത്തുതരുന്ന നീതിബോധമാണ് വയല്‍ജീവിതം ഒരു ജനതയ്ക്കു സമ്മാനിച്ചത്.
കള പറിക്കാത്ത വയലില്‍ വിള കാണില്ലെന്നും കള പറിച്ചാലേ കളം നിറയൂ എന്നും വിശ്വസിച്ച അവര്‍ക്ക് വയലും വിളയും ജീവിതം തന്നെയായിരുന്നു. ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ജീവിതത്തിനെതിരായതെന്തും അവര്‍ക്ക് കളയായിരുന്നു. അതുകൊണ്ട് അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചിട്ട് വീണ്ടും മുറുമുറുത്തു മുറ്റത്തു നിന്നത് പാവം വെറുമൊരു നായയല്ലായിരുന്നു; അധിനിവേശിച്ചതെന്തും ആയിരുന്നു. അരി എറിഞ്ഞാല്‍ ആയിരം കാക്ക വരുമെന്നുള്ളത് ആ അധിനിവേശത്തിനുള്ള മുന്നറിയിപ്പായിരുന്നു. കാക്ക സ്വദേശിയാണ്. അരിയാണ് സ്വദേശികളെ ഒന്നിച്ചുനിര്‍ത്തിയത്. മറ്റൊരര്‍ഥത്തില്‍ ശത്രു (അരി) ഞങ്ങളെ എറിഞ്ഞാല്‍ ആയിരം സ്വദേശികളെത്തുമെന്ന മുന്നറിയിപ്പു കൂടിയായിരുന്നു അത്.
ഉണ്ടവന് ഇടം കിട്ടാതെയും ഉണ്ണാത്തവന് ഇല കിട്ടാതെയുമുള്ള ഉഴച്ചിലാണ് ഇഹലോക ജീവിതമെന്ന് പാടം ചുരുക്കിപ്പറഞ്ഞുതന്നു. അതിന്റെ പൊരുളറിയാന്‍ വിദ്യ നേടണം. വിദ്യാരംഭം അരിയിലെഴുത്തായപ്പോള്‍ അറിവ് അന്നമായി. അരിയില്‍ അക്ഷരം കുറിച്ച മനസ്സുകള്‍ തന്നെപ്പോലെ വിശാലവും നേരിന്റെ വരമ്പുള്ളതുമാവണമെന്ന് വയലമ്മ പ്രത്യാശിച്ചു. പക്ഷേ, ഒടുവില്‍ പച്ചപ്പട്ടുടയാട ചീന്തി യന്ത്രക്കൈകളും കോണ്‍ക്രീറ്റ് തൂണുകളും നെഞ്ചിലമരുമ്പോള്‍, വായ്ക്കരിയിടാന്‍ ഉണ്ടചോറിനു നന്ദിയുള്ള ആരെങ്കിലും വരുന്നുണ്ടോ എന്ന് ഉഴറിനോക്കുകയാണ് തിമിരം ബാധിച്ച ആ പച്ചക്കണ്ണുകള്‍. പറയൂ: വയല്‍ ഒരുപിടി മണ്ണു മാത്രമാണോ? ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss