|    Oct 22 Sun, 2017 3:01 am

പാടങ്ങള്‍ വരണ്ടുണങ്ങുന്നു; വയല്‍ പാകമാക്കാന്‍ പോലും വെള്ളമില്ല

Published : 15th July 2017 | Posted By: fsq

 

മാനന്തവാടി: ജില്ലയില്‍ നെല്‍കൃഷി നടത്താനാവശ്യമായ വെള്ളം ഇനിയും വയലുകളിലെത്താത്തത് അവശേഷിക്കുന്ന നെല്‍കര്‍ഷകരെയും പ്രതിസന്ധിയിലാക്കുന്നു. ജില്ലയില്‍ ഈ വര്‍ഷം ആവശ്യത്തിന് മഴ ലഭിക്കുമെന്ന പ്രവചനങ്ങള്‍ തെറ്റിച്ച് ഇക്കുറിയും മഴ ചതിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. നെല്‍കൃഷി തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് കാലാവസ്ഥയിലുള്ള മാറ്റം. ശക്തമായ മഴ ലഭിക്കേണ്ട മണ്‍സൂണ്‍ കാലത്ത് ഇതുവരെ 63 ശതമാനം മഴക്കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയതെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച അവസാനിക്കുന്ന ആഴ്ചയില്‍ മാത്രം 83 ശതമാനം മഴയുടെ കുറവാണുണ്ടായിരിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 12 വരെ ജില്ലയില്‍ ലഭിക്കേണ്ടിയിരുന്നത് 1200.8 മില്ലിമീറ്റര്‍ മഴയായിരുന്നെങ്കില്‍, ലഭിച്ചത് 442.9 മില്ലിമീറ്റര്‍ മാത്രമാണ്. വിത്തിടാനുള്ള സമയമെത്തിയിട്ടും മഴ കാത്തിരിക്കുകയാണ് കര്‍ഷകര്‍. നഞ്ചകൃഷിക്ക് വിത്തിടേണ്ട സമയമാണിപ്പോള്‍. എന്നാല്‍, മഴയില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത് അടുത്ത സീസണില്‍ ആരംഭിക്കേണ്ട പുഞ്ചകൃഷിയെയും പ്രതികൂലമായി ബാധിക്കും. കടം വാങ്ങിയും പങ്കിട്ടും വിത്ത് വിതച്ചവര്‍ക്കാവട്ടെ, തുടര്‍മഴ കിട്ടാത്തിനാല്‍ ഇനിയെന്തു വേണമെന്നറിയില്ല. രൂക്ഷമായ വരള്‍ച്ചയിലും ഇത്തവണ മഴ ചതിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍, തോടുകളിലും കുളങ്ങളിലുമൊന്നും ഇനിയും വെള്ളമായിട്ടില്ല. കബനി നദിയില്‍ വെള്ളമുണ്ടെങ്കിലും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് എത്തിക്കാനുള്ള സാമ്പത്തിക പ്രയാസവും കര്‍ഷകരെ പിന്നോട്ടടിക്കുന്നു. ഉറവയായി പേരിനു മാത്രം ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് കുറച്ച് പേരെങ്കിലും ഗത്യന്തരമില്ലാതെ ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ പാടങ്ങളില്‍ ഒന്നായ വേമോം പാടത്ത് മാത്രം 350 ഹെക്റ്ററിലാണ് നെല്‍കൃഷി ചെയ്യുന്നത്. മാനന്തവാടി താലൂക്കില്‍ 1413 ഹെക്റ്ററിലും ജില്ലയില്‍ മൊത്തം 5800 ഹെക്റ്ററിലുമാണ് കഴിഞ്ഞ വര്‍ഷം നെല്‍കൃഷി ചെയ്തത്. കാലവര്‍ഷം ദുര്‍ബലമായതിനാല്‍ തന്നെ ഈ വര്‍ഷം നെല്‍കൃഷിയുടെ വ്യാപ്തി ഗണ്യമായി കുറയുമെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. ബാങ്ക് വായ്പയെടുത്തും സ്വര്‍ണം പണയംവച്ചുമാണ് ഭൂരിഭാഗം പേരുടെയും കൃഷി. പാരമ്പരാഗത കൃഷിയെന്ന നിലയ്ക്കാണ് താരതമ്യേന ലാഭകരമല്ലാത്ത നെല്‍കൃഷി പലരും നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം ഇവരുടെ സാമ്പത്തിക സ്ഥിതിയെ തന്നെ തകിടംമറിക്കാനാണ് സാധ്യത. അതോടൊപ്പം മഴയുടെ കുറവ് കാരണം കുടിവെള്ള പ്രശ്‌നവും പലയിടങ്ങളിലും ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക