|    Nov 13 Tue, 2018 9:19 pm
FLASH NEWS

പാടം നികത്തല്‍ തുടരുന്നു: എ സി കോളനി പട്ടയം നല്‍കല്‍ അനിശ്ചിതത്വത്തില്‍

Published : 3rd December 2015 | Posted By: SMR

എന്‍ പി അബ്ദുല്‍ അസീസ്

ചങ്ങനാശ്ശേരി: ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ ഇരുവശങ്ങളിലുള്ള കുട്ടനാടന്‍ പാടശേഖരങ്ങളുടെ വിവിധ ഭാഗങ്ങളിലും വീണ്ടും പാടം നികത്തല്‍ തകൃതിയായി നടക്കുമ്പോഴും ഈ പാതയോരത്ത് താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ക്ക് (എസി കോളനി) പട്ടയം നല്‍കാനുള്ള തീരുമാനങ്ങള്‍ എങ്ങുമെത്താതെ അനന്തമായി നീളുന്നു.
ഇതിനെതിരേ കോളനിവാസികള്‍ അധികാരികളെ കണ്ടെങ്കിലും പ്രശ്‌നം ഇപ്പോഴും തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നൂറുദിനകര്‍മ പരിപാടിയിലെങ്കിലും ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കുമെന്നു കോളനിവാസികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതും സാധിച്ചില്ല.
വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന കോളനിവാസികള്‍ പട്ടയത്തിനായി മുട്ടാത്ത വാതിലുകളും അതിനു വേണ്ടി ചേരാത്ത യോഗങ്ങളുമില്ല. ഓരോ യോഗങ്ങള്‍ കഴിയുമ്പോഴും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി അധികാരികള്‍ പിന്‍വാങ്ങുകയും ചെയ്യും. കേരളാ ഭൂമി പതിപ്പ് ചട്ടങ്ങളിലെ റൂള്‍ 11 പ്രകാരവും എസി കോളനിയുടെ കിടപ്പും അനുബന്ധ കാരണങ്ങളും പട്ടയം നല്‍കാനുള്ള സാധ്യത വളരെ കുറവാണെന്നാണു ബന്ധപ്പെട്ടവരില്‍ നിന്ന് അറിയുന്നത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന 104ഓളം കുടുംബങ്ങള്‍ക്കു പട്ടയം നല്‍കണമെന്നുള്ള ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. ഇവരില്‍ ചിലര്‍ക്ക് 1997ല്‍ കൈവശാവകാശ രേഖ കൊടുത്തിരുന്നെങ്കിലും അതുമാത്രം കൊണ്ട് സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താനോ കൈമാറ്റം ചെയ്യാനോ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം ചങ്ങനാശ്ശേരിയുടെ അതിര്‍ത്തി പ്രദേശമായ ഒന്നാം പാലം മുതല്‍ ആലപ്പുഴ വരെ പാതയോരത്ത് താമസിക്കുന്ന പലര്‍ക്കും ഇതിനോടകം പട്ടയം ലഭിക്കുകയും അതോടെ തങ്ങളുടെ വീടുകള്‍ പുതുക്കിപ്പണിയാനും മറ്റും അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. വര്‍ഷങ്ങളായി നടന്നു വരുന്ന താലൂക്ക് വികസന സമിതി യോഗങ്ങൡലും ഈ വിഷയം ഉയരുകയും ഏതാനും രണ്ടു വര്‍ഷം മുമ്പ് കുടിയ വികസന സമിതിയോഗം സ്ഥലം അളക്കാന്‍ സര്‍വേ വകുപ്പിനു നിര്‍ദേശവും നല്‍കി. കാലാവധിക്കുള്ളില്‍ അളവു പൂര്‍ത്തിയാക്കാന്‍ എംഎല്‍എ ഉള്‍പ്പെട്ട യോഗം ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അളക്കാന്‍ സര്‍വേയര്‍ ഇല്ലാ എന്ന കാരണത്താല്‍ അത് മുടങ്ങി. പിന്നീട് രാഷ്ട്രീയ തലത്തിലും മറ്റും പല സമ്മര്‍ദ്ദങ്ങളും എംഎല്‍എ ഉള്‍പ്പെടെ പലരും നടത്തിയെങ്കിലും ഒന്നും തീരുമാനമായില്ല.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ വടക്കു ഭാഗത്തായി പാതയ്ക്ക് ഒാരംചേര്‍ന്നുള്ള ഈ കോളനിയുടെ പുറകു ഭാഗത്തു കുടി ഒരു കനാല്‍ കടന്നു പോവുന്നുണ്ടെന്നും ഈ കനാലിനും റോഡിനും ഇടയിലെ പുറമ്പോക്കു ഭൂമിയിലാണ് ഇവര്‍ താമസിക്കുന്നതെന്നുമാണ് ബന്ധപ്പെട്ടവര്‍ വിശദീകരിക്കന്നത്. ഭാവിയില്‍ റോഡിന് വീതി കൂട്ടേണ്ടി വരുമ്പോള്‍ കോളനി തന്നെ ഇല്ലാതാവുമെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പട്ടയം നല്‍കണമെങ്കില്‍ പുതിയ നിയമനിര്‍മാണം തന്നെ സര്‍ക്കാര്‍ നടത്തണമെന്നും ഏതാനും വീട്ടുകാര്‍ക്കു മാത്രമായി അത്തരം നിയമ നിര്‍മാണം സാധ്യമാവുമോ എന്ന് പറയാനാവില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss