|    May 28 Sun, 2017 10:23 pm
FLASH NEWS

പാച്ചേനിയും അമൃതയും പ്രചാരണം തുടങ്ങി; അഴീക്കോട്ട് നികേഷിനു സിപിഎം ചിഹ്‌നം

Published : 5th April 2016 | Posted By: SMR

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂട് ഉയരുമ്പോള്‍ ജില്ലയിലെ രണ്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനിറങ്ങി. സ്ഥാനാര്‍ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയും കല്ല്യാശ്ശേരിയില്‍ ജനവിധി തേടുന്ന കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ അമൃത രാമകൃഷ്ണനുമാണ് പ്രചാരണം തുടങ്ങിയത്. ഇന്നലെ ഉച്ചയോടെ ഡിസിസി ഓഫിസിലെത്തിയ ഇരുവര്‍ക്കും ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രനും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. ഇതിനുശേഷം പ്രചാരണത്തിനു തുടക്കം കുറിച്ചു. കെ സുധാകരന്റെയും രമേശ് ചെന്നിത്തലയുടെയും ഇടപെടലിലൂടെയാണ് തന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതെന്നു സതീശന്‍ പാച്ചേനി പറഞ്ഞു.
നേരത്തേ എ ഗ്രൂപ്പുകാരനായിരുന്ന സതീശന്‍ പാച്ചേനി സീറ്റിനു വേണ്ടി ഐ ഗ്രൂപ്പിലേക്കു മാറിയതിനെതിരേ അമര്‍ഷം ഉയരുന്നുണ്ട്. അതേസമയം, തലശ്ശേരിയില്‍ മല്‍സരിക്കുന്ന എ പി അബ്ദുല്ലക്കുട്ടി മണ്ഡലത്തിലെത്തിയില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം പ്രചാരണത്തിനിറങ്ങാനാണു തീരുമാനം. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വ്യക്തത പോലും കൈവരാത്തതിനാല്‍ യുഡിഎഫ് ക്യാംപ് ഉണര്‍ന്നിട്ടില്ല. സിപിഎം മികച്ച മാര്‍ജിനില്‍ ജയിക്കുന്ന ഇരുമണ്ഡലങ്ങളിലും കോണ്‍ഗ്രസ്, കോണ്‍ഗ്രസ്(എം) പാര്‍ട്ടികളാണു മല്‍സരിക്കുക.
അതേസമയം, കനത്ത പോരാട്ടം പ്രതീക്ഷിക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന എം വി നികേഷ്‌കുമാറിനു സിപിഎം ചിഹ്നം നല്‍കാന്‍ സംസ്ഥാന കമ്മിറ്റിയില്‍ ധാരണയായി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന നികേഷിനു അരിവാള്‍ ചുറ്റിക നക്ഷത്രമല്ലാതെ മറ്റൊരു ചിഹ്‌നം നല്‍കുന്നത് പരമ്പരാഗത വോട്ടര്‍മാര്‍ക്കിടയില്‍ അവ്യക്തതയ്ക്കിടയാക്കുമെന്ന ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സിപിഎം ചിഹ്‌നം നല്‍കാന്‍ കാരണം. നികേഷ്‌കുമാര്‍ കൂടി ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചതോടെയാണ് ഔദ്യോഗിക ചിഹ്‌നത്തില്‍ തന്നെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്. അഴീക്കോട് മണ്ഡലത്തില്‍ ഇതുവരെ സിപിഎം അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്‌നത്തിലായിരുന്നു മല്‍സരിച്ചത്. എം വി രാഘവന്‍ സിപിഎം വിട്ട് സിഎംപി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്ന് മല്‍സരിച്ചപ്പോഴും കഴിഞ്ഞ തവണയും മാത്രമാണ് മണ്ഡലം സിപിഎമ്മിനെ കൈവിട്ടത്.
എന്നാല്‍ ഇക്കുറി പൊതുസ്വതന്ത്രനെന്ന രീതിയില്‍ മാധ്യമപ്രവര്‍ത്തകനായ നികേഷിനെ രംഗത്തിറക്കി വന്‍ പ്രചാരണത്തിലാണ് ഇടതുക്യാംപ്. നേരിയ വോട്ടുകള്‍ക്ക് യുഡിഎഫ് ജയിച്ച മണ്ഡലത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാറിനെ തന്നെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വോട്ട് നേടിയ എസ്ഡിപിഐ ഇക്കുറിയും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. മണ്ഡലം കണ്‍വന്‍ഷനുകള്‍ക്കു ശേഷം വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ് അബ്ദുല്‍ ജബ്ബാര്‍. ബിജെപിക്കു വേണ്ടി ജില്ലാ വൈസ് പ്രസിഡന്റ് കേശവനാണു ജനവിധി തേടുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുന്‍ ജില്ലാ പ്രസിഡന്റ് ജോസഫ് ജോണാണ് മല്‍സരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day