|    Nov 17 Sat, 2018 11:07 pm
FLASH NEWS

പാചക വാതകം: ബില്‍ തുക മാത്രമെ നല്‍കേണ്ടതുള്ളു

Published : 20th February 2018 | Posted By: kasim kzm

പാലക്കാട്: പാചക വാതകം വാങ്ങിയ ശേഷം ഏജന്‍സി ലഭ്യമാക്കുന്ന ബില്ലിലെ തുക മാത്രമേ ഉപഭോക്താക്കള്‍ നല്‍കേണ്ടതുള്ളുവെന്ന് എല്‍പിജി ഓപണ്‍ ഫോറം അറിയിച്ചു. ബില്‍ തുകയേക്കാള്‍ കൂടുതല്‍ വിതരണക്കാര്‍ക്ക് നല്‍കേണ്ടതില്ല. ട്രാന്‍സ്—പോര്‍ട്ടേഷന്‍ ചാര്‍ജ് ഉള്‍പ്പെടെയുള്ള വ്യക്തമായ വിവരങ്ങള്‍ ബില്ലില്‍ അടങ്ങിയിരിക്കും. ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണില്‍ നിന്ന് ഉപഭോക്താവിന്റെ വീട് വരെയുള്ള ദൂരം ഈടാക്കിയാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഈടാക്കുക. ഗോഡൗണില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂര പരിധിയില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഈടാക്കില്ല. അഞ്ച് കിലോമീറ്റര്‍ മുതല്‍ 12 കിലോമീറ്റര്‍ വരെ 24, 12-20 കിലോമീറ്റര്‍ വരെ 29രൂപ, 20നും അതിന് മേല്‍  കിലോമീറ്ററില്‍ വരുന്ന ദൂര പരിധിയില്‍ 34രൂപയുമാണ് ഈടാക്കുന്നത്. 2011ലെ ഓപണ്‍ഫോറത്തിലുണ്ടായ തീരുമാനപ്രകാരമാണ് ഗ്യാസ് വിതരണക്കാര്‍ തുക ഈടാക്കുന്നത്.
ഗ്യാസ് സിലിണ്ടര്‍ സബ്‌സിഡി ഇനത്തില്‍ ലഭ്യമാകാനുള്ള തുക ആധാര്‍ അവസാനമായി ലിങ്ക് ചെയ്ത് ഇടപാടുകള്‍ നടത്തുന്ന ബാങ്ക് അക്കൗണ്ടിലേക്കാവും എത്തുക. മൊബൈല്‍ ഫോണില്‍ *99*99 എന്ന് ഡയല്‍ ചെയ്യുക വഴി ആധാര്‍ ലിങ്ക് സംബന്ധിച്ച സ്ഥിതി വിവരങ്ങള്‍ ഉപഭോക്താവിന് ലഭ്യമാവുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ബാങ്കുകളില്‍ ലഭ്യമാവുന്ന ഉപഭോക്താക്കളുടെ വിവരം ബാങ്ക് അധികൃതര്‍ നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷനുമായി ബന്ധപ്പെടുത്തുക വഴിയാണ് ആധാര്‍ ലിങ്കിങ് പൂര്‍ണമാകുക. ഗ്യാസ് സിലിണ്ടര്‍-സ്റ്റൗവ് രക്ഷാ പരിശോധനകള്‍ക്കായി വീടുകളില്‍ എത്തുന്നവരുടെ കൈവശം ഗ്യാസ് എജന്‍സിയുടെ തിരിച്ചറിയല്‍ കാര്‍ഡും കമ്പനിയുടെ കത്തും ഉണ്ടോ എന്നുള്ളത് ഉപഭോക്താക്കള്‍ പരിശോധിക്കേണ്ടതുണ്ട്.
ഉപഭോക്താവ് മഞ്ഞനിറത്തിലുള്ള ഗ്യാസ് ട്യൂബുകളാണോ ഉപയോഗിക്കുന്നത് എന്നതില്‍ പരിശോധനയില്‍ വ്യക്തത വരുത്തും. ഗ്യാസ് ട്യൂബ് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാണോ എന്നത് സംബന്ധിച്ചും വാല്‍വുകളും സ്റ്റൗവും പരിശോധനാ വിധേയമാക്കും. ട്യൂബിന്റെ രണ്ടറ്റവും റെഗുലേറ്ററും പരിശോധിച്ച് ഉപഭോക്താവിന് ആവശ്യം വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയാവും പരിശോധിക്കാനെത്തുന്നയാള്‍ മടങ്ങുക. മാറ്റി വയ്‌ക്കേണ്ട ഉപകരണങ്ങള്‍ ഉപഭോക്താവ് ബന്ധപ്പെടുന്ന പക്ഷം ഏജന്‍സി നല്‍കും. ഏതെങ്കിലും തരത്തിലുളള ഗ്യാസ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടാല്‍ എല്‍പിജി ലിങ്കേജ് നമ്പറായ 1906ല്‍ വിളിക്കാം.  പുതുതായി നിര്‍മിച്ച ശേഷം 10 വര്‍ഷത്തോളം ഒരു ഗ്യാസ് സിലിണ്ടറിന് പരിശോധന ആവശ്യമില്ലെന്ന് ഭാരത്—പെട്രോളിയം കോര്‍പറേഷന്‍ സെയില്‍സ് ഓഫിസര്‍ എന്‍  പി അരവിന്ദാക്ഷന്‍ വ്യക്തമാക്കി.
ജില്ലയിലെ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനും ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത, ഗ്യാസ് വിതരണം സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുക ലക്ഷ്യമിട്ട് കലക്ടറേറ്റ് സമ്മേളനഹാളിലാണ്  ഓപണ്‍ ഫോറം ചേര്‍ന്നത്.  എഡിഎം ഇന്‍ ചാര്‍ജ് പി കാവേരിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ ആര്‍  അനില്‍രാജ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സെയില്‍സ് ഓഫിസര്‍  മലര്‍മിഴി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് സെയില്‍സ് ഓഫിസര്‍ സിനില്‍ കെ മാരി സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss