|    Nov 24 Fri, 2017 6:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു – തീരുമാനം പിന്‍വലിക്കണം : സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, ഇടതുപക്ഷ എംപിമാര്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം രൂക്ഷമായതോടെ രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു. സഭാ ചട്ടം 267 പ്രകാരം വിഷയം ചര്‍ച്ചചെയ്യാന്‍ നോട്ടീസ് നല്‍കിയ തൃണമൂല്‍ അംഗം ഡെറിക് ഒബിയനാണ് രാജ്യസഭയില്‍ വിഷയം ഉന്നയിച്ചത്. സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും തീരുമാനം എത്രയും പെട്ടെന്നു പിന്‍വലിക്കണമെന്നും സിപിഎം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.ജനങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് സിപിഎം അംഗം തപന്‍ സെന്‍ പറഞ്ഞു. സര്‍ക്കാരിന് ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് എസ്പി അംഗം നരേഷ് അഗര്‍വാള്‍ പ്രതികരിച്ചു. ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി സംസാരിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എംപി സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. തീരുമാനത്തില്‍ സര്‍ക്കാരിന് സുതാര്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന സബ്‌സിഡി പിന്‍വലിക്കല്‍ തീരുമാനം രഹസ്യമായി സൂക്ഷിച്ച സര്‍ക്കാര്‍ നിലപാട് ന്യായീകരിക്കാവുന്നതല്ല. ജനക്ഷേമ പദ്ധതികള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. എന്നാല്‍ അവ നിര്‍ത്തലാക്കുന്ന ജനേദ്രാഹ നടപടി രഹസ്യമായി നടപ്പാക്കുന്നു എന്നതാണു തീരുമാനത്തിലൂടെ വ്യക്തമായത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ രണ്ടരക്കോടി ജനങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കി. കുറഞ്ഞ വിലയില്‍ ഗ്യാസ് ലഭിക്കുമെന്നു വാഗ്ദാനം നല്‍കി കണക്ഷന്‍ എടുപ്പിച്ചതിനു ശേഷം സബ്‌സിഡി പിന്‍വലിക്കുവാന്‍ നടപടി സ്വീകരിച്ച സമീപനം വഞ്ചനാപരമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി  കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക