|    Jul 19 Thu, 2018 9:42 am
FLASH NEWS
Home   >  Editpage  >  Editorial  >  

പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കല്‍ ജനദ്രോഹം

Published : 2nd August 2017 | Posted By: fsq

 

അടുത്ത വര്‍ഷം മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനദ്രോഹപരമാണെന്നു പറയാതെ വയ്യ. സബ്‌സിഡി പൂര്‍ണമായും നിര്‍ത്താനുള്ള ആദ്യ ഉത്തരവില്‍ നിന്നു പിന്‍വാങ്ങി പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതിപ്രകാരം പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി തുടര്‍ന്നു നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. സബ്‌സിഡി ആനുകൂല്യം ലഭിക്കുന്ന 18.11 കോടി ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്.സബ്‌സിഡി പൂര്‍ണമായി നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയായി സിലിണ്ടറിന് പ്രതിമാസം 4 രൂപ വീതം വര്‍ധിപ്പിക്കാനും എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഗാര്‍ഹികാവശ്യത്തിനു വിതരണം ചെയ്യുന്ന 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് പ്രതിമാസം രണ്ടു രൂപ വീതം വര്‍ധിപ്പിച്ച് സബ്‌സിഡി ചുരുക്കിക്കൊണ്ടുവരുക എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. കഴിഞ്ഞ കൊല്ലം ജൂലൈ മുതല്‍ നടപ്പാക്കിവന്ന ഈ വര്‍ധനയാണ് ഇപ്പോള്‍ ഇരട്ടിയാക്കിയിരിക്കുന്നത്.സബ്‌സിഡികളും നികുതിയിളവുകളും പലിശ ഇളവുകളും മറ്റ് ആനുകൂല്യങ്ങളും പൗരന്മാര്‍ക്കു ലഭ്യമാക്കുകയെന്നത് ഒരു ജനക്ഷേമ ഭരണകൂടത്തിന്റെ ബാധ്യതയാണ്. കര്‍ഷകര്‍ക്കും പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കുമെല്ലാം ഇത്തരം ആനുകൂല്യങ്ങളുടെ പിന്‍ബലം കൂടിയേ തീരൂ. എന്നാല്‍, 90കളുടെ തുടക്കത്തില്‍ രാജ്യത്തു നടപ്പാക്കിത്തുടങ്ങിയ നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തില്‍ സബ്‌സിഡികളും ക്ഷേമപദ്ധതികളും പടിപടിയായി നിര്‍ത്തലാക്കാന്‍ തുടങ്ങിയിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത്തരം നടപടികള്‍ക്ക് ആക്കംകൂടിയെന്നു മാത്രം. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായിരുന്ന നരസിംഹറാവുവിന്റെയും ഡോ. മന്‍മോഹന്‍ സിങിന്റെയും സര്‍ക്കാരുകളും ഈ ദിശയില്‍ തന്നെയായിരുന്നു. അപ്പോള്‍ പോലും യുപിഎ സര്‍ക്കാര്‍ ജനക്ഷേമകരമായ ചില പദ്ധതികള്‍ക്ക് തുടക്കമിടുകയും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികച്ച ഉദാഹരണമാണ്.മുതലാളിത്ത വികസനത്തിന്റെയും കോര്‍പറേറ്റ് പ്രീണനത്തിന്റെയും കറകളഞ്ഞ വക്താവാണ് നരേന്ദ്രമോദി എന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചും ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ടും നോട്ട് നിരോധനം അടിച്ചേല്‍പ്പിച്ചും സാധാരണ പൗരന്മാരുടെ ദുരിതങ്ങള്‍ വര്‍ധിപ്പിക്കുന്ന നയങ്ങളാണ് മോദി സര്‍ക്കാര്‍ നിരന്തരം അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വായ്പാ കെണിയില്‍ കുരുങ്ങി കര്‍ഷകരും സാധാരണക്കാരും ആത്മഹത്യയില്‍ അഭയംതേടുന്ന വാര്‍ത്തകള്‍ ദിനേന വന്നുകൊണ്ടിരിക്കുമ്പോഴാണ് വന്‍കിടക്കാര്‍ക്ക് വായ്പകളിലും നികുതികളിലും വന്‍തോതില്‍ ഇളവ് അനുവദിക്കുന്നത്. കള്ളപ്പണക്കാരുടെ കഴുത്തിനു പിടിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെന്നു മാത്രമല്ല, കള്ളപ്പണവേട്ടയിലും കള്ളനോട്ട് നിര്‍മാണത്തിലുമെല്ലാം ഭരണകക്ഷിയായ ബിജെപിയുടെ നേതാക്കളടക്കം പ്രതിസ്ഥാനത്തു വരുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss