|    Feb 25 Sat, 2017 5:42 pm
FLASH NEWS

പാങ്ങോട് ബാങ്ക് കവര്‍ച്ച: കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: പാങ്ങോട് ബാങ്ക് കവര്‍ച്ചക്കേസിലെയും പത്തനംതിട്ട കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിലെ താഴികക്കുടം മോഷ്ടിച്ച കേസിലെയും മുഖ്യപ്രതി അറസ്റ്റില്‍. പാറശാല ചെറുവാരക്കോണത്തു മേലതില്‍ വീട്ടില്‍ അജി, ബിജു എന്നീ പേരുകളില്‍ അറിയപ്പെടുന്ന മെറിന്‍ സ്വീറ്റി (40)നെയാണു പൂജപ്പുര പോലിസ് അറസ്റ്റ് ചെയ്തത്. കളിയിക്കാവിളയിലെ ഒളിസങ്കേതത്തില്‍ നിന്നാണു സിറ്റി ഷാഡോ പോലിസ് ഇയാളെ പിടികൂടിയത്.ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിലെ സ്വര്‍ണ താഴികക്കുടം മോഷണം. അജിയുടെ നേതൃത്വത്തിലുളള അഞ്ചംഗ സംഘം ക്ഷേത്രത്തിലെ അന്തേവാസിയായ ഗോപാലപിള്ളയെ കൊലപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖര പിള്ളയെ ആക്രമിച്ച് വായില്‍ തുണി തിരുകിക്കയറ്റി തൂണില്‍ കെട്ടിയിട്ട ശേഷം ക്ഷേത്രത്തിലെ ശ്രീകോവിലിനു മുകളില്‍ സ്ഥാപിച്ചിരുന്ന നാലു കിലോയോളം തൂക്കം വരുന്ന സ്വര്‍ണ താഴികക്കുടം മോഷ്ടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാളുടെ നേതൃത്വത്തില്‍ പാങ്ങോട് സഹകരണ സംഘം ബാങ്കിലെ ലോക്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചു 300 പവനും ഒന്നേകാല്‍ ലക്ഷം രൂപയും കവരുകയായിരുന്നു. ഈ കുറ്റകൃത്യങ്ങള്‍ക്കു ശേഷം ഒളിവിലായിരുന്ന ഇയാളെ നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണു സിറ്റി ഷാഡോ പോലിസ് പിടികൂടുന്നത്.അജിയെ പിടികൂടുന്നതിനായി തെക്കന്‍ കേരളത്തിലെ മുഴുവന്‍ പോലിസും ശ്രമം നടത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും ബന്ധുക്കളുമായി യാതൊരുതരത്തിലും ബന്ധപ്പെടാതെയും സമര്‍ഥമായാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ദക്ഷിണ മേഖല എഡിജിപി സന്ധ്യ, ഐജി മനോജ് എബ്രഹാം എന്നിവരുടെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം എസി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ സിറ്റി ഷാഡോ പോലിസിലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്.പ്രതിയെ ചോദ്യംചെയ്തതില്‍ പാറശാല ചെറുവാരക്കോണം സര്‍വീസ് സഹകരണ ബാങ്ക് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു മോഷണം നടത്തിയത് ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണെന്നു സമ്മതിച്ചിട്ടുണ്ട്. മുമ്പ് ഇയാളും സംഘവും ബാലരാമപുരം ടാക്‌സി സ്റ്റാന്റില്‍ നിന്നു കാര്‍ വാടകയ്ക്കു വിളിച്ച് പത്തനംതിട്ട കോഴഞ്ചേരി ഭാഗത്തു കൊണ്ടുപോയി ഡ്രൈവറെ കണ്ണുകെട്ടി മര്‍ദിച്ച് അവശനാക്കി കാര്‍ തട്ടിയെടുത്ത കേസടക്കം കൊലപാതകശ്രമം, മാല പിടിച്ചുപറി, വാഹനമോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡിസിപി ശിവവിക്രം, എസിമാരായ സുരേഷ് കുമാര്‍, കെ ഇ ബൈജു, മ്യൂസിയം സിഐ അനില്‍ കുമാര്‍, ക്രൈം സ്‌ക്വാഡ് എസ്‌ഐ സുനില്‍ലാല്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ യശോധരന്‍, അരുണ്‍കുമാര്‍, സാബു, ഹരിലാല്‍, സജി ശ്രീകാന്ത്, രഞ്ജിത്, അജിത്, വിനോദ്, പ്രദീപ്, അതുന്‍ എന്നിവരാണു പ്രതിയെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക